ലിവര്‍പൂള്‍: മെര്‍സീസൈഡിലെ ഹ്യൂട്ടണില്‍ കാര്‍ വിളക്കുതൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് യുവാക്കള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് 27കാരനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തി. വെസ്റ്റ് ഡെര്‍ബിയിലെ അലന്‍ഡേല്‍ റോഡ് സ്വദേശിയായ ജെയിംസ് ഡിഗിള്‍ (27) എന്നയാള്‍ക്കെതിരെയാണ് അപകടകരമായ ഡ്രൈവിങ് മൂലം മരണത്തിന് ഇടയാക്കിയതിന് സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്‌തെന്ന കുറ്റങ്ങള്‍ ചുമത്തിയത്. ജൂലൈ 24ന് ഹ്യൂട്ടണിലെ ഈസ്റ്റ് പ്രെസ്‌കോട്ട് റോഡിലായിരുന്നു അപകടം. കറുത്ത നിറത്തിലുള്ള കുപ്ര കാര്‍ നിയന്ത്രണം വിട്ട് വിളക്കുതൂണില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ജാക്ക് ഡിഗിള്‍ (23), ബെഞ്ചമിന്‍ ഡൂലി (23), ആന്‍ഡ്രൂ റോബര്‍ട്‌സ് (24), ക്രെയ്ഗ് ഷാക്ക്‌ല്ടണ്‍-ബ്രാഡി (26) എന്നിവര്‍ അപകടത്തില്‍ മരിച്ചു. കാറിലുണ്ടായിരുന്ന അഞ്ചാമത്തെ യാത്രക്കാരനായ 27കാരന് പരുക്കേറ്റിരുന്നു.
മരിച്ച നാലുപേരും സുഹൃത്തുക്കളായിരുന്നു. ഡാര്‍ട്‌സ് മത്സരം കാണാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെ ഓഗസ്റ്റ് 7നാണ് ജെയിംസ് ഡിഗിളിനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തിയത്. തുടര്‍ന്ന് ഓഗസ്റ്റ് 8ന് ഇയാളെ ലിവര്‍പൂള്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കി. കേസില്‍ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഊഹാപോഹങ്ങളോ അഭിപ്രായപ്രകടനങ്ങളോ നടത്തരുതെന്ന് മെര്‍സീസൈഡ് പൊലീസ് മുന്നറിയിപ്പ് നല്‍കി. അന്വേഷണത്തെയും തുടര്‍ന്നുള്ള കോടതി നടപടികളെയും ബാധിക്കാവുന്ന തരത്തിലുള്ള വിവരങ്ങളോ അഭിപ്രായങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.