ലണ്ടന്‍: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ പ്രതീകങ്ങളിലൊന്നായ ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരം തകര്‍ച്ചയുടെ വക്കിലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഈ വിക്ടോറിയന്‍ കാലഘട്ട സ്മാരകം പുനരുദ്ധരിക്കാന്‍ ഏകദേശം 40 ബില്യന്‍ പൗണ്ട് (ഏകദേശം 4.3 ലക്ഷം കോടി രൂപ) ചെലവും 61 വര്‍ഷം സമയവും വേണ്ടിവരുമെന്നാണ് കണക്കുകള്‍.
നിലവില്‍ കെട്ടിടം വെറുതെ നിലനിര്‍ത്താന്‍ മാത്രം ആഴ്ചയില്‍ 1.5 മില്യന്‍ പൗണ്ട് (ഏകദേശം 16 കോടി രൂപ) സര്‍ക്കാര്‍ ചെലവഴിക്കുന്നു. 2016ന് ശേഷം മാത്രം പാര്‍ലമെന്റ് എസ്റ്റേറ്റില്‍ 36 തവണ തീപിടുത്തം സംഭവിച്ചിട്ടുണ്ട്. പഴയ വയറിംഗുകളും കാലപ്പഴക്കം ചെന്ന ഇലക്ട്രിക്കല്‍ സംവിധാനങ്ങളുമാണ് പ്രധാന കാരണങ്ങള്‍. ചുവരുകളിലും മേല്‍ക്കൂരകളിലും ആസ്ബറ്റോസിന്റെ സാന്നിധ്യം ഗുരുതര പ്രശ്‌നമായി തുടരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ 12 തവണ ആസ്ബറ്റോസ് ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഹീറ്റിങ് സിസ്റ്റങ്ങള്‍ അടിക്കടി പരാജയപ്പെടുന്നു. മലിനജല പൈപ്പുകള്‍ പൊട്ടുന്നതും ടോയ്ലറ്റുകള്‍ അടച്ചുപൂട്ടേണ്ടി വരുന്നതും പതിവാണ്. ദുര്‍ബലമായ കോണ്‍ക്രീറ്റ് ഉപയോഗിച്ച ഭാഗങ്ങള്‍ തകര്‍ന്നു വീഴാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
പുനരുദ്ധാരണ ബോര്‍ഡ് രണ്ട് നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്:
- പൂര്‍ണ്ണമായി ഒഴിഞ്ഞുപോവുക - ജനപ്രതിനിധി സഭ നോര്‍ത്തേണ്‍ എസ്റ്റേറ്റിലേക്കും പ്രഭുസഭ QEII കോണ്‍ഫറന്‍സ് സെന്ററിലേക്കും മാറും. ചെലവ് 15.6 ബില്യന്‍ പൗണ്ട്; 19-24 വര്‍ഷം സമയമെടുക്കും.
- ഘട്ടം ഘട്ടമായുള്ള പുനരുദ്ധാരണം - സഭകള്‍ ഭാഗികമായി പ്രവര്‍ത്തിപ്പിച്ച് നിര്‍മാണം മുന്നോട്ടുകൊണ്ടുപോകും. ചെലവ് 39.2 ബില്യന്‍ പൗണ്ട്; 38-61 വര്‍ഷം സമയമെടുക്കും.
വിക്ടോറിയ ടവറിന്റെ ഉള്‍ഭാഗം പുതുക്കിപ്പണിയല്‍, തേംസ് നദിയില്‍ ബോട്ട് ജെട്ടി, ഭൂഗര്‍ഭ തുരങ്കങ്ങള്‍ എന്നിവയ്ക്കായി 3 ബില്യന്‍ പൗണ്ട് ഉടന്‍ അനുവദിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. 2026ല്‍ ജോലികള്‍ ആരംഭിച്ച് 2030ഓടെ അന്തിമ പദ്ധതി തീരുമാനിക്കാനാണ് ലക്ഷ്യം.
1834ലെ തീപിടുത്തത്തില്‍ പഴയ പാര്‍ലമെന്റ് മന്ദിരം നശിച്ചതിനെ തുടര്‍ന്ന് ചാര്‍ലസ് ബാരി, അഗസ്റ്റസ് പുഗിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇപ്പോഴത്തെ ഗോതിക് റിവൈവല്‍ ശൈലിയിലുള്ള കെട്ടിടം രൂപകല്‍പ്പന ചെയ്തത്. ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ അഭിമാനമായ ബിഗ് ബെന്‍ (എലിസബത്ത് ടവര്‍) ഇതേ വളപ്പിലാണ്.
രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന സമയത്ത്, ചരിത്ര സ്മാരകം സംരക്ഷിക്കാന്‍ ഇത്രയും വലിയ തുക നീക്കിവെക്കുന്നത് യുകെയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്