ലണ്ടന്‍: യുകെയിലെ വെസ്റ്റ് മിഡ്ലാന്‍ഡ്‌സില്‍ 20 വയസ്സുള്ള ഇന്ത്യന്‍ വംശജയായ യുവതിയെ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 32 വയസ്സുള്ള ബ്രിട്ടീഷ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെറി ബാര്‍ ഏരിയയില്‍ ഇന്ന് രാവിലെ യുകെ സമയം ഏഴിന് പ്രതിയെ പിടികൂടുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് പുറത്തുവിട്ട ചിത്രങ്ങളും വിഡിയോയുമാണ് പ്രതിയെ തിരിച്ചറിയാനും പിടികൂടാനും സഹായിച്ചത്. പ്രതിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.
ആക്രമിക്കപ്പെട്ടത് പഞ്ചാബി യുവതിയാണെന്ന് പ്രാദേശിക കമ്മ്യൂണിറ്റികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണമുണ്ട്. വെസ്റ്റ് മിഡ്ലാന്‍ഡ്‌സിലെ വാല്‍സാല്‍ പ്രദേശത്താണ് സംഭവം നടന്നത്.
''ഞെട്ടിക്കുന്ന ആക്രമണമാണിത്. പ്രതിയെ പിടികൂടാന്‍ സഹായിച്ച പൊതുജനങ്ങള്‍ക്ക് നന്ദി,'' എന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സിഖ് യുവതിക്ക് നേരെ നടന്ന സമാനതരം ആക്രമണത്തിന് പിന്നാലെയാണ് ഈ സംഭവം. ആ കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു.
യുവതി താമസിച്ചിരുന്ന വീടിന്റെ വാതില്‍ തകര്‍ത്താണ് അക്രമി അകത്തു കയറിയതെന്ന് സിഖ് സംഘടനകള്‍ ആരോപിച്ചു. വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസ് പരിധിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ യുവതികള്‍ക്കു നേരെ രണ്ട് ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉത്തരവാദികളെ അടിയന്തരമായി കണ്ടെത്തണമെന്ന് പ്രാദേശിക കമ്മ്യൂണിറ്റികളുടെ വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നു.