Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3532 INR  1 EURO=109.9868 INR
ukmalayalampathram.com
Sat 08th Aug 2026
 
 
UK Special
  Add your Comment comment
സ്‌കോട്ലന്‍ഡില്‍ ഒന്‍പതുകാരിയുടെ മരണം; പിതാവിനെതിരെ കൊലക്കുറ്റം, മെഡിക്കല്‍ രേഖകള്‍ അനധികൃതമായി പരിശോധിച്ചതിലും അന്വേഷണം
reporter

ലണ്ടന്‍: സ്‌കോട്ലന്‍ഡില്‍ കുടുംബത്തോടൊപ്പം ക്യാംപിങ്ങിനെത്തിയ ഒന്‍പതുകാരി മിന്നി മെറിമാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. അതിനിടെ, ഡന്‍ഡിയിലെ നൈന്‍വെല്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുട്ടിയുടെ മെഡിക്കല്‍ രേഖകള്‍ ജീവനക്കാര്‍ അനധികൃതമായി പരിശോധിച്ചെന്ന ആരോപണത്തില്‍ എന്‍എച്ച്എസ് ടെയ്സൈഡ് അന്വേഷണം ആരംഭിച്ചു. വെസ്റ്റ് യോര്‍ക്ഷയറിലെ വേക്ക്ഫീല്‍ഡ് സ്വദേശിയായ ക്രിസ്റ്റഫര്‍ റൈസ് (35) ആണ് മകളെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്നത്. ഫോര്‍ഫാര്‍ ഷെരീഫ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കുള്ളതായി സംശയിക്കുന്നില്ലെന്ന് സ്‌കോട്ലന്‍ഡ് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ ആര്‍ബ്രോത്തിലെ എലിയറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് മിന്നിയെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡന്‍ഡിയിലെ നൈന്‍വെല്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിന്നി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഔദ്യോഗിക അനുമതിയോ ചികിത്സാപരമായ ആവശ്യമോ ഇല്ലാതെ ചില ജീവനക്കാര്‍ കുട്ടിയുടെ വ്യക്തിഗത മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചെന്നാണ് ആരോപണം. ഇത് വിവരസംരക്ഷണ നിയമങ്ങളുടെ ലംഘനമാണോയെന്ന് പരിശോധിക്കാനാണ് എന്‍എച്ച്എസ് ടെയ്സൈഡ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ആരോപണം സ്ഥിരീകരിക്കപ്പെട്ടാല്‍ ബ്രിട്ടനിലെ വിവരസംരക്ഷണ മേല്‍നോട്ട സ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ കമ്മിഷണേഴ്‌സ് ഓഫിസിനെ (ICO) വിവരം അറിയിക്കുമെന്നും എന്‍എച്ച്എസ് അറിയിച്ചു. മിന്നിയുടെ മരണത്തില്‍ തകര്‍ന്നിരിക്കുകയാണെന്ന് കുടുംബം പ്രതികരിച്ചു. മകളുടെ വേര്‍പാട് താങ്ങാനാവാത്തതാണെന്നും മിന്നിയുടെ ഇളയ സഹോദരങ്ങള്‍ക്കായി ശക്തയായി മുന്നോട്ടുപോകുമെന്നും അമ്മ ലോറി മെറിമാന്‍ പറഞ്ഞു. മകള്‍ നല്‍കിയ കരുത്ത് എക്കാലവും തനിക്കൊപ്പമുണ്ടാകുമെന്നും അവര്‍ വികാരനിര്‍ഭരമായി കുറിച്ചു.

 
Other News in this category

 
 




 
Close Window