Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യുകെയിലുള്ള അമ്മയ്ക്ക് മകന്റെ കസ്റ്റഡി; കുടുംബക്കോടതിയുടെ കനത്ത സാമ്പത്തിക ഉപാധികള്‍ ഹൈക്കോടതി റദ്ദാക്കി
reporter

ലണ്ടന്‍/കൊച്ചി: യുകെയില്‍ ജോലി ചെയ്യുന്ന അമ്മയ്ക്ക് എട്ടുവയസ്സുകാരനായ മകനെ വിട്ടുകിട്ടാന്‍ കേരളത്തിലെ കുടുംബക്കോടതി ചുമത്തിയ കനത്ത സാമ്പത്തിക ഉപാധികള്‍ കേരള ഹൈക്കോടതി റദ്ദാക്കി. 75 ലക്ഷം രൂപയുടെ സെക്യൂരിറ്റിയും അമ്മയും രണ്ട് ജാമ്യക്കാരും ചേര്‍ന്ന് 7.5 ലക്ഷം രൂപയുടെ ബോണ്ട് നല്‍കണമെന്ന വ്യവസ്ഥയുമാണ് ഹൈക്കോടതി ഒഴിവാക്കിയത്. ജസ്റ്റിസ് ജെ. നിഷ ബാനുവും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞു താമസിക്കുന്ന ദമ്പതികളുടെ എട്ടുവയസ്സുകാരനായ മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. യുകെയില്‍ കുട്ടിക്ക് മികച്ച വിദ്യാഭ്യാസവും പരിചരണവും ഉറപ്പാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി അമ്മ നല്‍കിയ അപേക്ഷ കുടുംബക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍, കസ്റ്റഡി അനുവദിച്ചത് കനത്ത സാമ്പത്തിക ഉപാധികള്‍ ഉള്‍പ്പെടെയുള്ള നിബന്ധനകളോടെയായിരുന്നു.

ഈ വ്യവസ്ഥകള്‍ പ്രായോഗികമല്ലെന്നും പാലിക്കാന്‍ അതീവ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിയുടെ പിതാവിന്റെ ഹര്‍ജി കുടുംബക്കോടതിയില്‍ തുടരുകയാണ്. കുട്ടിയുടെ ക്ഷേമത്തിനാണ് കസ്റ്റഡി സംബന്ധിച്ച എല്ലാ കേസുകളിലും പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയെ ആവശ്യമായ ഘട്ടത്തില്‍ തിരിച്ചെത്തിക്കുന്നത് ഉറപ്പാക്കാനാണ് ഇത്തരം നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതെങ്കിലും അവ യാഥാര്‍ഥ്യബോധമുള്ളതും നടപ്പാക്കാന്‍ കഴിയുന്നതുമായിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. സാങ്കല്‍പികവും അപ്രായോഗികവുമായ വ്യവസ്ഥകള്‍ ചുമത്തി കുട്ടിക്ക് ലഭിക്കാവുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരം നഷ്ടപ്പെടുത്താന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, കുടുംബക്കോടതി നിര്‍ദേശിച്ച മറ്റ് നിബന്ധനകളുടെ കാര്യത്തില്‍ ഹര്‍ജിക്കാരിയായ അമ്മ രേഖാമൂലം ഉറപ്പ് നല്‍കുകയും അവ കൃത്യമായി പാലിക്കുകയും വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

 
Other News in this category

 
 




 
Close Window