ലണ്ടന്‍: തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങളും മഴക്കുറവും മൂലം ഇംഗ്ലണ്ടിന്റെ തെക്കന്‍, മധ്യ, കിഴക്കന്‍ മേഖലകളില്‍ വരള്‍ച്ചാഭീഷണി രൂക്ഷമായി. നിരവധി പ്രദേശങ്ങളെ എന്‍വയോണ്‍മെന്റ് ഏജന്‍സി ഔദ്യോഗികമായി 'ദീര്‍ഘകാല വരണ്ട കാലാവസ്ഥ' (Prolonged Dry Weather) വിഭാഗത്തിലേക്ക് മാറ്റി. വരള്‍ച്ചാ പ്രതികരണ സംവിധാനത്തിലെ മുന്നറിയിപ്പ് ഘട്ടമാണിത്. ഇംഗ്ലണ്ടില്‍ ഇതുവരെ ഔദ്യോഗിക വരള്‍ച്ച പ്രഖ്യാപിച്ചിട്ടില്ല. ഡെവണ്‍, കോണ്‍വാള്‍, ഐല്‍സ് ഓഫ് സില്ലി, ഈസ്റ്റ് ആംഗ്ലിയ, ഹെര്‍ട്ഫോര്‍ഡ്ഷയര്‍-നോര്‍ത്ത് ലണ്ടന്‍, ലിങ്കണ്‍ഷയര്‍-നോര്‍ത്താംപ്ടണ്‍ഷയര്‍, വെസെക്‌സ്, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, തേംസ്‌ലണ്ടന്‍, കെന്റിന്റെയും സൗത്ത് ലണ്ടന്റെയും ചില ഭാഗങ്ങള്‍, സോളന്റ്‌സൗത്ത് ഡൗണ്‍സ് എന്നിവയാണ് നിലവില്‍ ദീര്‍ഘകാല വരണ്ട കാലാവസ്ഥാ വിഭാഗത്തിലുള്ളത്. എന്‍വയോണ്‍മെന്റ് ഏജന്‍സിയുടെ?? റിപ്പോര്‍ട്ട് ഇംഗ്ലണ്ടിലെ ഏഴ് ജലവിതരണ കമ്പനികള്‍ ഏര്‍പ്പെടുത്തിയ ഹോസ്പൈപ്പ് നിയന്ത്രണം ഏകദേശം 23 മില്യണ്‍ ഉപഭോക്താക്കളെ ബാധിക്കുന്നതായി ദേശീയ വരള്‍ച്ചാ സംഘം അറിയിച്ചു. ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ ഏകദേശം 40 ശതമാനം ഇപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ജലഉപയോഗ നിയന്ത്രണത്തിന്റെ പരിധിയിലാണ്. തേംസ് വാട്ടര്‍ പാനീയജലം വിതരണം ചെയ്യുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കുമുള്ള ഹോസ്പൈപ്പ് വിലക്ക് ജൂലൈ 23 മുതല്‍ പ്രാബല്യത്തില്‍ വന്നു. പൂന്തോട്ടം നനയ്ക്കല്‍, വാഹനം കഴുകല്‍, നീന്തല്‍ക്കുളങ്ങളും ഹോട്ട് ടബുകളും നിറയ്ക്കല്‍, സ്പ്രിങ്ക്ളര്‍ ഉപയോഗിക്കല്‍ തുടങ്ങിയ അനിവാര്യമല്ലാത്ത ആവശ്യങ്ങള്‍ക്കാണ് വിലക്ക്. ബക്കറ്റും വാട്ടറിങ് കാനും ഉപയോഗിക്കാം. ആരോഗ്യ-സുരക്ഷാ ആവശ്യങ്ങള്‍ക്കും ഗുരുതരമായ ചലനപരിമിതിയുള്ളവര്‍ക്കും ചില ഇളവുകളുണ്ട്. തേംസ് വാട്ടര്‍ അറിയിപ്പ്
ചൂടേറിയ ദിവസങ്ങളില്‍ ജലത്തിന്റെ ആവശ്യകത സാധാരണയേക്കാള്‍ 30 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. ഒരു ഹോസ്പൈപ്പിലൂടെ മണിക്കൂറില്‍ ഏകദേശം 1,000 ലിറ്റര്‍ വെള്ളം ഉപയോഗിക്കാം. നാലംഗ കുടുംബം ഒരു ദിവസം ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതലാണിതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 21 വരെയുള്ള കണക്കുപ്രകാരം ഇംഗ്ലണ്ടില്‍ ലഭിച്ചത് ദീര്‍ഘകാല ശരാശരി മഴയുടെ മൂന്നു ശതമാനം മാത്രമാണ്. തെക്കന്‍, കിഴക്കന്‍ ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളിലും കാര്യമായ മഴ രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ച്ചയായ ഉയര്‍ന്ന താപനില മൂലം മണ്ണിലെ ഈര്‍പ്പം അതിവേഗം നഷ്ടപ്പെടുകയും ചില മേഖലകളില്‍ മണ്ണിലെ ജലക്കുറവ് റെക്കോര്‍ഡ് നിലയിലെത്തുകയും ചെയ്തു. ഇംഗ്ലണ്ടിലെ നിരീക്ഷണ കേന്ദ്രങ്ങളില്‍ 84 ശതമാനത്തിലും നദീപ്രവാഹം സാധാരണയേക്കാള്‍ താഴെയാണ്. രാജ്യത്തെ ജലസംഭരണികളിലെ മൊത്തം സംഭരണം 75.3 ശതമാനമായി കുറഞ്ഞു. ഈ കാലയളവിലെ ദീര്‍ഘകാല ശരാശരിയേക്കാള്‍ 7.4 ശതമാനം കുറവാണിത്. ബ്ലാഗ്ഡണ്‍, വിംബിള്‍ബോള്‍ ജലസംഭരണികള്‍ അസാധാരണമായി താഴ്ന്ന നിലയിലാണ്. കോട്സ്വോള്‍ഡ്‌സ്, വെസെക്‌സ് ഡൗണ്‍സ് മേഖലകളിലെ ഭൂഗര്‍ഭജലനിരപ്പും ആശങ്കാജനകമായി കുറഞ്ഞിട്ടുണ്ട്.
മഴക്കുറവും ഉയര്‍ന്ന താപനിലയും കാര്‍ഷിക മേഖലയെയും ഗുരുതരമായി ബാധിച്ചു. ധാന്യവിളകളുടെ വിളവെടുപ്പ് പല പ്രദേശങ്ങളിലും പതിവിലും നേരത്തേ ആരംഭിച്ചു. വിളവ് കുറയുമെന്നാണ് വിലയിരുത്തല്‍. വരണ്ട പാടങ്ങളില്‍ കൊയ്ത്തുയന്ത്രങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്. പുല്ലിന്റെ വളര്‍ച്ച കുറഞ്ഞതിനാല്‍ കന്നുകാലി കര്‍ഷകര്‍ ശൈത്യകാലത്തേക്കായി സൂക്ഷിച്ചിരുന്ന തീറ്റശേഖരം നേരത്തേ ഉപയോഗിക്കാന്‍ തുടങ്ങി. നദികളില്‍നിന്നുള്ള ജലമെടുക്കലിന് നിലവില്‍ 1,353 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരണ്ട കാലാവസ്ഥ ഓഗസ്റ്റിലും തുടര്‍ന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നേക്കാമെന്ന് എന്‍വയോണ്‍മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ഇംഗ്ലണ്ടില്‍ അടുത്ത ദിവസങ്ങളിലും പൊതുവേ വരണ്ടതും ചൂടേറിയതുമായ കാലാവസ്ഥ തുടരുമെന്നാണ് മെറ്റ് ഓഫിസിന്റെ പുതിയ പ്രവചനം. വടക്കന്‍ മേഖലകളില്‍ ഇടയ്ക്കിടെ മഴ ലഭിക്കാമെങ്കിലും തെക്കന്‍ പ്രദേശങ്ങളില്‍ വ്യാപകവും ജലസ്രോതസ്സുകള്‍ നിറയ്ക്കാന്‍ പര്യാപ്തവുമായ മഴയ്ക്കുള്ള സാധ്യത കുറവാണ്. ഓഗസ്റ്റ് ആരംഭത്തോടെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകാമെങ്കിലും മൊത്തത്തിലുള്ള മഴ ശരാശരിയേക്കാള്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. മെറ്റ് ഓഫിസ് പ്രവചനം
മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനം ബ്രിട്ടനിലെ ഉഷ്ണതരംഗങ്ങളുടെയും വരണ്ട കാലാവസ്ഥയുടെയും തീവ്രതയും ദൈര്‍ഘ്യവും വര്‍ധിപ്പിക്കുന്നതായി മെറ്റ് ഓഫിസ് വ്യക്തമാക്കുന്നു. ഉയര്‍ന്ന കാര്‍ബണ്‍ ഉത്സര്‍ജന സാഹചര്യം തുടര്‍ന്നാല്‍ 2070ഓടെ ബ്രിട്ടനിലെ വേനല്‍ക്കാലം 1 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടേറിയതാകാനും ചില മേഖലകളില്‍ മഴ 60 ശതമാനം വരെ കുറയാനും സാധ്യതയുണ്ട്. മെറ്റ് ഓഫിസ് കാലാവസ്ഥാ പ്രവചനം