Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പാരീസില്‍ നിന്നും മലയാളി വിദ്യാര്‍ത്ഥിനിയെ യുകെയില്‍ എത്തിക്കണം:ഹൈക്കോടതി
Solicitor , Paul John
ലണ്ടന്‍:പാരീസില്‍ തടഞ്ഞുവച്ച മലയാളിവിദ്യാര്‍ത്ഥിനിയെ പഠനം തുടരുന്നതിനായി യുകെയില്‍ തിരിച്ചെത്തിക്കണമെന്ന് യുകെയിലെ ഹൈക്കോടതി ഇന്നലെ വിധി പ്രസ്താവിച്ചു.യുകെയില്‍ എന്‍വിക്യു ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കോഴ്‌സിന് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനി നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി ഈ വിധി പ്രസ്താവിച്ചത്.കനേഡിയന്‍ മൈഗ്രേഷനുവേണ്ടിയുള്ള ഇന്റര്‍വ്യൂവിന് വേണ്ടിയാണ് ഈ വിദ്യാര്‍ത്ഥിനി പാരീസിലെത്തിയത്.ഇന്റര്‍വ്യൂ കഴിഞ്ഞതിനുശേഷം തിരികെ യൂറോസ്റ്റാര്‍ ട്രെയിനില്‍ മടങ്ങിവരാന്‍ പാരീസിലെ ടെര്‍മിനലിലെത്തിയ വിദ്യാര്‍ത്ഥിനിയെ യുകെ ബോര്‍ഡര്‍ ഏജന്‍സി ഉദ്യോഗസ്ഥരാണ് തടഞ്ഞു വച്ചത്.

സെപ്തംബര്‍ ഏഴാംതീയതിയാണ് എറണാകുളം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ പാരീസിലെ യുകെ ബോര്‍ഡര്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ യുകെയിലേക്ക് മടങ്ങി വരുന്നതില്‍ നിന്നും തടഞ്ഞത്.ആഴ്ചയില്‍ 30മണിക്കൂറില്‍ അധികമായി ജോലി ചെയ്യുന്നുണ്ടെന്നും അതുപോലെതന്നെ മാസം 30മണിക്കൂര്‍ മാത്രമേ കോളേജില്‍ അറ്റന്‍ഡ് ചെയ്യുന്നുള്ളുവെന്നും ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ വിസ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.ഇതിനെതിരെ പാരീസില്‍ നിന്നും ഇന്ത്യയിലെത്തിയശേഷം അപ്പീല്‍ നല്‍കാമെന്നും ഹോം ഓഫീസ് അധികൃതര്‍ അറിയിച്ചു.ഈ നടപടി വിദ്യാര്‍ത്ഥിനിയെ ത്രിശങ്കുസ്വര്‍ഗ്ഗത്തിലെന്നപോലെയാക്കി.21-ാം തീയതിവരെ schengen visa ഉള്ളതിനാല്‍ പാരീസില്‍ താമസിച്ചശേഷം നാട്ടിലേക്ക് മടങ്ങപ്പോകാനാണ് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്.യുകെ ബോര്‍ഡര്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ തടഞ്ഞു വയ്ക്കാതെ വിസ കാന്‍സല്‍ ചെയ്തതു വഴി വിദ്യാര്‍ത്ഥിനിക്കു യുകെയിലേക്ക് വരുന്നതിനും തടസ്സമായി.ഇതിനെതിരെ പാരീസിലുള്ള വിദ്യാര്‍ത്ഥിനി സഹായത്തിനായി ലണ്ടനിലെ Paul John & Co സോളിസിറ്റേഴ്‌സുമായി ബന്ധപ്പെടുകയായിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥിനിയെ യുകെയില്‍ തിരികെ എത്തിക്കണമെന്ന സോളിസിറ്റേഴ്‌സിന്റെ അഭ്യര്‍ത്ഥന യുകെ ബോര്‍ഡര്‍ ഏജന്‍സി ചെവിക്കൊണ്ടില്ല.ഫാക്‌സ് ലഭിക്കുന്നില്ല അല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തിരികെ വിളിക്കുമെന്നെല്ലാം പറഞ്ഞ് യുകെ ബോര്‍ഡര്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ നാടകം കളിക്കുകയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് തോന്നിയെന്ന് വിദ്യാര്‍ത്ഥിനിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ പോള്‍ ജോണ്‍ അറിയിച്ചു.എമര്‍ജന്‍സിയായി നല്‍കിയ അപേക്ഷ പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് എഡ്വാര്‍ഡ്‌സ് സ്റ്റുവോര്‍ട്ട് വിദ്യാര്‍ത്ഥിനിയെ പാരീസില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ അയക്കരുതെന്നും,അതിനു പകരം യുകെയില്‍ തിരിച്ചെത്തിച്ചശേഷം പഠനം തുടരാന്‍ അനുവദിക്കണമെന്നുമുള്ള വിധി പ്രസ്താവിച്ചത്.

