ലണ്ടന്‍: കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഗ്രൂമിങ് സംഘങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ട ചിലര്‍ സര്‍ക്കാരിന്റെ നേരത്തെയുള്ള ജയില്‍മോചന പദ്ധതിയുടെ ആനുകൂല്യം നേടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ശക്തമായതോടെ അടിയന്തര പരിശോധനയ്ക്ക് ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്‍ഡി ബേണം ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് കെമി ബാഡനോക്ക് വിഷയം ഉന്നയിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട ചിലര്‍ ശിക്ഷാകാലാവധിയുടെ വലിയൊരു ഭാഗം പൂര്‍ത്തിയാക്കുന്നതിന് മുന്‍പുതന്നെ ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് ബാഡനോക്ക് ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെ നേരത്തെയുള്ള ജയില്‍മോചന പദ്ധതിയില്‍നിന്ന് ഒഴിവാക്കിയ കുറ്റങ്ങളുടെ പട്ടികയില്‍ 'ഇന്‍ഡീസന്റ് അസോള്‍ട്ട്' ഉള്‍പ്പെടാത്തതാണ് പ്രധാന ആശങ്കയ്ക്ക് കാരണം. 2004ന് മുന്‍പ് നടന്ന കുട്ടികള്‍ക്കെതിരായ നിരവധി ലൈംഗികാതിക്രമ കേസുകളില്‍ ഈ കുറ്റമാണ് ചുമത്തിയിരുന്നത്. റോതര്‍ഹാം, റോച്ച്‌ഡേല്‍ എന്നിവിടങ്ങളിലെ ഗ്രൂമിങ് കേസുകളിലും പ്രതികള്‍ക്കെതിരെ ഇത്തരം കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് ബാഡനോക്ക് ചൂണ്ടിക്കാട്ടി.
ബ്രാഡ്ഫഡില്‍ കൗമാരക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത ചരിത്രപരമായ ഗ്രൂമിങ് കേസില്‍ ശിക്ഷിക്കപ്പെട്ട അഞ്ചുപേരും നേരത്തെയുള്ള മോചനത്തിന് അര്‍ഹരാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് വിഷയം കൂടുതല്‍ ഗൗരവമായത്. ഇതിനെ തുടര്‍ന്ന് ഗ്രൂമിങ് കേസുകളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരില്‍ ആരെല്ലാം നിലവിലെ പദ്ധതിപ്രകാരം നേരത്തെയുള്ള മോചനത്തിന് അര്‍ഹരാകുമെന്ന് കണ്ടെത്താന്‍ നീതിന്യായ മന്ത്രാലയത്തോട് വിശദമായ പരിശോധന നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. പരിശോധന അടിയന്തരമായി പുരോഗമിക്കുകയാണെന്നും ഗ്രൂമിങ് കേസുകളിലെ കുറ്റവാളികള്‍ ഇരകള്‍ അര്‍ഹിക്കുന്ന തരത്തിലുള്ള നിയമനടപടി നേരിടുന്നുവെന്ന് ഉറപ്പാക്കാനാണ് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. നിലവില്‍ നേരത്തെയുള്ള മോചനത്തിന് അര്‍ഹത ലഭിച്ചേക്കാവുന്ന കുറ്റവാളികളെ തിരിച്ചറിയുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ഇവരുടെ മോചനം തടയുന്നതിനായി സര്‍ക്കാര്‍ പിന്നീട് പ്രത്യേക നടപടി സ്വീകരിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളില്‍ രൂക്ഷമായ തിരക്ക് കുറയ്ക്കുന്നതിനായി ഏകദേശം 5,000 തടവുകാരെ നേരത്തേ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഒക്ടോബര്‍ മുതല്‍ 10 ഘട്ടങ്ങളായാണ് അധിക മോചനങ്ങള്‍ നടപ്പാക്കുക. നേരത്തെ ഏകദേശം 6,000 തടവുകാരെ മോചിപ്പിക്കാനായിരുന്നു കണക്കാക്കിയിരുന്നത്. പദ്ധതിയില്‍ വരുത്തിയ മാറ്റപ്രകാരം ബലാത്സംഗം, ഗുരുതരമായ ബാലലൈംഗിക കുറ്റങ്ങള്‍, ഗ്രൂമിങ് കുറ്റങ്ങള്‍ എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഒക്ടോബര്‍ മുതല്‍ നേരത്തെയുള്ള മോചനത്തിന് അര്‍ഹതയുണ്ടാകില്ല. എന്നാല്‍ ഒഴിവാക്കല്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത ചില പഴയ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇപ്പോഴും പദ്ധതിയുടെ ആനുകൂല്യം ലഭിച്ചേക്കുമെന്നതാണ് വിവാദത്തിന് കാരണം. അത്തരം തടവുകാര്‍ക്ക് സാധാരണയായി ശിക്ഷയുടെ 40 അല്ലെങ്കില്‍ 50 ശതമാനം പൂര്‍ത്തിയാക്കിയശേഷം ലഭിക്കുന്ന മോചനത്തിന് പകരം മൂന്നിലൊന്ന് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ പുറത്തിറങ്ങാന്‍ അവസരം ലഭിച്ചേക്കും. കൂടുതല്‍ കുറ്റവിഭാഗങ്ങളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നെങ്കിലും ജയിലുകളിലെ രൂക്ഷമായ തിരക്ക് അതിന് തടസ്സമാണെന്ന് ബേണം നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ തടവുകാരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയാല്‍ ജയില്‍ സംവിധാനം ഗുരുതര പ്രതിസന്ധിയിലാകുമെന്നും അത് പൊതുസുരക്ഷയ്ക്കുതന്നെ ഭീഷണിയാകാമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
ഓഗസ്റ്റ് മൂന്നിലെ കണക്കനുസരിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളില്‍ 86,495 തടവുകാരാണുള്ളത്. ഇത് ഉപയോഗിക്കാവുന്ന മൊത്തം ജയില്‍ ശേഷിയുടെ 97 ശതമാനത്തോളം വരും. അതേസമയം, പ്രധാനമന്ത്രിയുടെ പുതിയ ഇടപെടലിനെ 'മറ്റൊരു യു-ടേണ്‍' എന്നാണ് കെമി ബാഡനോക്ക് വിശേഷിപ്പിച്ചത്. നേരത്തെയുള്ള മോചനത്തിന് ഇപ്പോഴും അര്‍ഹതയുള്ള കുറ്റങ്ങളുടെ പൂര്‍ണ പട്ടിക സര്‍ക്കാര്‍ പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുതുക്കിയ മോചന പദ്ധതി ഒക്ടോബര്‍ മുതല്‍ ഘട്ടംഘട്ടമായി നടപ്പാക്കും. ആദ്യഘട്ടത്തില്‍ 575 ദിവസത്തില്‍ താഴെ തടവുശിക്ഷ ലഭിച്ചവരെയാണ് പരിഗണിക്കുക. തുടര്‍ന്ന് ദീര്‍ഘകാല ശിക്ഷ അനുഭവിക്കുന്നവരിലേക്കും പദ്ധതി വ്യാപിപ്പിക്കും. 12 വര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ച ചില പ്രതികള്‍ 2027 ജൂണ്‍ മുതല്‍ പദ്ധതിയുടെ പരിധിയില്‍ വരും. ഓരോ ഘട്ടത്തിലും എത്ര പേരെ മോചിപ്പിക്കണമെന്നത് അന്നത്തെ ജയില്‍ ജനസംഖ്യയും ലഭ്യമായ ശേഷിയും വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനിക്കുക.