ലണ്ടന്‍: യുകെയില്‍ സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ പൊതുനിരത്തുകളിലും നടപ്പാതകളിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കെ, അവയെ യാത്രാവശ്യങ്ങള്‍ക്ക് അനുയോജ്യമെന്ന രീതിയില്‍ വിപണനം ചെയ്തതായി റിപ്പോര്‍ട്ട്. ആമസോണ്‍, ആര്‍ഗോസ്, കറീസ് ഉള്‍പ്പെടെയുള്ള പ്രമുഖ റീട്ടെയില്‍ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലാണ് ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് പ്രസ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. യുകെയില്‍ നിലവില്‍ സര്‍ക്കാര്‍ അംഗീകൃത വാടക ഇ-സ്‌കൂട്ടറുകള്‍ക്ക് മാത്രമാണ് പൊതുനിരത്തുകളിലും സൈക്കിള്‍ പാതകളിലും സഞ്ചരിക്കാന്‍ അനുമതിയുള്ളത്. സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ ഭൂവുടമയുടെ അനുമതിയോടെ സ്വകാര്യ സ്ഥലങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ. എന്നാല്‍ ചില പരസ്യങ്ങളില്‍ ഇവ നഗരയാത്രയ്ക്കും കമ്മ്യൂട്ടിങ്ങിനും അനുയോജ്യമാണെന്ന തരത്തിലുള്ള വിവരണങ്ങളാണ് നല്‍കിയിരുന്നതെന്ന് അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രമുഖ കമ്പനികള്‍ അവരുടെ വെബ്സൈറ്റുകളിലെ ഉല്‍പ്പന്ന വിവരണങ്ങള്‍ തിരുത്തി. ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പുകളും പിന്നീട് ചേര്‍ത്തിട്ടുണ്ട്. അതേസമയം, നിരവധി ചെറുകിട വ്യാപാരികള്‍ ഇപ്പോഴും സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ നഗരയാത്രയ്ക്കും ദൈനംദിന യാത്രകള്‍ക്കും അനുയോജ്യമാണെന്ന രീതിയില്‍ വിപണനം ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ-സ്‌കൂട്ടറുകളുടെ നിയമപരമായ ഉപയോഗത്തെക്കുറിച്ച് പരസ്യങ്ങളില്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കണമെന്ന് അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയാലും പൊതുസ്ഥലങ്ങളില്‍ എവിടെയും ഉപയോഗിക്കാമെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ അനുവദിക്കാനാകില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ പൊതുനിരത്തുകളില്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നവര്‍ക്ക് പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റുകളും ലഭിക്കാം. 2025-ല്‍ ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ 10 പേര്‍ മരിക്കുകയും 485 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏകദേശം 12 ലക്ഷം സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗത്തിലുണ്ടെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍. ഇ-സ്‌കൂട്ടറുകളുടെ സുരക്ഷിത ഉപയോഗവും നിയമപരമായ ചട്ടക്കൂടും സംബന്ധിച്ച് വ്യക്തമായ നിയമനിര്‍മാണം വേണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.