കാലിഫോര്‍ണിയയില്‍ 10 ദിവസത്തോളം പര്‍വതത്തില്‍ കുടുങ്ങിപ്പോയ ഹൈക്കറെ ഒടുവില്‍ രക്ഷപ്പെടുത്തി. ബൂട്ടില്‍ ശേഖരിച്ച കാട്ടുപഴങ്ങളും വെള്ളവും കഴിച്ചാണ് ഇയാള്‍ അതിജീവിച്ചത്. 34 -കാരനായ ലൂക്കാസ് മക്ക്ലിഷ് എന്ന യുവാവ് സാന്താക്രൂസ് പര്‍വതനിരകളിലാണ് കുടുങ്ങിപ്പോയത്. ജൂണ്‍ 11 -ന് മൂന്ന് മണിക്കൂര്‍ കൊണ്ട് തിരിച്ചെത്താമെന്ന് കരുതിയാണ് ഇയാള്‍ തന്റെ നടപ്പ് ആരംഭിച്ചത്. എന്നാല്‍, അധികം നടക്കും മുമ്പ് തന്നെ ലൂക്കാസിന് വഴി തെറ്റുകയായിരുന്നു. അടുത്തിടെയുണ്ടായ കാട്ടുതീ കാരണമാണ് ഇയാള്‍ക്ക് വഴി കണ്ടുപിടിക്കുന്നത് പ്രയാസമായിത്തീര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂണ്‍ 16 -ന് ഫാദേഴ്സ് ഡേയില്‍ എത്താത്തിനെ തുടര്‍ന്നാണ് ഇയാളുടെ വീട്ടുകാര്‍ ലൂക്കാസിനെ കാണാനില്ല എന്ന് കാണിച്ച് പരാതി നല്‍കുന്നത്. പിന്നാലെ, യുവാവിന് വേണ്ടി തിരച്ചിലാരംഭിച്ചു.
സാന്താക്രൂസ് ഷെരീഫിന്റെ ഓഫീസില്‍ നിന്നുള്ള ഡ്രോണാണ് ഒടുവില്‍ ലൂക്കാസിനെ കണ്ടെത്തിയത്. X -ലെ (ട്വിറ്റര്‍) ഒരു പോസ്റ്റില്‍, രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിച്ച കാല് ഫയര്‍ സാന്‍ മാറ്റിയോ പറഞ്ഞത്, ലൂക്കാസ് സഹായത്തിന് വേണ്ടി നിലവിളിക്കുന്നത് പലരും കേട്ടിരുന്നു. എന്നാല്‍ എവിടെ നിന്നാണ് ശബ്ദം വരുന്നത് എന്ന് കണ്ടെത്താനാവാത്തതുകൊണ്ടാണ് സഹായിക്കാന്‍ സാധിക്കാതിരുന്നത് എന്നാണ്. സാന്താക്രൂസ് കൗണ്ടിയിലെ എംപയര്‍ ഗ്രേഡ് റോഡിനും ബിഗ് ബേസിന് ഹൈവേയ്ക്കും ഇടയിലാണ് ഒടുവില്‍ ലൂക്കാസിനെ കണ്ടെത്തിയത് എന്നും പറയുന്നു. താന്‍ ധരിച്ചിട്ട് പോയ വസ്ത്രവും, ഷൂസും, തൊപ്പിയും പിന്നെ ഫ്ലാഷ്ലൈറ്റും, ഒരു കത്രികയും മാത്രമാണ് കയ്യിലുണ്ടായിരുന്നത്. വെള്ളം കുടിക്കാന്‍ താന്‍ ശ്രദ്ധിച്ചിരുന്നു. ധാരാളം വെള്ളം കുടിച്ചിരുന്നു. അടുത്തുള്ള വെള്ളച്ചാട്ടത്തില്‍ നിന്നും ബൂട്ടിലാണ് വെള്ളം ശേഖരിച്ചിട്ട് വന്നത് എന്ന് ലൂക്കാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇനി കുറച്ച് കാലത്തേക്ക് കാട്ടിലേക്കുള്ള യാത്രയില്ല എന്നും ലൂക്കാസ് പറയുന്നു.