ലണ്ടന്‍: ദിവസവും 30 മിനിറ്റ് നടക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട്. അടുത്ത വര്‍ഷം 'മാരത്തണ്‍ എ മന്ത്' എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ ശാരീരിക പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ദിവസവും അരമണിക്കൂര്‍ വീതം നടന്നാല്‍ ഒരു മാസത്തിനിടെ ഏകദേശം 42 കിലോമീറ്റര്‍ അഥവാ 26 മൈല്‍ പിന്നിടാനാകും. ഒരു മാരത്തണിന്റെ ദൂരത്തിന് സമാനമാണിത്. മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തം രേഖപ്പെടുത്തുന്നവര്‍ക്ക് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വിവിധ സമ്മാനങ്ങള്‍, വൗച്ചറുകള്‍, ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
ഒളിംപിക് മെഡല്‍ ജേതാവും ഗ്രേറ്റ് നോര്‍ത്ത് റണ്‍ സ്ഥാപകനുമായ സര്‍ ബ്രെന്‍ഡന്‍ ഫോസ്റ്ററുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌നാപ്ചാറ്റ്, ഡുവോളിംഗോ തുടങ്ങിയ ആപ്പുകളില്‍ ഉപയോഗിക്കുന്ന 'സ്ട്രീക്ക്' മാതൃക പിന്തുടര്‍ന്ന് ആളുകളെ തുടര്‍ച്ചയായി നടക്കാന്‍ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒരു ലക്ഷത്തിലധികം പേരെ പദ്ധതിയുടെ ഭാഗമാക്കാനാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് വീതം നടന്നാല്‍ ആരോഗ്യകരമായ ജീവിതകാലയളവ് നാലുവര്‍ഷം വരെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ശാരീരിക നിഷ്‌ക്രിയത ഓരോ ആറ് മരണങ്ങളില്‍ ഒന്നിന് കാരണമാകുന്നതായും എന്‍എച്ച്എസ് ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ പ്രാരംഭ ചെലവ് എന്‍എച്ച്എസ് വഹിക്കും. എന്നാല്‍ വിജയകരമായി പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന സമ്മാനങ്ങളുടെയും മറ്റ് ആനുകൂല്യങ്ങളുടെയും ചെലവ് പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും പങ്കാളികള്‍ വഹിക്കുമെന്നാണ് അറിയിപ്പ്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും റജിസ്‌ട്രേഷന്‍ നടപടികളും വരും മാസങ്ങളില്‍ പ്രഖ്യാപിക്കും.