സാധാരണഗതിയില്‍ യുകെയില്‍ നിന്നും പുറത്താക്കരുത് എന്ന് ഇന്‍ജക്ഷന്‍ ഹൈക്കോടതി അനുവദിക്കാറുണ്ടെങ്കിലും തന്റെ അനുഭവത്തില്‍ ഇതാദ്യമായാണ് വിദേശത്തുള്ള ഒരാളെ തിരികെ യുകെയില്‍ എത്തിക്കാന്‍ ഹൈക്കോടതി ഉത്തരവിടുന്നതെന്ന് സോളിസിറ്റര്‍ പോള്‍ ജോണ്‍ പറഞ്ഞു.യുകെയിലെ എയര്‍പോര്‍ട്ടുകളില്‍ ഈ അനുഭവം ധാരാളം വിദ്യാര്‍ത്ഥിനികള്‍ക്ക് ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എന്നാല്‍ ഒട്ടുമിക്ക വിദ്യാര്‍ത്ഥികളും സോളിസിറ്റര്‍മാരുടെ സഹായം തേടാതെ നാട്ടിലേക്ക് മടങ്ങുകയാണ് പതിവ്.നാട്ടിലെത്തിയാല്‍ പിന്നീട് യുകെയില്‍ അപ്പീല്‍ നല്‍കി ആരും തിരിച്ചുവരാന്‍ ശ്രമിക്കാറുമില്ല.ഈ കാര്യം അറിയാവുന്നതുകൊണ്ടാണ് യുകെ ബോര്‍ഡര്‍ ഏജന്‍സി എയര്‍പോര്‍ട്ടുകളില്‍ നിന്നു തന്നെ വിദ്യാര്‍ത്ഥികളെ എത്രയും വേഗം മടക്കി അയക്കാന്‍ ശ്രമിക്കുന്നത്.പുതിയ സ്റ്റുഡന്റ് വിസ നിയമമാറ്റത്തോടുകൂടി വിദ്യാര്‍ത്ഥികളെ എയര്‍പോര്‍ട്ടുകളില്‍ ഇന്റര്‍വ്യൂവില്‍ കുടുക്കി തിരികെ അയക്കുന്നത് കഴിഞ്ഞമാസം മുതല്‍ സാധാരണമാണ്.വേനല്‍ അവധിക്കാലം കഴിഞ്ഞു തിരികെയെത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇങ്ങനെ പ്രശ്‌നത്തില്‍ പെടുന്നത്.

വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യതയെ ഹനിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് പേരും മറ്റു വിവരങ്ങളും പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

എയര്‍പോര്‍ട്ട്കളില്‍ പ്രശ്‌നമുണ്ടായാല്‍ എങ്ങനെ നേരിടണമെന്ന് നാളെ വിശദമായി ഒരു ലേഖനം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്.
Show Users Comments >>
 
Other News in this category

 
 




 
Close Window