Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.421 INR  1 EURO=109.1227 INR
ukmalayalampathram.com
Fri 03rd Jul 2026
 
 
UK Special
  Add your Comment comment
കീ സ്റ്റേജ് 2 സാറ്റ്‌സ് ഫലപ്രഖ്യാപനം വൈകും; സാങ്കേതിക തകരാറില്‍ ക്ഷമാപണം നടത്തി പിയേഴ്‌സണ്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ എഴുതിയ കീ സ്റ്റേജ് 2 സാറ്റ്‌സ് പരീക്ഷയുടെ ഫലപ്രഖ്യാപനം ഒരാഴ്ചയിലേറെ വൈകും. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജൂലൈ 7-ന് പ്രസിദ്ധീകരിക്കാനിരുന്ന ഫലം ജൂലൈ 16-ലേക്ക് മാറ്റിയതായി പരീക്ഷാ ബോര്‍ഡായ പിയേഴ്‌സണ്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും സ്‌കൂളുകളോടും പിയേഴ്‌സണ്‍ നിരുപാധികം ക്ഷമാപണം നടത്തി. അതേസമയം, ജിസിഎസ്ഇ, എ-ലെവല്‍ ഉള്‍പ്പെടെയുള്ള മറ്റു പൊതുപരീക്ഷകളുടെ ഫലപ്രഖ്യാപനത്തെ ഈ പ്രശ്‌നം ബാധിക്കില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ഫലപ്രഖ്യാപനം വൈകിയത് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കിയെന്ന് നാഷനല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് വിമര്‍ശിച്ചു. ഫലങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് വ്യക്തമായ ഉറപ്പ് നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. പരീക്ഷാനടത്തിപ്പില്‍ സ്‌കൂളുകള്‍ ചെറിയ പിഴവുകള്‍ക്കുപോലും കടുത്ത ഉത്തരവാദിത്വം വഹിക്കേണ്ടിവരുമ്പോള്‍, പരീക്ഷാ ബോര്‍ഡിനും അതേ മാനദണ്ഡം ബാധകമാകണമെന്നും സംഘടന ചൂണ്ടിക്കാട്ടി.

ഫലം വൈകുന്നത് അങ്ങേയറ്റം നിരാശാജനകമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ പ്രതികരിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. സംഭവം പൂര്‍ണമായും കെടുകാര്യസ്ഥതയുടെ ഉദാഹരണമാണെന്ന് സ്‌കൂള്‍ ആന്‍ഡ് കോളജ് ലീഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പെപെ ഡി വിമര്‍ശിച്ചു. ഫലം വൈകുന്നതോടെ വര്‍ഷാവസാന മൂല്യനിര്‍ണയ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അധ്യാപകര്‍ക്ക് അവധിക്കാലത്തും ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഡേഡ്‌സ് ആന്‍ഡ് ടെസ്റ്റിങ് ഏജന്‍സിയുടെ കരാര്‍ ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് പിയേഴ്‌സണ്‍ കീ സ്റ്റേജ് 2 പരീക്ഷകളുടെ നടത്തിപ്പും മൂല്യനിര്‍ണയവും കൈകാര്യം ചെയ്യുന്നത്. ഇതിനിടെയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. തകരാറുകള്‍ കാരണം പലതവണ സമയപരിധി നീട്ടേണ്ടിവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ചോദ്യത്തിന് നല്‍കിയ മാര്‍ക്ക് മറ്റൊരു ചോദ്യത്തിലേക്ക് തെറ്റായി രേഖപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടതായും ഇതുമൂലം മൂല്യനിര്‍ണയത്തിന്റെ കൃത്യതയെക്കുറിച്ച് ആശങ്ക ഉയര്‍ന്നതായും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും കൃത്യവും സമ്പൂര്‍ണവുമായ ഫലങ്ങള്‍ നല്‍കുക എന്നതാണ് മുന്‍ഗണനയെന്ന് പിയേഴ്‌സണ്‍ വ്യക്തമാക്കി. ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംഘങ്ങള്‍ രാവും പകലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ബോര്‍ഡ് അറിയിച്ചു.

 
Other News in this category

 
 




 
Close Window