ലണ്ടന്‍: യുകെയില്‍ സാമ്പത്തിക ഇടപാടുകളെയും ശാരീരിക സംഘര്‍ഷത്തെയും ചൊല്ലി ഹരന്‍ ഹാരിസണ്‍ നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ നിഷേധിച്ച് കൊല്ലം സ്വദേശി ടിനു ആന്റണി രംഗത്തെത്തി. സംഭവത്തിന്റെ മറുവശവും പൊതുസമൂഹം അറിയേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരണത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ സാമ്പത്തിക സഹായം സ്വീകരിച്ച് തിരികെ നല്‍കിയില്ലെന്നും വിവിധ വ്യക്തികളില്‍നിന്ന് പണം വാങ്ങി വഞ്ചിച്ചെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ടിനു പറഞ്ഞു. ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെല്ലാം പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരുന്നെന്നും അവ ഏകപക്ഷീയമായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മറ്റൊരു ആവശ്യത്തിനായി ഹരനും സുഹൃത്തുക്കളും തന്നെ വിളിച്ചുവരുത്തിയതാണെന്നും പിന്നീട് പണത്തെച്ചൊല്ലിയുള്ള സംഭാഷണം സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നെന്നും ടിനു പറഞ്ഞു. ആരെയും ആക്രമിക്കാനോ സംഘര്‍ഷമുണ്ടാക്കാനോ ഉദ്ദേശിച്ചല്ല താന്‍ അവിടെയെത്തിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.
സ്ഥലത്തുനിന്ന് പോകാന്‍ ശ്രമിച്ചപ്പോള്‍ തന്നെ തടഞ്ഞുനിര്‍ത്തിയെന്നും ശ്വാസംമുട്ടുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഖത്ത് കടിയേറ്റ സംഭവം ഉണ്ടായതെന്നും ടിനു വിശദീകരിച്ചു. സംഭവത്തെത്തുടര്‍ന്നുള്ള പൊലീസ് നടപടികളോടും അന്വേഷണത്തോടും പൂര്‍ണമായി സഹകരിച്ചിരുന്നെന്നും പിന്നീട് ജാമ്യം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒളിവിലല്ലെന്നും അന്വേഷണവുമായി തുടര്‍ന്നും സഹകരിക്കുന്നുണ്ടെന്നും ടിനു വ്യക്തമാക്കി. ഹരന്റെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള ലിബിന്‍ ഫ്രാന്‍സിസുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി ടിനു സമ്മതിച്ചു. ഇടപാടുകളുടെ കണക്കുകള്‍ പരിശോധിച്ച് ഒത്തുതീര്‍പ്പാക്കുന്നതിനായി ലിബിനോട് ബാങ്ക് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ലിബിന്‍ ഒഴികെ പരാതിയില്‍ പരാമര്‍ശിക്കുന്ന മറ്റാരുമായും തനിക്ക് സാമ്പത്തിക ഇടപാടുകളില്ലെന്നും ടിനു അവകാശപ്പെട്ടു.
തന്റെ വിശദീകരണവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ആവശ്യമായ ഘട്ടത്തില്‍ നിയമപരമായി സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഹരന്‍ ഹാരിസണിന്റെ പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ടിനു വിശദീകരണവുമായി രംഗത്തെത്തിയത്. തനിക്കെതിരെ നാട്ടുകാര്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ടിനു പറഞ്ഞു. സംഭവത്തിനു മുമ്പുണ്ടായിരുന്ന വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോഴത്തെ പരാതികള്‍ക്കും ആരോപണങ്ങള്‍ക്കും കാരണമെന്നാണ് ടിനുവിന്റെ വാദം. സംഭവങ്ങളെത്തുടര്‍ന്ന് തനിക്കുണ്ടായ മാനനഷ്ടത്തിന് പരിഹാരം തേടി ഹരന്‍ ഹാരിസണിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം അറിയിച്ചു.