Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=109.8539 INR
ukmalayalampathram.com
Sun 26th Jul 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വീണ്ടും ഉയരുന്നു; അഞ്ചു മില്യണിലേറെ കുടുംബങ്ങള്‍ക്ക് തിരിച്ചടവ് കൂടും
reporter

ലണ്ടന്‍: യുകെയിലെ ഭവന ഉടമകളെയും പുതുതായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ആശങ്കയിലാക്കി മോര്‍ട്ട്ഗേജ് നിരക്കുകള്‍ വീണ്ടും ഉയരുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമായതോടെ അടുത്തിടെ രേഖപ്പെടുത്തിയ നിരക്കുകുറവ് ഇല്ലാതാകുകയും ശരാശരി നിരക്കുകള്‍ ഒരു മാസം മുന്‍പത്തെ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ജൂലൈ 24ലെ കണക്കുപ്രകാരം യുകെയിലെ ശരാശരി രണ്ടുവര്‍ഷ ഫിക്സഡ് മോര്‍ട്ട്ഗേജ് നിരക്ക് 5.59 ശതമാനമാണ്. ഒരു മാസം മുന്‍പ് ഇത് 5.57 ശതമാനമായിരുന്നു. അഞ്ചുവര്‍ഷ ഫിക്സഡ് നിരക്ക് 5.54 ശതമാനത്തില്‍നിന്ന് 5.61 ശതമാനമായും ഉയര്‍ന്നു. ശരാശരി സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ നിരക്ക് 7.13 ശതമാനത്തിലാണ്. ഫോര്‍ബ്‌സ് യുകെ മോര്‍ട്ട്ഗേജ് കണക്കുകള്‍ ബാര്‍ക്ലേയ്സ്, ഹാലിഫാക്സ്, എച്ച്എസ്ബിസി, ടിഎസ്ബി, സ്‌കിപ്ടണ്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ വായ്പാദാതാക്കള്‍ അടുത്തിടെ ഫിക്സഡ് മോര്‍ട്ട്ഗേജ് ഡീലുകളുടെ നിരക്ക് വര്‍ധിപ്പിച്ചു. ആഗോള വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സ്വാപ് നിരക്കുകളും വായ്പാദാതാക്കളുടെ ധനസമാഹരണച്ചെലവും ഉയര്‍ന്നതാണ് മോര്‍ട്ട്ഗേജ് നിരക്കുകളിലും പ്രതിഫലിക്കുന്നത്.

യുഎസും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെത്തുടര്‍ന്ന് എണ്ണവിലയും വിപണിയിലെ വായ്പാച്ചെലവും കുറയാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായതും ചെങ്കടലില്‍ ഹൂതി വിമതര്‍ എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണം നടത്തിയതും ആഗോള ഇന്ധനവിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാക്കി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് സമീപമെത്തുകയും ചില ഘട്ടങ്ങളില്‍ ഈ പരിധി മറികടക്കുകയും ചെയ്തു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമെന്ന ആശങ്കയില്‍ ഓഹരി-ബോണ്ട് വിപണികളിലും സമ്മര്‍ദം ശക്തമായി. എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരുന്നത് ഇന്ധനം, ഗതാഗതം, ഭക്ഷണം എന്നിവയുടെ വില വര്‍ധിപ്പിക്കുകയും പണപ്പെരുപ്പം വീണ്ടും ശക്തമാക്കുകയും ചെയ്‌തേക്കാം. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് ഉടന്‍ കുറയ്ക്കുമെന്ന പ്രതീക്ഷയും മങ്ങിയിട്ടുണ്ട്. പലിശനിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തുടരാനുള്ള സാധ്യതയാണ് വിപണികള്‍ ഇപ്പോള്‍ വിലയിരുത്തുന്നത്.

2028 അവസാനത്തോടെ അഞ്ചു മില്യണിലേറെ കുടുംബങ്ങളുടെ പ്രതിമാസ മോര്‍ട്ട്ഗേജ് തിരിച്ചടവ് വര്‍ധിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബറില്‍ ഏകദേശം നാലു മില്യണ്‍ കുടുംബങ്ങളാണ് ഉയര്‍ന്ന തിരിച്ചടവ് നേരിടുമെന്ന് കണക്കാക്കിയിരുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെത്തുടര്‍ന്ന് വിപണി നിരക്കുകള്‍ ഉയര്‍ന്നതോടെയാണ് പുതിയ പ്രവചനം. സംഘര്‍ഷം നീണ്ടുനില്‍ക്കുകയും എണ്ണവില ഉയരുകയും ചെയ്താല്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വീണ്ടും വര്‍ധിച്ചേക്കുമെന്നാണ് വിപണിയിലെ ആശങ്ക. ഉയര്‍ന്ന വായ്പാച്ചെലവിനൊപ്പം ഇന്ധനം ഉള്‍പ്പെടെയുള്ള നിത്യജീവിതച്ചെലവുകളും വര്‍ധിക്കുന്നത് യുകെയിലെ കുടുംബ ബജറ്റുകള്‍ക്ക് ഈ വര്‍ഷം കൂടുതല്‍ സമ്മര്‍ദമുണ്ടാക്കും.

 
Other News in this category

 
 




 
Close Window