Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=109.8539 INR
ukmalayalampathram.com
Sun 26th Jul 2026
 
 
UK Special
  Add your Comment comment
യുകെയിലെ കെയര്‍ ജീവനക്കാര്‍ക്ക് ഐഎല്‍ആര്‍ ഇളവ് പരിഗണിച്ച് ബേണ്‍ഹാം സര്‍ക്കാര്‍; മലയാളികള്‍ക്കും പ്രതീക്ഷ
reporter

ലണ്ടന്‍: യുകെയിലെ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നീക്കവുമായി ആന്‍ഡി ബേണ്‍ഹാം സര്‍ക്കാര്‍. നിലവില്‍ രാജ്യത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ പുതിയ കര്‍ശന കുടിയേറ്റ വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കുകയോ പ്രത്യേക ഇളവുകള്‍ നല്‍കുകയോ ചെയ്യുന്ന കാര്യം പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയതായി രാജ്യത്തെത്തുന്നവര്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ ബാധകമാക്കിക്കൊണ്ട് നിലവിലുള്ള ജീവനക്കാര്‍ക്ക് ഇളവ് നല്‍കുന്നതാണ് പരിഗണനയിലുള്ള ഒരു മാര്‍ഗം. കെയര്‍ മേഖലയിലെ രൂക്ഷമായ ജീവനക്കാരുടെ ക്ഷാമവും വിദേശ തൊഴിലാളികളെ നഷ്ടപ്പെടുന്നത് സാമൂഹിക പരിചരണ സംവിധാനത്തിലുണ്ടാക്കാവുന്ന പ്രതിസന്ധിയും കണക്കിലെടുത്താണ് നീക്കം. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കെയര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ച കുടിയേറ്റ പരിഷ്‌കരണ നിര്‍ദേശപ്രകാരം സ്ഥിരതാമസാനുമതിക്കുള്ള പൊതുവായ യോഗ്യതാകാലം അഞ്ചില്‍നിന്ന് പത്ത് വര്‍ഷമാക്കാനായിരുന്നു തീരുമാനം. പിന്നീട് നടത്തിയ 'ഏണ്‍ഡ് സെറ്റില്‍മെന്റ്' കൂടിയാലോചനയില്‍ കെയര്‍ ജീവനക്കാര്‍ ഉള്‍പ്പെടുന്ന താഴ്ന്നതും ഇടത്തരവുമായ നൈപുണ്യവിഭാഗങ്ങള്‍ക്ക് അടിസ്ഥാന യോഗ്യതാകാലം 15 വര്‍ഷമാക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ സെറ്റില്‍മെന്റ് മാറ്റങ്ങള്‍ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും അന്തിമരൂപം സര്‍ക്കാര്‍ പ്രഖ്യാപിക്കാനുണ്ടെന്നും ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി വ്യക്തമാക്കുന്നു.

സാമൂഹിക പരിചരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നത് തന്റെ സര്‍ക്കാരിന്റെ പ്രധാന പരിഗണനകളിലൊന്നാണെന്ന് ബേണ്‍ഹാം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ കെയര്‍ സര്‍വീസ് രൂപീകരിക്കുന്നതിനുള്ള നടപടികളും മേഖലയിലെ ദീര്‍ഘകാല പരിഷ്‌കാരങ്ങളും സംബന്ധിച്ച് അടുത്തയാഴ്ച അദ്ദേഹം നയപ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുടിയേറ്റ ഇളവ് ഈ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടാനിടയില്ലെന്നും ഹോം ഓഫിസ് പൊതുജനാഭിപ്രായങ്ങള്‍ പരിശോധിച്ചശേഷം വര്‍ഷാവസാനത്തോടെ തീരുമാനമുണ്ടാകാമെന്നുമാണ് സൂചന. കര്‍ശന സെറ്റില്‍മെന്റ് വ്യവസ്ഥകള്‍ നിലവിലുള്ള ജീവനക്കാര്‍ക്കും ബാധകമാക്കിയാല്‍ നിരവധി വിദേശ തൊഴിലാളികള്‍ കെയര്‍ മേഖല വിടാനിടയുണ്ടെന്ന് തൊഴിലുടമകളും തൊഴിലാളി സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ജീവനക്കാരുടെ ക്ഷാമം കൂടുതല്‍ രൂക്ഷമാക്കുകയും മുതിര്‍ന്നവര്‍ക്കും രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ലഭിക്കുന്ന പരിചരണത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് ആശങ്ക. അതേസമയം, നിലവിലുള്ള കെയര്‍ ജീവനക്കാര്‍ക്ക് ഇളവ് ലഭിക്കുമെന്നത് ഇപ്പോഴും സര്‍ക്കാര്‍ പരിഗണിക്കുന്ന നിര്‍ദേശം മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനവും പുതിയ കുടിയേറ്റ ചട്ടങ്ങളുടെ അന്തിമരൂപവും പുറത്തുവന്നശേഷമേ ആര്‍ക്കൊക്കെ ഇളവ് ലഭിക്കുമെന്നതില്‍ വ്യക്തതയുണ്ടാകൂ.

 
Other News in this category

 
 




 
Close Window