|
അന്‍പതു വര്‍ഷത്തിലേറെക്കാലം ബ്രിട്ടനില്‍ ജീവിച്ചയാള്‍ ബ്രിട്ടീഷ് പൗരനല്ലെന്നു മുദ്രകുത്താനുള്ള ഹോം ഓഫീസിന്റെ ശ്രമം പരാജയപ്പെട്ടു. 1961ല്‍ ബ്രിട്ടനില്‍ എത്തി ഇവിടെ പഠിച്ചു വളര്‍ന്ന്, ലണ്ടനിലെ സ്ത്രീയെ വിവാഹം ചെയ്തയാളുടെ സങ്കടത്തിന് പരിഹാരമായി. മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് പൗരത്വം തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖകള്‍ അംഗീകരിക്കപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്രിട്ടീഷ് പത്രങ്ങളുടെ ഒന്നാം പേജില്‍ പ്രധാന വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടതിലൂടെ മൈക്കിള്‍ ബ്രെത്ത് വെയ്റ്റ് എന്നയാള്‍ക്കാണ് നീതി ലഭിച്ചത്.
ടീച്ചിങ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന മൈക്കിള്‍ 1961ലാണ് ബ്രിട്ടനിലെത്തിയത്. നോര്‍ത്ത് ലണ്ടന്‍ പ്രൈമറി സ്‌കൂളില്‍ 15 വര്‍ഷക്കാലം ജോലി ചെയ്തു. ഇതിനിടെയുണ്ടായ ഇമിഗ്രേഷന്‍ പരിശോധന മൈക്കിളിനെ നിയമക്കുരുക്കുകളിലേക്കു നയിച്ചു. ബ്രിട്ടന്‍ വിട്ടു പോകേണ്ടി വരുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്തു. മൈക്കിള്‍ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത് ബ്രിട്ടനിലാണെന്ന് മാധ്യമങ്ങള്‍ തെളിവു സഹിതം വിശദീകരിച്ചു. സെക്കന്‍ഡറി വിദ്യാഭ്യാസം നടത്തിയതും പിന്നീട് സ്‌കൂളില്‍ ജോലി ചെയ്തതും രേഖകളായി എത്തി. ബ്രിട്ടീഷുകാരിയെ വിവാഹം ചെയ്തതിന്റെ രേഖകളും ആ ബന്ധത്തില്‍ മൂന്നുമക്കളുണ്ടായതിന്റെ തെളിവും പുറത്തു കൊണ്ടു വന്നു. മൈക്കളിന് ബ്രിട്ടനില്‍ കൊച്ചു കൊച്ചുമക്കളുമുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കി. ഇതോടെ ഹോം ഓഫീസിന് സ്ഥിതിഗതികള്‍ അംഗീകരിക്കേണ്ടി വന്നു. ഈ വിഷയത്തില്‍ ജനരോഷം ഇരമ്പി. ഇത്തരം സംഭവങ്ങള്‍ ഒരു വിഭാഗം ജനങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് ലീഗല്‍ പോളിസി ഡയറക്ടര്‍ പട്ടേല്‍ ചൂണ്ടിക്കാട്ടി. ഹോം ഓഫിസിന്റെ പിടിപ്പുകേടാണ് പൗരന്മാരെ തീരാത്ത ദുഖത്തിലേക്ക് തള്ളിവിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. |