ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ ബാങ്കായ സാന്റാന്‍ഡര്‍ രാജ്യത്തെ 95 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു. ബാങ്ക് ശാഖകള്‍ ഇല്ലാതാകുന്നതോടെ ഇവിടെ ജോലി ചെയ്യുന്ന 750 പേര്‍ക്ക് തൊഴിലും നഷ്ടപ്പെടും. ബാങ്ക് ഉപയോക്താക്കള്‍ കൂട്ടത്തോടെ ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് മാറിയ സാഹചര്യത്തിലാണ് ഹൈസ്ട്രീറ്റ് ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കാന്‍ ബാങ്ക് തീരുമാനിച്ചത്. ജൂണ്‍ മാസത്തില്‍ തീരുമാനം പ്രാബല്യത്തിലാകും. ഇതിനു പുറമെ 36 ബ്രാഞ്ചുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കും. മറ്റു 18 ബ്രാഞ്ചുകളില്‍ ഫ്രണ്ട് ഓഫിസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. 95 ബ്രാഞ്ചുകള്‍ പൂട്ടുന്നതോടെ നിലവിലുള്ള 444 ബ്രാഞ്ചുകള്‍ 349 ആയി കുറയും. ബ്രാഞ്ചുകള്‍ പൂട്ടുന്ന സ്ഥലങ്ങളില്‍ കമ്യൂണിറ്റി ബാങ്കര്‍മാരുടെ പ്രവര്‍ത്തനം ലഭ്യമാക്കുമെന്ന് ബാങ്ക് വ്യക്തമാക്കി. ലൈബ്രറികള്‍ ഉള്‍പ്പെടെയുള്ള ലോക്കല്‍ കമ്മ്യൂണിറ്റി സെന്ററുകളില്‍ ആഴ്ചതോറും ബാങ്ക് ഉദ്യോഗസ്ഥരെത്തി ആളുകളുടെ ബാങ്കിങ് ആവശ്യങ്ങള്‍ക്ക് സഹായം ഒരുക്കുന്ന പദ്ധതിയാണിത്.
ഇതിനു പുറമെ തിരഞ്ഞെടുക്കപ്പെട്ട ലൊക്കേഷനുകളില്‍ വര്‍ക്ക് കഫേകളും ആരംഭിക്കും. പണം പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള ബാങ്കിങ് ആവശ്യങ്ങള്‍ ലഭ്യമാക്കിയായിരിക്കും കഫേകളുടെ പ്രവര്‍ത്തനം. ഡിജിറ്റല്‍ ബാങ്കിങ്ങിലേക്ക് ആളുകള്‍ അതിവേഗം മാറുന്നതിനാലാണ് ലോക്കല്‍ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് ബാങ്ക് വ്യക്തമാക്കി. എങ്കിലും ഉപയോക്താക്കള്‍ക്ക് അധികം ബുദ്ധിമുട്ട് അനുഭവപ്പെടാത്ത വിധമാകും ബ്രാഞ്ചുകള്‍ നിര്‍ത്തലാക്കുകയെന്നും അധികൃതര്‍ പറഞ്ഞു. പല സ്ഥലങ്ങളിലും എംപിമാരും മറ്റു ജനപ്രതിനിധികളും ഇതിനെതിരേ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ജനുവരിയില്‍ ലോയിഡ്‌സ് ബാങ്കും 136 ശാഖകള്‍ അടച്ചുപൂട്ടിയിരുന്നു. എച്ച്.എസ്.ബി.സി, ബാര്‍ക്ലേസ്, ഹാലിഫാക്‌സ് തുടങ്ങിയ വന്‍കിട ബാങ്കിങ് കമ്പനികളെല്ലാം നേരത്തെതന്നെ രാജ്യത്ത് നൂറുകണക്കിന് ശാഖകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ സന്റാന്‍ഡറും ലോയിഡ്‌സ് ബാങ്കും ശാഖകള്‍ പൂട്ടുന്നത്.