Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
UK Special
  Add your Comment comment
അമിതവേഗം: എഴുത്തുകാരി ലിന്‍ഡ ലാ പ്ലാന്റിന് ആറുമാസം ഡ്രൈവിങ് വിലക്ക്
reporter

ലണ്ടന്‍: അമിതവേഗത്തില്‍ വാഹനമോടിച്ചതിന് പ്രശസ്ത ബ്രിട്ടിഷ് എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ലിന്‍ഡ ലാ പ്ലാന്റിന് (83) ആറുമാസത്തെ ഡ്രൈവിങ് വിലക്ക്. മണിക്കൂറില്‍ 20 മൈല്‍ വേഗപരിധിയുള്ള റോഡുകളില്‍ അഞ്ചുതവണ പരിധി ലംഘിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി. ഡ്രൈവിങ് വിലക്ക് തന്റെ ജോലിയെയും വളര്‍ത്തുനായയുടെ പരിചരണത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിലക്കില്‍നിന്ന് ഒഴിവാക്കണമെന്ന് ലാ പ്ലാന്റ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ച്ചയായ വേഗപരിധി ലംഘനങ്ങളെ തുടര്‍ന്ന് ലൈസന്‍സിലെ പെനാല്‍റ്റി പോയിന്റുകള്‍ വര്‍ധിച്ചതോടെയാണ് ഡ്രൈവിങ് വിലക്ക് നേരിടേണ്ടിവന്നത്. വിലക്ക് തന്റെ ജീവിതത്തില്‍ 'അസാധാരണമായ ബുദ്ധിമുട്ട്' സൃഷ്ടിക്കുമെന്ന വാദവുമായാണ് അവര്‍ കോടതിയെ സമീപിച്ചത്.

ക്രൈം നോവലുകളും തിരക്കഥകളും തയ്യാറാക്കുന്നതിനുള്ള ഗവേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടിവരുന്നതിനാല്‍ കാര്‍ അനിവാര്യമാണെന്ന് ലാ പ്ലാന്റ് കോടതിയെ അറിയിച്ചു. വാഹനമോടിക്കാന്‍ കഴിയാത്ത സാഹചര്യം തന്റെ എഴുത്തിനെയും ജോലിയെയും ബാധിക്കുമെന്നും അവര്‍ വാദിച്ചു. വളര്‍ത്തുനായയെ നടക്കാന്‍ കൊണ്ടുപോകുന്നതിനും വിവിധ സ്ഥലങ്ങളിലെത്തിക്കുന്നതിനും കാര്‍ ഉപയോഗിക്കാറുണ്ടെന്നും ഡ്രൈവിങ് വിലക്ക് നായയുടെ പതിവ് പരിചരണത്തെ ബാധിക്കുമെന്നും ലാ പ്ലാന്റ് കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ അവര്‍ ചൂണ്ടിക്കാട്ടിയ സാഹചര്യങ്ങള്‍ ഡ്രൈവിങ് വിലക്ക് ഒഴിവാക്കാന്‍ ആവശ്യമായ 'അസാധാരണമായ ബുദ്ധിമുട്ട്' എന്ന നിയമപരമായ പരിധിയില്‍ വരില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ആറുമാസത്തേക്ക് വാഹനമോടിക്കുന്നതില്‍നിന്ന് വിലക്കിയത്. ഡ്രൈവിങ് വിലക്കിനു പുറമേ 3,330 പൗണ്ട് പിഴയും 1,332 പൗണ്ട് വിക്ടിം സര്‍ചാര്‍ജും 130 പൗണ്ട് കോടതി ചെലവും ലാ പ്ലാന്റ് അടയ്ക്കണം. ഇതോടെ ആകെ 4,792 പൗണ്ടാണ് നല്‍കേണ്ടത്. ബ്രിട്ടിഷ് ക്രൈം സാഹിത്യ-ടെലിവിഷന്‍ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളാണ് ലിന്‍ഡ ലാ പ്ലാന്റ്. എഴുത്തുകാരി, തിരക്കഥാകൃത്ത്, മുന്‍ അഭിനേത്രി എന്നീ നിലകളില്‍ പ്രശസ്തയായ അവര്‍ ഏറെ ശ്രദ്ധ നേടിയ ക്രൈം ടെലിവിഷന്‍ പരമ്പരയായ 'പ്രൈം സസ്‌പെക്ട്' സൃഷ്ടിച്ചതിലൂടെയാണ് രാജ്യാന്തര പ്രശസ്തി നേടിയത്. നിരവധി ക്രൈം നോവലുകളും ടെലിവിഷന്‍ പരമ്പരകളും അവരുടെ പേരിലുണ്ട്.

 
Other News in this category

 
 




 
Close Window