Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3532 INR  1 EURO=109.9868 INR
ukmalayalampathram.com
Sat 08th Aug 2026
 
 
UK Special
  Add your Comment comment
വിദേശ പൗരന്മാര്‍ക്ക് സോഷ്യല്‍ ഹൗസിങ് വിലക്കാന്‍ കണ്‍സര്‍വേറ്റീവുകളും; അധികാരത്തിലെത്തിയാല്‍ ആറുമാസത്തിനകം വീടൊഴിയേണ്ടിവരും
reporter

ലണ്ടന്‍: വിദേശ പൗരന്മാര്‍ക്ക് സോഷ്യല്‍ ഹൗസിങ് അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്ന റിഫോം യുകെയുടെ നിലപാടിന് പിന്നാലെ സമാന നയവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും രംഗത്ത്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ഇംഗ്ലണ്ടില്‍ വിദേശ പൗരന്മാര്‍ക്ക് പുതിയ സോഷ്യല്‍ ഹൗസിങ് അനുവദിക്കുന്നത് അവസാനിപ്പിക്കുമെന്നും നിലവില്‍ ഇത്തരം വീടുകളില്‍ കഴിയുന്നവരില്‍ പുതിയ മാനദണ്ഡപ്രകാരം അര്‍ഹത നഷ്ടപ്പെടുന്നവര്‍ ആറുമാസത്തിനകം വീടൊഴിയേണ്ടിവരുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു. നയം നടപ്പാക്കിയാല്‍ ഏകദേശം 2,28,144 സോഷ്യല്‍ ഹൗസിങ് വീടുകള്‍ ബ്രിട്ടിഷ് കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കണ്‍സര്‍വേറ്റീവുകളുടെ അവകാശവാദം. കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ ലേബര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ ഫലമായി ബ്രിട്ടിഷ് കുടുംബങ്ങള്‍ വര്‍ഷങ്ങളോളം വീടിനായി കാത്തിരിക്കേണ്ടിവരുന്നുവെന്നും പാര്‍ട്ടി ആരോപിച്ചു.

എന്താണ് സോഷ്യല്‍ ഹൗസിങ്?

സാധാരണ വിപണി വാടകയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് സോഷ്യല്‍ ഹൗസിങ്. ഇംഗ്ലണ്ടില്‍ പ്രധാനമായും പ്രാദേശിക കൗണ്‍സിലുകളും ഹൗസിങ് അസോസിയേഷനുകളുമാണ് ഇത്തരം വീടുകള്‍ അനുവദിക്കുന്നത്. സ്വകാര്യ വാടക വീടുകളെ അപേക്ഷിച്ച് കുറഞ്ഞ വാടകയും കൂടുതല്‍ സുരക്ഷിതമായ ദീര്‍ഘകാല താമസസൗകര്യവുമാണ് ഇവയുടെ പ്രത്യേകത. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍, ഭവനരഹിതരാകാന്‍ സാധ്യതയുള്ളവര്‍, പ്രത്യേക താമസ ആവശ്യങ്ങളുള്ളവര്‍ തുടങ്ങിയവരാണ് സാധാരണയായി സോഷ്യല്‍ ഹൗസിങ്ങിനായി അപേക്ഷിക്കുന്നത്. എന്നാല്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഉടന്‍ വീട് ലഭിക്കണമെന്നില്ല. അപേക്ഷകരുടെ യോഗ്യത, ആവശ്യത്തിന്റെ അടിയന്തരത, പ്രാദേശിക കൗണ്‍സിലുകളുടെ മുന്‍ഗണനാ മാനദണ്ഡങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വീടുകള്‍ അനുവദിക്കുന്നത്. 2025 മാര്‍ച്ചിലെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 13.4 ലക്ഷം കുടുംബങ്ങള്‍ സോഷ്യല്‍ ഹൗസിങ്ങിനായി കാത്തിരിപ്പുപട്ടികയിലുണ്ട്.

ആരെയെല്ലാം പുതിയ നയം ബാധിക്കും?

