Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=109.0275 INR  1 EURO=90.9422 INR
ukmalayalampathram.com
Sun 16th Feb 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
reporter

തൊടുപുഴ: ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമ മോഹന്‍, സംഗീത് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ബസിനടിയില്‍പെട്ടവരാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റ് മറ്റുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 34 യാത്രക്കാര്‍ അടക്കം 36 പേരാണ് ഉണ്ടായിരുന്നത്. വിനോദയാത്രാ സംഘത്തിന്റെ മടക്കയാത്രയിലാണ് ബസ് അപകടത്തില്‍ പെട്ടത്. വളവില്‍വെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. എന്നാല്‍ മരങ്ങളില്‍ തട്ടി ബസ് നിന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

കയറുകെട്ടി നിര്‍ത്തിയ ശേഷമാണ് ബസില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മുന്‍വശത്തെ ചില്ല് തകര്‍ത്താണ് ആദ്യം യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടന്‍ തന്നെ മുണ്ടക്കയം ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരാണ് മരിച്ചത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ കൊടും വളവുകള്‍ നിറഞ്ഞ റോഡില്‍ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം അപകടത്തില്‍പെട്ടെന്നാണ് ലഭിക്കുന്ന വിവരം. പീരുമേടില്‍ നിന്നും മുണ്ടക്കയത്ത് നിന്നും വന്ന ഫയര്‍ ഫോഴ്‌സ് സംഘവും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 
Other News in this category

 
 




 
Close Window