പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കിയതില്‍ അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധം. പല്ലന്‍ ചാത്തന്നൂര്‍ സ്വദേശി അര്‍ജുനാണ് ജീവനൊടുക്കിയത്. ക്ലാസ് ടീച്ചര്‍ അര്‍ജുനെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബവും കുട്ടികളും പറഞ്ഞു. അതേസമയം കുട്ടിക്ക് വീട്ടില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സംഭവത്തില്‍ ക്ലാസ് ടീച്ചറായ ആശയെയും പ്രധാന അധ്യാപിക ലിസിയെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി.
കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍ വീട്ടില്‍ ജീവനൊടുക്കിയത് . പിന്നാലെ അര്‍ജുന്‍ പഠിക്കുന്ന കണ്ണാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബം രംഗത്ത് എത്തി. ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികള്‍ അയച്ച മെസ്സേജിനെ തുടര്‍ന്ന്, സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലില്‍ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു.
അധ്യാപിക സൈബര്‍ സെല്ലില്‍ വിളിച്ചതോടെ, അര്‍ജുന്‍ അസ്വസ്ഥനായിരുന്നു എന്ന് സഹപാഠി പറയുന്നു. അമ്മാവന്‍ തല്ലിയതിനെ തുടര്‍ന്നാണ് അര്‍ജുന്‍ മരിച്ചതെന്ന് മറ്റൊരു കുട്ടിയോട് ആശ പറഞ്ഞതായും സഹപാഠി ആരോപിക്കുന്നു. |