ലണ്ടന്‍: ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന്റെ പുതിയ ശമ്പള-സേവന വ്യവസ്ഥാ കരാര്‍ അംഗീകരിച്ചതോടെ മൂന്ന് വര്‍ഷത്തോളമായി തുടരുന്ന സമരങ്ങള്‍ക്ക് അവസാനമാകുന്നു. ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന് നടത്തിയ അംഗത്വ വോട്ടെടുപ്പില്‍ 53 ശതമാനം ഡോക്ടര്‍മാര്‍ കരാറിനെ അനുകൂലിച്ചതോടെയാണ് തീരുമാനം. വോട്ടെടുപ്പില്‍ 57 ശതമാനമായിരുന്നു പോളിങ്. ആകെ 32,932 ഡോക്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. കരാര്‍ പ്രകാരം ഈ വര്‍ഷം 3.5 ശതമാനം ശമ്പളവര്‍ധന ലഭിക്കും. 2026 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധന നടപ്പാക്കും. ഇതോടെ ശരാശരി 4.9 ശതമാനം വേതനവര്‍ധന ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2027 ഏപ്രിലോടെ വേതനവര്‍ധന ശരാശരി 6.6 ശതമാനമായി ഉയരുമെന്നും തുടര്‍ന്ന് സ്വതന്ത്ര ശമ്പള അവലോകന സമിതിയുടെ ശുപാര്‍ശപ്രകാരമുള്ള വര്‍ധനയും ലഭിക്കുമെന്നും ബിഎംഎ വ്യക്തമാക്കി.
പുതിയ ശമ്പളക്രമത്തില് പരിശീലനം ആരംഭിക്കുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ അടിസ്ഥാന വാര്‍ഷിക ശമ്പളം 40,000 പൗണ്ടിന് മുകളിലാകും. ഏറ്റവും മുതിര്‍ന്ന റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 76,500 പൗണ്ട് വരെ അടിസ്ഥാന ശമ്പളം ലഭിക്കും. രാത്രികാല ഡ്യൂട്ടി, അധിക ജോലി സമയം, അവധി ദിവസങ്ങളിലെ സേവനം എന്നിവയ്ക്കുള്ള അലവന്‍സുകള്‍ ഇതിന് പുറമെയായിരിക്കും. ശമ്പളവര്‍ധനയ്ക്കൊപ്പം പുതുതായി യോഗ്യത നേടുന്ന ഡോക്ടര്‍മാര്‍ക്കായി 4,500 അധിക പരിശീലന തസ്തികകള്‍ സൃഷ്ടിക്കാനും ധാരണയായി. റോയല്‍ കോളജ് പരീക്ഷാ ഫീസ് ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും കരാറില്‍ പറയുന്നു. കരിയര്‍ പുരോഗതി വേഗത്തിലാക്കാനുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമരങ്ങള്‍ നേരത്തെ തന്നെ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് ബിഎംഎ റസിഡന്റ് ഡോക്ടേഴ്സ് കമ്മിറ്റിയുടെ ചെയര്മാന് ഡോ. ജാക്ക് ഫ്ലെച്ചര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങളും മെച്ചപ്പെട്ട ശമ്പളവും ലഭിക്കുന്നതോടൊപ്പം എന്‍എച്ച്എസിനും രോഗികള്‍ക്കും ഗുണകരമായ ധാരണയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തിന് അവസാനമാകുന്നത് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും എന്‍എച്ച്എസിനും ഒരുപോലെ ആശ്വാസകരമാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെയിംസ് മുറെ പ്രതികരിച്ചു. 2023 മുതല്‍ നടന്ന സമരങ്ങളെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ലക്ഷക്കണക്കിന് ആശുപത്രി ചികിത്സകളും ശസ്ത്രക്രിയകളും മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. പുതിയ കരാറോടെ ആരോഗ്യസേവനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.