ലണ്ടന്‍: സ്‌കോട്ലന്‍ഡിലെ കെയര്‍ന്‍ഗോംസ് ദേശീയോദ്യാനത്തില്‍ പത്ത് ദിവസമായി കത്തിക്കൊണ്ടിരിക്കുന്ന കാട്ടുതീ കാറ്റിന്റെ ദിശ മാറിയതോടെ കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഇതിനെ തുടര്‍ന്ന് സ്‌കോട്ലന്‍ഡ് പൊലീസ് 'മേജര്‍ ഇന്‍സിഡന്റ്' പ്രഖ്യാപിച്ചു. നെത്തി ബ്രിഡ്ജ് ഗ്രാമത്തിലേക്ക് തീ വ്യാപിക്കാനുള്ള സാധ്യത ഉയര്‍ന്നതിനെ തുടര്‍ന്ന് ഗ്രാമത്തിലെ മുഴുവന്‍ താമസക്കാരെയും മുന്‍കരുതലെന്ന നിലയില്‍ ഒഴിപ്പിച്ചു. താമസക്കാരെ അവിയമോറിലെ മാക്ഡൊണാള്‍ഡ് അവിയമോര്‍ ഹോട്ടലില്‍ ഒരുക്കിയ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഗ്രാമത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടുണ്ട്. സ്‌കോട്ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ ജോണ്‍ സ്വിന്നി അടിയന്തര പ്രതിരോധ യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും, പ്രത്യേക സഹായം ആവശ്യമുള്ളവരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ തീ ഗ്രാമത്തിന് അടുത്തെത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് പ്രദേശവാസികള്‍ വിമര്‍ശിച്ചു. വയോധികരെയും ഭിന്നശേഷിക്കാരെയും കുറഞ്ഞ സമയത്തിനുള്ളില്‍ മാറ്റിപ്പാര്‍പ്പിച്ചത് വലിയ വെല്ലുവിളിയായെന്നും മുന്‍കരുതല്‍ പദ്ധതികളുടെ അഭാവം കാരണം പലര്‍ക്കും താമസച്ചെലവ് സ്വന്തം നിലയില്‍ വഹിക്കേണ്ടിവരുമെന്നും അവര്‍ ആരോപിച്ചു. വെസ്റ്റ് അബര്‍ഡീന്‍ഷയര്‍ ആന്‍ഡ് കിന്‍കാര്‍ഡൈന്‍ എംപി ആന്‍ഡ്രൂ ബോവി സ്‌കോട്ടിഷ് സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഹെലികോപ്റ്റര്‍ സഹായം നേരിട്ട് ലഭ്യമാക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും സര്‍ക്കാര്‍ സാഹചര്യം വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ തുടക്കം മുതല്‍ ആവശ്യമായ വിഭവങ്ങള്‍ വിന്യസിച്ചിരുന്നുവെന്നാണ് സ്‌കോട്ടിഷ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വിശദീകരിച്ചത്.
റൈവോന്‍ ബോത്തിക്ക് സമീപം ആരംഭിച്ച തീപിടിത്തം ഏറ്റവും രൂക്ഷമായ ഘട്ടത്തില്‍ ആറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലേക്ക് വ്യാപിച്ചിരുന്നു. നിലവില്‍ 100 ലധികം അഗ്‌നിശമനസേനാംഗങ്ങളും 11 ഫയര്‍ എന്‍ജിനുകളും വന്യജീവി യൂണിറ്റുകളും സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തീ നിയന്ത്രണ ശ്രമം തുടരുന്നു. കാറ്റിന്റെ ദിശ മാറിയതോടെ കാട്ടുതീയില്‍ നിന്നുള്ള പുക ഏകദേശം 59 മൈല്‍ അകലെയുള്ള അബര്‍ഡീനിലും ദൃശ്യമായി. ജനങ്ങള്‍ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടണമെന്ന് അഗ്‌നിശമനസേന നിര്‍ദേശിച്ചു. സ്ഥിതി ഇപ്പോഴും പ്രവചനാതീതമാണെന്നും ഏത് സമയത്തും പുതിയ തീപ്പൊരികള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.