Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=109.8539 INR
ukmalayalampathram.com
Sun 26th Jul 2026
 
 
UK Special
  Add your Comment comment
റീഫോം യുകെയിലേക്കുള്ള വന്‍ സംഭാവനകള്‍ പൊലീസ് അന്വേഷണത്തില്‍
reporter

ലണ്ടന്‍: റീഫോം യുകെയ്ക്ക് 2024 പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ലഭിച്ച വന്‍ സാമ്പത്തിക സംഭാവനകളെക്കുറിച്ച് മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം നടത്തുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ റഫറലിനെ തുടര്‍ന്ന് 2025 ഫെബ്രുവരിയില്‍ ആരംഭിച്ച അന്വേഷണമാണ് തുടരുന്നത്. പാര്‍ട്ടിയുടെ ഡെപ്യൂട്ടി നേതാവ് റിച്ചാര്‍ഡ് ടൈസ് നിയന്ത്രിക്കുന്ന 'ബ്രിട്ടന്‍ മീന്‍സ് ബിസിനസ്' എന്ന കമ്പനി 2024 ജൂണില്‍ £250,000 വീതം രണ്ട് തവണയായി റീഫോം യുകെയ്ക്ക് ആകെ £500,000 നല്‍കിയതായി ഇലക്ടറല്‍ കമ്മിഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇതിന് തൊട്ടുമുമ്പ് ഫിയോണ കോട്രെല്‍ കമ്പനിക്ക് £1 മില്യണ്‍ കൈമാറിയതായും അതില്‍ ഏകദേശം പകുതി പിന്നീട് റീഫോം യുകെയ്ക്ക് സംഭാവനയായി എത്തിയതായുമാണ് റിപ്പോര്‍ട്ട്. സംഭാവനാ നിയന്ത്രണങ്ങള്‍ മറികടക്കാനോ യഥാര്‍ഥ ദാതാവിന്റെ വിവരം മറച്ചുവയ്ക്കാനോ ശ്രമമുണ്ടായോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഫിയോണ കോട്രെല്‍ റീഫോം യുകെയ്ക്ക് നേരിട്ട് നല്‍കിയ £250,000 വീതമുള്ള രണ്ട് സംഭാവനകളും അന്വേഷണപരിധിയിലുണ്ടെന്നാണ് വിവരം. ഫിയോണയെയും മകനും നൈജല്‍ ഫാരാജിന്റെ അടുത്ത അനുയായിയുമായ ജോര്‍ജ് കോട്രെലിനെയും നിയമപരമായ മുന്നറിയിപ്പോടെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അറസ്റ്റ് ചെയ്തതായോ കുറ്റം ചുമത്തിയതായോ അര്‍ഥമാക്കുന്നില്ല. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിയോണ കമ്പനിക്ക് കൈമാറിയ £1 മില്യണ്‍ സംബന്ധിച്ച് ബാങ്കുകള്‍ നാഷനല്‍ ക്രൈം ഏജന്‍സിക്ക് 'സംശയാസ്പദ ഇടപാട് റിപ്പോര്‍ട്ട്' നല്‍കിയിരുന്നു. ഇത്തരം റിപ്പോര്‍ട്ട് ഒരു കുറ്റകൃത്യം നടന്നതിന്റെ തെളിവല്ല; കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനമാണ്. പണത്തിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ എന്‍സിഎ വിദേശ ഏജന്‍സികളുടെ സഹായം തേടുന്നതായും റിപ്പോര്‍ട്ടുണ്ട്. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായ അപവാദപ്രചാരണമാണെന്ന് റിച്ചാര്‍ഡ് ടൈസ് പ്രതികരിച്ചു. സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍ നിയമപരമായ പരിശോധനകളെല്ലാം പാലിച്ചിട്ടുണ്ടെന്നാണ് റീഫോം യുകെയുടെ നിലപാട്. ഫിയോണയുടെ പണം അവരുടെതുതന്നെയാണെന്നും ഇടപാടുകളില്‍ തെറ്റൊന്നുമില്ലെന്നും കോട്രെല്‍ കുടുംബത്തിന്റെ അഭിഭാഷകരും വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window