കണ്‍സര്‍വേറ്റീവുകളുടെ നിര്‍ദേശപ്രകാരം യുകെ, അയര്‍ലന്‍ഡ് പൗരത്വമോ അംഗീകരിക്കപ്പെട്ട യൂറോപ്യന്‍ യൂണിയന്‍ സെറ്റില്‍ഡ് സ്റ്റാറ്റസോ ഇല്ലാത്ത ചില വിദേശ പൗരന്മാര്‍ക്ക് സോഷ്യല്‍ ഹൗസിങ്ങിനുള്ള അര്‍ഹത നഷ്ടപ്പെടും. ഒറ്റയ്ക്ക് താമസിക്കുന്ന വിദേശ പൗരന്മാര്‍ക്കൊപ്പം കുട്ടികളുള്ള കുടുംബങ്ങളെയും വ്യവസ്ഥ ബാധിക്കും. ദമ്പതികളില്‍ ഇരുവര്‍ക്കും യുകെ പൗരത്വമോ അനുവദനീയമായ സെറ്റില്‍ഡ് സ്റ്റാറ്റസോ ഇല്ലെങ്കില്‍ നിലവിലെ സോഷ്യല്‍ ഹൗസിങ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതേസമയം യൂറോപ്യന്‍ യൂണിയന്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ഉള്ളവരെ നിലവിലെ വീടുകളില്‍നിന്ന് ഒഴിപ്പിക്കില്ലെന്നാണ് നിര്‍ദേശം. ഭാവിയിലും യുകെ പൗരന്മാര്‍ക്കും യോഗ്യമായ സെറ്റില്‍ഡ് സ്റ്റാറ്റസ് ഉള്ളവര്‍ക്കും സോഷ്യല്‍ ഹൗസിങ്ങിന് അപേക്ഷിക്കാം. എന്നാല്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ഇല്ലാത്ത യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് പുതിയ വീടുകള്‍ അനുവദിക്കില്ല. നിലവിലെ നിയമപ്രകാരം സെറ്റില്‍ഡ് സ്റ്റാറ്റസ്, അഭയാര്‍ഥി പദവി, ചില പ്രത്യേക മാനുഷിക സംരക്ഷണ പദവികള്‍ എന്നിവയുള്ള വിദേശ പൗരന്മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സോഷ്യല്‍ ഹൗസിങ്ങിന് അര്‍ഹതയുണ്ട്. അഭയാര്‍ഥിത്വ അപേക്ഷയില്‍ തീരുമാനത്തിനായി കാത്തിരിക്കുന്നവര്‍ക്ക് സാധാരണ സാഹചര്യത്തില്‍ സോഷ്യല്‍ ഹൗസിങ് ലഭിക്കില്ല. ഗാര്‍ഹിക പീഡനം പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ചില ഇളവുകള്‍ അനുവദിക്കുന്നത്.

പുതിയ വീടുകളില്‍ 89 ശതമാനവും യുകെ പൗരന്മാര്‍ക്ക്

2024-25 കാലയളവില്‍ പുതുതായി അനുവദിച്ച സോഷ്യല്‍ ഹൗസിങ് വീടുകളിലെ പ്രധാന വാടകക്കാരില്‍ 89 ശതമാനവും യുകെ പൗരന്മാരായിരുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഏകദേശം 2.33 ലക്ഷം യുകെ പൗരന്മാര്‍ക്ക് ഈ കാലയളവില്‍ പുതിയ സോഷ്യല്‍ ഹൗസിങ് ലഭിച്ചു. അതേസമയം പുതിയ വീടുകളുടെ 2.3 ശതമാനമാണ് അഭയാര്‍ഥികള്‍ക്ക് ലഭിച്ചത്. ഇവരില്‍ ഏകദേശം 800 പേര്‍ യുകെ പൗരന്മാരും 3,900 പേര്‍ യുകെ പൗരത്വമില്ലാത്തവരുമായിരുന്നു. പുതിയ സോഷ്യല്‍ ഹൗസിങ് ലഭിച്ച അഭയാര്‍ഥികളില്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശികളാണ് ഏറ്റവും കൂടുതല്‍. യുക്രെയ്ന്‍ സ്വദേശികളാണ് തൊട്ടുപിന്നില്‍.

