ഗുവാഹത്തി: കേംബ്രിജ് സര്‍വകലാശാലയുടെ ഉന്നതാധികാര സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി. അസമിലെ ഒപി ജിന്‍ഡല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡീന്‍ ആയ പ്രഫസര്‍ ഉപാസന മഹന്തയാണ് കേംബ്രിജ് ഇന്റര്‍നാഷനലിന്റെ സ്ട്രാറ്റജിക് ഹയര്‍ എജ്യുക്കേഷന്‍ അഡൈ്വസറി കൗണ്‍സിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടത്. കേംബ്രിജിനു പുറമേ ഓക്‌സ്ഫഡ്, ടൊറന്റോ, മൊണാഷ് സര്‍വകലാശാലകള്‍, മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) എന്നിവയിലെ അംഗങ്ങള്‍ അടങ്ങുന്ന സമിതിയാണിത്.
ശിവസാഗര്‍ സ്വദേശിയായ ഉപാസന ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു, കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിലാണ് പഠിച്ചത്. നിയമം, സാമൂഹികനീതി, ലിംഗനീതി എന്നീ മേഖലകളില്‍ ശ്രദ്ധേയ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിഐഎസ്എസ്) ഫാക്കല്‍റ്റി അംഗമായും പ്രവര്‍ത്തിച്ചു.