Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
UK Special
  Add your Comment comment
ആസിഡ് ആക്രമണത്തെ അതിജീവിച്ച് റെഷം ഇനി എല്‍എസ്ഇയിലേക്ക്; ചീവ്‌നിങ് സ്‌കോളര്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യന്‍ അതിജീവിത
reporter

റാഞ്ചി: പന്ത്രണ്ടുവര്‍ഷം മുമ്പ് ആസിഡ് ആക്രമണത്തില്‍ മുഖത്തിനും ശരീരത്തിനും ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഇന്ന് ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളിലൊന്ന് സ്വന്തമാക്കി വിജയത്തിന്റെ പുതിയ അധ്യായം കുറിക്കുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച് യുകെ സര്‍ക്കാരിന്റെ ചീവ്‌നിങ് സ്‌കോളര്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടമാണ് റെഷം സ്വന്തമാക്കിയത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ ജെന്‍ഡര്‍, ഡവലപ്‌മെന്റ് ആന്‍ഡ് ഗ്ലോബലൈസേഷന്‍ വിഷയത്തില്‍ എംഎസ്സി പഠിക്കുന്നതിനാണ് 29കാരിയായ റെഷത്തിന് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.

2014 ഫെബ്രുവരിയിലാണ് വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്ന് ലക്‌നൗവില്‍വച്ച് റെഷം ആസിഡ് ആക്രമണത്തിനിരയായത്. റെഷത്തേക്കാള്‍ 20 വയസ്സ് മുതിര്‍ന്ന ബന്ധുവായിരുന്നു ആക്രമണം നടത്തിയത്. കാറിനുള്ളില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയശേഷം ഇയാള്‍ റെഷത്തിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടോടിയ റെഷത്തിന് ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് സഹായമായത്. അദ്ദേഹത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച റെഷത്തിന് പിന്നീട് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയാകേണ്ടിവന്നു. കടുത്ത വേദനകളും മാനസിക സംഘര്‍ഷങ്ങളും അതിജീവിച്ചാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ചികിത്സയ്ക്കിടയിലും പഠനം ഉപേക്ഷിക്കാതിരുന്ന റെഷം 87 ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ വിജയിച്ചു. 2015ലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള രാജ്യത്തെ ഉന്നത ധീരതാ ബഹുമതികളിലൊന്നായ ഭാരത് അവാര്‍ഡും റെഷത്തിന് ലഭിച്ചു. അതേ വര്‍ഷം ആക്രമണം നടത്തിയ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു. പ്രതിസന്ധികള്‍ക്കു മുന്നില്‍ തളരാതെ മുന്നേറിയ റെഷം 2018ല്‍ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍നിന്ന് ഫിസിക്‌സില്‍ ബിരുദം നേടി. തുടര്‍ന്ന് ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. കുട്ടികളുടെ കഴിവുകളും വിദ്യാഭ്യാസ മികവും വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എബ്രാ ഫൗണ്ടേഷന്‍ 2023ല്‍ റെഷം ആരംഭിച്ചു. വ്യക്തിപരമായ ദുരന്തത്തെ അതിജീവിച്ച് വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക പ്രവര്‍ത്തനത്തിലൂടെയും പുതിയ ജീവിതം പടുത്തുയര്‍ത്തിയ റെഷത്തിന്റെ നേട്ടം രാജ്യത്തിനാകെ പ്രചോദനമാവുകയാണ്.

 
Other News in this category

 
 




 
Close Window