ലണ്ടന്‍: മെക്‌സിക്കോയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരം കണക്കിലെടുത്ത് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണി വരെ പബുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ പൊലീസ് രംഗത്ത്. തീരുമാനം വളരെ വൈകിയാണ് പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി നാഷനല്‍ പൊലീസ് ചീഫ്‌സ് കൗണ്‍സില്‍ (എന്‍പിസിസി) വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാരിന്റെ അപ്രതീക്ഷിത തീരുമാനത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്ക് അധികസമയം ജോലി ചെയ്യേണ്ടിവരുമെന്നും മറ്റു പ്രധാന ചുമതലകളില്‍ നിന്ന് ഉദ്യോഗസ്ഥരെ മാറ്റിനിയോഗിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും എന്‍പിസിസി വ്യക്തമാക്കി. മത്സരദിനത്തില്‍ ആരാധകര്‍ മദ്യപാനം നിയന്ത്രിക്കണമെന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു. അതേസമയം, പബുകളുടെ പ്രവര്‍ത്തനസമയം നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഹോസ്പിറ്റാലിറ്റി മേഖല സ്വാഗതം ചെയ്തു. ഗ്രീന്‍ കിങ് ശൃംഖലയിലെ 600ലധികം പബുകളും മാര്‍സ്റ്റണ്‍സിന്റെ 400ലധികം പബുകളും മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നതിനായി തുറന്ന് പ്രവര്‍ത്തിക്കും.
എന്നാല്‍ ജീവനക്കാരുടെ കുറവ്, അധിക പ്രവര്‍ത്തനച്ചെലവ്, സമീപവാസികള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ ചൂണ്ടിക്കാട്ടി ചില പബ് ഉടമകള്‍ തുറക്കില്ലെന്ന് അറിയിച്ചു. 800ലധികം പബുകളുള്ള വെതര്‍സ്പൂണ്‍സ് ശൃംഖലയില്‍ അഞ്ച് പബുകള്‍ മാത്രമാണ് മത്സരം കണക്കിലെടുത്ത് പ്രവര്‍ത്തിക്കുക. രാത്രി വൈകി ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാരുടെ സുരക്ഷയും തൊഴില്‍ അവകാശങ്ങളും സംരക്ഷിക്കണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. വളരെ കുറഞ്ഞ നോട്ടീസില്‍ ജീവനക്കാരോട് അധികസമയം ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് കുടുംബകാര്യങ്ങളും യാത്രാസൗകര്യങ്ങളും ക്രമീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. മദ്യലഹരിയിലുള്ള ഉപഭോക്താക്കളെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വര്‍ധിക്കാനിടയുണ്ടെന്നും ഇത് ജീവനക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനോ വൈകി ഓഫിസിലെത്താനോ തൊഴിലുടമകള്‍ ഇളവ് നല്‍കണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു.
ഇതിനിടെ, കുട്ടികളെ ഇംഗ്ലണ്ടിന്റെ മത്സരം കാണാന്‍ അനുവദിക്കണമെന്ന് ദേശീയ ടീം പരിശീലകന്‍ തോമസ് ടൂഷല്‍ അഭിപ്രായപ്പെട്ടപ്പോള്‍, സ്‌കൂള്‍ ഹാജര്‍ നിര്‍ബന്ധമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഓര്‍മിപ്പിച്ചു. മത്സരം കണ്ടശേഷം മതിയായ വിശ്രമവും ശരീരത്തില്‍ ആവശ്യമായ ജലാംശവും ഉറപ്പാക്കിയ ശേഷമേ വാഹനമോടിക്കാവൂവെന്ന് ബ്രിട്ടീഷ് മോട്ടോറിങ് സംഘടനയായ ആര്‍എസി മുന്നറിയിപ്പ് നല്‍കി. ഉറക്കക്കുറവും മദ്യപാനവും ഒരുമിച്ചാല്‍ വാഹനാപകട സാധ്യത ഗണ്യമായി ഉയരുമെന്നും സംഘടന വ്യക്തമാക്കി.