'റിഫോം യുകെയുടെ നയം പകര്‍ത്തി'; വിമര്‍ശനവുമായി ലേബര്‍

കണ്‍സര്‍വേറ്റീവുകളുടെ പ്രഖ്യാപനത്തെ ലേബര്‍ പാര്‍ട്ടി ശക്തമായി വിമര്‍ശിച്ചു. റിഫോം യുകെയില്‍നിന്ന് പകര്‍ത്തിയതും പ്രായോഗികമല്ലാത്തതുമായ നയമാണിതെന്നും രാജ്യത്തെ ഭവന പ്രതിസന്ധിക്ക് ഇതിലൂടെ പരിഹാരം കാണാനാവില്ലെന്നും ലേബര്‍ ആരോപിച്ചു. നയം പ്രധാനമായും അഭയാര്‍ഥികളെയും വര്‍ഷങ്ങളായി ബ്രിട്ടനില്‍ താമസിച്ച് രാജ്യത്തിന് സംഭാവന നല്‍കിയ കുടുംബങ്ങളെയും ബാധിക്കുമെന്നും കൂടുതല്‍ കുടുംബങ്ങള്‍ ഭവനരഹിതരാകാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും ലേബര്‍ മുന്നറിയിപ്പ് നല്‍കി. ഭവന, ഭവനരഹിത ക്ഷേമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടറും നിര്‍ദേശത്തിനെതിരെ രംഗത്തെത്തി. സോഷ്യല്‍ ഹൗസിങ് ലഭിക്കുന്നതിന് നിലവില്‍ തന്നെ കര്‍ശനമായ യോഗ്യതാ മാനദണ്ഡങ്ങളുണ്ടെന്നും വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും സ്വാഭാവികമായി വീടുകള്‍ നല്‍കുന്ന സംവിധാനമല്ല നിലവിലുള്ളതെന്നും സംഘടന വ്യക്തമാക്കി. പതിറ്റാണ്ടുകളായി സോഷ്യല്‍ ഹൗസിങ് വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളെയും പെന്‍ഷന്‍കാരെയും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെ പുറത്താക്കാന്‍ പുതിയ നയം ഇടയാക്കാമെന്നും ഷെല്‍ട്ടര്‍ മുന്നറിയിപ്പ് നല്‍കി.

ആദ്യം പ്രഖ്യാപിച്ചത് റിഫോം യുകെ

വിദേശ പൗരന്മാര്‍ സോഷ്യല്‍ ഹൗസിങ്ങില്‍ താമസിക്കുന്നുണ്ടെങ്കില്‍ സ്വകാര്യ താമസസൗകര്യം കണ്ടെത്തുന്നതിനായി മൂന്ന് മാസം സമയം നല്‍കുമെന്ന നിര്‍ദേശം റിഫോം യുകെ നേതാവ് നൈജല്‍ ഫറാജ് ജൂണില്‍ മുന്നോട്ടുവച്ചിരുന്നു. സോഷ്യല്‍ ഹൗസിങ് ബ്രിട്ടിഷ് പൗരന്മാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് റിഫോം യുകെയുടെ നിലപാട്. ഇതിന് പിന്നാലെയാണ് കണ്‍സര്‍വേറ്റീവുകളും സമാന നയം പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങളുടെ ആശയം പകര്‍ത്തിയിട്ടും കണ്‍സര്‍വേറ്റീവുകള്‍ ആവശ്യത്തിന് കടുത്ത നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് റിഫോം യുകെയുടെ വിമര്‍ശനം. യൂറോപ്യന്‍ യൂണിയന്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ഉള്ളവരെ വിലക്കില്‍നിന്ന് ഒഴിവാക്കുന്നതാണ് പാര്‍ട്ടിയുടെ പ്രധാന എതിര്‍പ്പ്.

 
Other News in this category

 
 




 
Close Window