നല്ല രത്‌നങ്ങള്‍ രാജാക്കന്മാര്‍ക്ക് വിജയവും ഭാഗ്യവും നേടിക്കൊടുക്കും. ദോഷരത്‌നങ്ങള്‍ പരാജയവും നിര്‍ഭാഗ്യവും സമ്മാനിക്കും - ജ്യോതിഷാചാര്യനായ വരാഹമിഹിരന്റെ വാക്കുകളാണിത്. ഗ്രഹങ്ങളുടെ ഭൂമിയിലെ ആകര്‍ഷണശക്തിയുടെ പ്രതീകങ്ങളാണ് രത്‌നങ്ങള്‍. രമന്തേ അസ്മിന്‍ ഇതി രത്‌ന - ഈ ശ്ലോകം ശ്രദ്ധിക്കുക. ഏതൊന്നിലാണോ മനസ് രമിക്കുന്നത് അതിനെ രത്‌നം എന്ന് പറയുന്നു.
രത്‌നങ്ങള്‍ക്ക് പുരാണപാരമ്പര്യമുണ്ട്. സ്യാമന്തക രത്‌നത്തെക്കുറിച്ചും ശ്രീകൃഷ്ണനെക്കുറിച്ചും, കേട്ടിട്ടില്ലാത്തവര്‍ വിരളം. മഹാഭാരതത്തിന്റെ അവസാന ഭാഗത്ത് അശ്വദ്ധാമാവിന്റെ ശിരസിലണിഞ്ഞിരിക്കുന്ന രത്‌നം അര്‍ജ്ജുനന്‍ വാങ്ങിയ കഥ പ്രസിദ്ധം. ഓരോരുത്തരുടേയും അനുഭവങ്ങളാണ് രത്‌നങ്ങളുടെ ഭാഗ്യവും ദോഷവും. ഉപയോഗിക്കുന്നതിനു മുമ്പ് അതിനെക്കുറിച്ച് അറിവുള്ളവരോട് ചോദിച്ചു മനസിലാക്കണം.
രത്‌നങ്ങളെക്കുറിച്ച് വിശ്വാസങ്ങള്‍ പലതുണ്ട്. ചില രത്‌നങ്ങള്‍ ഭൂതപ്രേതാദികളെ അകറ്റും. ചിലത് അപകടങ്ങളില്‍ നിന്നു രക്ഷിക്കും. ചില രത്‌നങ്ങള്‍ ധരിച്ചാല്‍ സന്താനഭാഗ്യം. - ഇങ്ങനെ പലതരം അനുഭവങ്ങളുണ്ട്.
രത്‌നം ധരിക്കുന്നത്, വെയിലില്‍ നിന്നും മഴയില്‍ നിന്നും രക്ഷനേടാന്‍ കുട ചൂടുന്നതുപോലെയാണ്. രസതന്ത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രകൃതിയിലെ സമ്മര്‍ദ്ദങ്ങള്‍ മൂലം പല പദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്നവയാണ് രത്‌നങ്ങള്‍. ദോഷഗ്രഹങ്ങളുടെതാണെങ്കിലും രത്‌നങ്ങള്‍ നല്ല ഗുണത്തിന്റെ പ്രഭാവം മാത്രം ധരിക്കുന്ന ആളിലേയ്ക്ക് കടത്തിവിടുന്നു. ദോഷങ്ങളില്‍ നിന്ന് രത്‌നങ്ങള്‍ ധരിക്കുന്നയാള്‍ക്ക് സുരക്ഷ നല്‍കുന്നു. മനുഷ്യ ശരീരത്തില്‍ മഴവില്ലില്‍ കാണുന്ന നിറങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഇവയില്‍ ഏതെങ്കിലും ഒരു നിറത്തിന്റെ കുറവ് ദോഷകരമായി ബാധിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. രത്‌നധാരണം നിറത്തിന്റെ കുറവ് പരിഹരിച്ച് നല്‍കുന്നു.
സൂര്യന്റെ പ്രകാശത്തിലെ 7 നിറങ്ങളിലൂടെ രത്‌നങ്ങള്‍ ധരിക്കുന്നവരെ സ്വാധീനിക്കുന്നതായി പറയപ്പെടുന്നു. കടലില്‍ വഴി തെറ്റിയവരെ രത്‌നം വഴി കാണിക്കുമെന്നാണ് ബ്രിട്ടീഷുകാരുടെ വിശ്വാസം. സര്‍പ്പങ്ങളുടെ കാഴ്ച കുറയ്ക്കാന്‍ മരതക രത്‌നത്തിന് കഴിവുണ്ട് എന്നും കേട്ടു കേള്‍വിയുണ്ട്. പ്രാചീന ഭാരതത്തില്‍ 64 കലകളില്‍ പ്രാവീണ്യം നേടുന്ന വിദ്വാന്മാര്‍ പഠിക്കേണ്ട ഒരു കല രൂപരത്‌ന പരീക്ഷ എന്ന് അറിയപ്പെട്ടിരുന്നു. ഇത് രത്‌നങ്ങളുടെ പരിശുദ്ധി നിര്‍ണ്ണയിക്കുന്ന പരീക്ഷണം ആയിരുന്നു. ജ്യോതിഷത്തിന്റെ അത്ഭുതകരമായ ശാഖകളില്‍ ഒന്നാണ് രത്‌ന ശാസ്ത്രം.
രത്‌നം ധരിക്കണം എന്ന് ആരെങ്കിലും പറഞ്ഞാല്‍ കണ്ണും പൂട്ടി വിശ്വസിക്കരുത്. കൃത്യമായി ഒന്ന് ചോദിച്ചറിയേണ്ടതുണ്ട്. ഒരു ഗ്രഹവും ആര്‍ക്കും പൂര്‍ണ്ണമായും അനുകൂലമല്ല. അതുകൊണ്ടുതന്നെ ശുഭഫലത്തോടൊപ്പം ദോഷഫലവും അവചെയ്യുന്നു. അവ പ്രതിനിധാനം ചെയ്യുന്ന രത്‌നങ്ങള്‍ ധരിക്കുമ്പോള്‍ സ്വാഭാവികമായും ഗുണഫലവും ഒപ്പം ദോഷഫലവും കൂടുന്നു. ഒരു നല്ല ജ്യോതിഷിയുടെ സഹായം കൊണ്ട് മാത്രമേ ഒരാളുടെ ഗ്രഹനില പരിശോദിച്ച് യഥാര്‍ത്ഥ രത്‌ന നിര്‍ണ്ണയം നടത്തുവാനാകൂ.
രത്‌ന ധാരണം ഏറ്റവും അനുയോജ്യമായ ഗ്രഹദോഷപരിഹാരമാര്‍ഗ്ഗമാണ്. രത്‌നം ധരിയ്ക്കുമ്പോള്‍ തന്നെ അതിന്റെ ഒരു പ്രഭാവം ധരിക്കുന്നവരില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. രത്‌നങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാവുന്നവയാണനുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
അനുഷ്ഠാനത്തിന് വലിയ പ്രയാസമില്ലാത്തതുകൊണ്ടും, വളരെ പെട്ടന്ന് ഫലിക്കുന്നതുകൊണ്ടും രത്‌ന ശാസ്ത്ര ശാഖയ്ക്ക് വലിയ പ്രചാരം വന്നുചേര്‍ന്നിരിക്കുന്നു. നവരത്‌നങ്ങള്‍ നവഗ്രഹങ്ങളുടെ അദൃശ്യശക്തി പ്രഭാവത്തെ വശീകരിച്ച് മനുഷ്യ ശരീരത്തിലേയ്ക്ക് കടത്തിവിടുവാന്‍ കഴിവുണ്ട്. രത്‌നങ്ങളുടെ മധ്യസ്ഥതയിലൂടെ ലഭിക്കുന്ന ഈ ശക്തി ഇതു ധരിക്കുന്നവരെ ആഗ്രഹ സഫലീകരണത്തിലേയ്ക്ക് നയിക്കുന്നു. |