ലണ്ടന്‍: 2024ലെ ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുമുമ്പ് റിഫോം യുകെയുടെ നേതൃത്വത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് അന്നത്തെ പാര്‍ട്ടി നേതാവ് റിച്ചാര്‍ഡ് ടൈസുമായി ചര്‍ച്ച നടത്തിയിരുന്നതായി നൈജല്‍ ഫാരേജ് സമ്മതിച്ചു. പാര്‍ട്ടിയുടെ സാമ്പത്തിക ബാധ്യതകളും നേതൃത്വത്തിലേക്ക് മടങ്ങിയെത്തിയാല്‍ നേരിടേണ്ടിവരുന്ന ഉത്തരവാദിത്വങ്ങളുമാണ് ചര്‍ച്ച ചെയ്തതെന്നും എന്നാല്‍ അത് അന്തിമ കരാറോ ധാരണയോ ആയിരുന്നില്ലെന്നും ഫാരേജ് വിശദീകരിച്ചു. 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഫാരേജിന്റെ രാഷ്ട്രീയ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ടൈസുമായി ചര്‍ച്ചകളും ധാരണകളും നടന്നിരുന്നതായി ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിഫോം യുകെ ടൈസിന്റെ കമ്പനിയോടുള്ള പത്തുലക്ഷം പൗണ്ടിലേറെ വരുന്ന വായ്പാബാധ്യത തിരിച്ചടയ്ക്കുകയോ എഴുതിത്തള്ളുകയോ ചെയ്യുന്നതും ചര്‍ച്ചയുടെ ഭാഗമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നേതൃത്വത്തിലേക്ക് തിരിച്ചെത്തിയാല്‍ മാത്രം ബാധകമാകുന്ന വ്യവസ്ഥകളെക്കുറിച്ചാണ് സംസാരിച്ചതെന്നും ഔദ്യോഗിക കരാറുണ്ടായിരുന്നില്ലെന്നും ഫാരേജ് പറഞ്ഞു.
ബ്രിട്ടിഷ് ക്രിപ്‌റ്റോകറന്‍സി നിക്ഷേപകന്‍ ക്രിസ്റ്റഫര്‍ ഹാര്‍ബോണില്‍നിന്ന് 50 ലക്ഷം പൗണ്ട് സ്വീകരിച്ചതു സംബന്ധിച്ച വിവാദം തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. ഹാര്‍ബോണില്‍നിന്ന് പണം ലഭിച്ചതിനു ശേഷമാണ് ടൈസുമായി ചര്‍ച്ച നടത്തിയതെന്നാണ് ഫാരേജിന്റെ വാദം. രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന സമയത്താണ് നിബന്ധനകളില്ലാത്ത വ്യക്തിപരമായ സമ്മാനമായി തുക ലഭിച്ചതെന്നും അതിനാല്‍ വെളിപ്പെടുത്തേണ്ട ബാധ്യത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പണം തന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നല്‍കിയതെന്ന് ആദ്യം വിശദീകരിച്ച ഫാരേജ് പിന്നീട് ബ്രെക്‌സിറ്റിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നുവെന്നും പറഞ്ഞിരുന്നു. എന്നാല്‍ സമ്മാനം ലഭിച്ച കാലത്തുതന്നെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ചര്‍ച്ച ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ മുന്‍ വിശദീകരണങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്നാണ് വിമര്‍ശകരുടെ ആരോപണം.
2024 ജൂലൈയില്‍ ക്ലാക്ടന്‍ മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഫാരേജ്, തനിക്ക് ലഭിച്ച തുക എംപിമാരുടെ സാമ്പത്തിക താല്‍പര്യ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതായിരുന്നു എന്നാണ് എതിരാളികളുടെ വാദം. സംഭവത്തില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് കമ്മിഷണര്‍ അന്വേഷണം ആരംഭിച്ചെങ്കിലും 2026 ജൂലൈ 8ന് ഫാരേജ് എംപി സ്ഥാനം രാജിവച്ചതോടെ നടപടി നിര്‍ത്തിവയ്ക്കുകയായിരുന്നു. തന്റെ നടപടികള്‍ ശരിയായിരുന്നോ എന്ന് തീരുമാനിക്കേണ്ടത് ക്ലാക്ടനിലെ വോട്ടര്‍മാരാണെന്നായിരുന്നു രാജിക്ക് ഫാരേജ് നല്‍കിയ വിശദീകരണം. ഓഗസ്റ്റ് 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ചാല്‍, 50 ലക്ഷം പൗണ്ടിന്റെ സമ്മാനവും മറ്റൊരു സഹായി നല്‍കിയതായി പറയപ്പെടുന്ന ആനുകൂല്യങ്ങളും സംബന്ധിച്ച അന്വേഷണങ്ങള്‍ പുനരാരംഭിക്കപ്പെടാന്‍ സാധ്യതയുണ്ട്. 2021ല്‍ റിഫോം യുകെ നേതൃത്വവും സജീവ രാഷ്ട്രീയവും ഉപേക്ഷിച്ച ഫാരേജ് പിന്നീട് ടെലിവിഷന്‍ അവതാരകനായി പ്രവര്‍ത്തിച്ചിരുന്നു. 2024 മേയില്‍ പാര്‍ട്ടിയുടെ ഓണററി പ്രസിഡന്റായിരിക്കെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ജൂണ്‍ ആദ്യം തീരുമാനം മാറ്റി നേതൃത്വം ഏറ്റെടുക്കുകയും ക്ലാക്ടനില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തു. പുതിയ വെളിപ്പെടുത്തല്‍ 50 ലക്ഷം പൗണ്ടിന്റെ സമ്മാനം വെളിപ്പെടുത്താതിരിക്കാന്‍ ഫാരേജ് ഉന്നയിച്ച ന്യായീകരണങ്ങളെ തകര്‍ത്തതായി ലേബര്‍ പാര്‍ട്ടി ചെയര്‍ ബ്രിജറ്റ് ഫിലിപ്‌സണ്‍ ആരോപിച്ചു. ഹൗസ് ഓഫ് കോമണ്‍സ് പെരുമാറ്റച്ചട്ടപ്രകാരം, പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എംപിമാര്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള 12 മാസത്തിനിടെ ലഭിച്ച രജിസ്റ്റര്‍ ചെയ്യേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസത്തിനുള്ളില്‍ വെളിപ്പെടുത്തണം. ഒരു സാമ്പത്തിക ആനുകൂല്യം എംപിയുടെ പ്രവര്‍ത്തനത്തെ സ്വാധീനിച്ചേക്കാമെന്ന് മറ്റുള്ളവര്‍ക്ക് ന്യായമായും കരുതാന്‍ കഴിയുമെങ്കില്‍ അത് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം.