Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഒരു വര്‍ഷത്തെ കോഴ്‌സിന് ഫീസ് 40,000 രൂപ ; ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സ് ക്ഷണിക്കുന്നു
Reporter
വിസകളില്‍ പിടിമുറുക്കി വിദേശ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ബ്രിട്ടന്‍ പല വിധം നിയന്ത്രണങ്ങള്‍ വച്ചപ്പോള്‍ ഫ്രാന്‍സ് സ്വന്തം രാജ്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നു. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വാഗതം എന്നെഴുതി ഒരു ബാനറും തൂക്കി. ഫ്രഞ്ച് ഭാഷ അറിയുന്നവര്‍ മാത്രം ഫ്രാന്‍സില്‍ പഠിച്ചാല്‍ മതിയെന്ന തീരുമാനം മാറ്റി. പകരം, ഇംഗ്ലീഷില്‍ പഠിപ്പിക്കാന്‍ തയാറുള്ള യൂണിവേഴ്‌സിറ്റികള്‍ ഫ്രാന്‍സിലുണ്ടെന്ന് അറിയിപ്പ് പ്രസിദ്ധീകരിച്ചു. ഫ്രഞ്ച് സര്‍ക്കാരിന്റെ ലക്ഷ്യം പാളിയില്ല. ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഇതാ ഫ്രാന്‍സിലേക്ക് ഒഴുകുന്നു. ഫീസായി കോടിക്കണക്കിനു രൂപ ഖജനാവിലേക്കു മുതല്‍ക്കൂട്ടുന്നു. എടുത്ത തീരുമാനത്തില്‍ നിന്നു പിന്മാറാനാവാതെ ബ്രിട്ടന്‍ ഇപ്പോള്‍ അതു നോക്കി വെള്ളമിറക്കിക്കൊണ്ടിരിക്കുകയാണ്.
വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വിസാ നിയമങ്ങള്‍ യുകെ കര്‍ശനമാക്കിയപ്പോള്‍ ഫ്രാന്‍സ് നേരേ തിരിച്ചാണു ചെയ്തത്. വിസ, സ്‌കോളര്‍ഷിപ്, കുറഞ്ഞ നിരക്കില്‍ താമസസൗകര്യം എന്നിങ്ങനെ വാഗ്ദാനങ്ങളുടെ നിര. ലോകത്തെ ഉന്നതവിദ്യാഭ്യാസരംഗം വലിയ മാറ്റത്തിനു സാക്ഷ്യം വഹിക്കുകയാണെന്നാണ് ഫ്രാന്‍സിലെ ഉന്നതവിദ്യാഭ്യാസത്തിനു വിദേശവിദ്യാര്‍ഥികളെ സഹായിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ ക്യാംപസ് ഫ്രാന്‍സ് അധികൃതര്‍ പറയുന്നത്.
യുഎസിലും യുകെയിലും മാത്രം ഉന്നതവിദ്യാഭ്യാസത്തിനു പോയിരുന്ന കാലം മാറുന്നു. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒഴുക്ക് തുടങ്ങി. അധ്യാപക, വിദ്യാര്‍ഥി അനുപാതം ഫ്രാന്‍സില്‍ കുറവാണെന്നതും മെച്ചമാണ്. ലോകത്തിലെ ഏറ്റവും നല്ല 'സ്റ്റുഡന്റ് സിറ്റിയായി രണ്ടാംതവണയും പാരിസിനെ ക്യുഎസ് ടോപ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ കഴിഞ്ഞദിവസം തിരഞ്ഞെടുത്തു.
ഇന്ത്യയില്‍നിന്നുള്ള മികച്ച വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ ഇളവുകളാണു ഫ്രാന്‍സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫലമോ, കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 50 % ആണു വര്‍ധന. ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിനു രണ്ടായിരത്തി അറുനൂറിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഫ്രാന്‍സിലുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ എണ്ണം ഇരട്ടിയാകുമെന്ന് അധികൃതര്‍ കരുതുന്നു.
യുകെ, യുഎസ് എന്നിവയെ അപേക്ഷിച്ചു ഫ്രാന്‍സില്‍ പഠനച്ചെലവ് കുറവാണ്; സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും. പ്രമുഖ ആര്‍ക്കിടെക്ചര്‍ കോളജായ പാരിസിലെ ഇഎന്‍എസ്എപിബിയില്‍ ബാച്ചിലര്‍ പ്രോഗ്രാമിന് പ്രതിവര്‍ഷം 369 യൂറോയും (ഏകദേശം 28,000 രൂപ) മാസ്റ്റര്‍ പ്രോഗ്രാമിന് 506 യൂറോയും (ഏകദേശം 39,000 രൂപ) ആണു ടൂഷന്‍ ഫീസ്. നീസിനു സമീപം സോഫിയ ആന്റിപൊലിസ് സര്‍വകലാശാലയില്‍ ബാച്ചിലര്‍ തലത്തില്‍ പ്രതിവര്‍ഷം 183 യൂറോയും (14,000 രൂപ) മാസ്റ്റര്‍ തലത്തില്‍ 254 യൂറോയും (19,500 രൂപ) ഡോക്ടറേറ്റ് തലത്തില്‍ 388 യൂറോയും (30,000 രൂപ) മാത്രം.

എന്നാല്‍ സ്വകാര്യ മാനേജ്‌മെന്റ്, എന്‍ജിനീയറിങ് സ്‌കൂളുകളില്‍ ഫീസ് കൂടും. യൂറോകോം എന്‍ജിനീയറിങ് സ്‌കൂളില്‍ രാജ്യാന്തര മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിന് 11,000 യൂറോ (ഏകദേശം 8.5 ലക്ഷം രൂപ) ആണു മൊത്തം ഫീസ്. പോസ്റ്റ് മാസ്‌റ്റേഴ്‌സ് ഡിഗ്രിക്ക് 12,000 യൂറോയും (ഏകദേശം 9.25 ലക്ഷം രൂപ).
ഫ്രാന്‍സില്‍ പഠിച്ച് അവിടെത്തന്നെ ജോലിക്കു ശ്രമിക്കുന്ന വിദേശവിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കു വിസ നീട്ടിക്കൊടുക്കും. ജോലി കണ്ടെത്താനും സഹായിക്കും. പിന്നീടൊരിക്കല്‍ എത്തണമെന്നു തോന്നിയാല്‍ ദീര്‍ഘകാല വീസയും അനുവദിക്കും. ഫ്രാന്‍സില്‍ പിഎച്ച്ഡി ചെയ്തവരാണെങ്കില്‍ അഞ്ചുവര്‍ഷത്തെ ഫ്രഞ്ച് വീസ പിന്നീട് എപ്പോള്‍വേണമെങ്കിലും നല്‍കും.
ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഫ്രാന്‍സിലെത്തുന്നത്. എണ്ണൂറോളം കോഴ്‌സുകള്‍ ഇംഗ്ലിഷ് ഭാഷയില്‍ പഠിപ്പിച്ചുകൊണ്ട് യൂണിവേഴ്‌സിറ്റികള്‍ വിശാല മനസ്‌കത പ്രകടിപ്പിച്ചു. ഫ്രാന്‍സില്‍ ജീവിക്കാനുള്ള ഫ്രഞ്ച് തട്ടിമുട്ടി അറിഞ്ഞാല്‍ മതി. അത് അവിടെച്ചെന്നു മാസങ്ങള്‍കൊണ്ടു പഠിച്ചെടുക്കാവുന്നതേയുള്ളൂ. ഒരുകാലത്ത് ഫ്രാന്‍സിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ പൂര്‍ണമായും ഫ്രഞ്ചില്‍ മാത്രമായിരുന്നെങ്കിലും ആ നില മാറി. കോഴ്‌സുകള്‍ ഇംഗ്ലിഷിലും പഠിപ്പിക്കാമെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. പാരിസ് തെരുവുകളില്‍ ഫ്രഞ്ച് പ്രേമികളുടെ പ്രതിഷേധ പ്രകടനം ഉണ്ടായെങ്കിലും യൂണിവേഴ്‌സിറ്റികള്‍ അതൊന്നും മൈന്‍ഡ് ചെയ്തില്ല.
രാജ്യാന്തര വിദ്യാഭ്യാസ കേന്ദ്രമായി ഫ്രാന്‍സിനെ മാറ്റണമെങ്കില്‍ ഇംഗ്ലിഷ് കൂടിയേതീരൂ എന്ന തിരിച്ചറിവായിരുന്നു മാറ്റത്തിനു കാരണം.
 
Other News in this category

 
 




 
Close Window