ലണ്ടന്‍: അടുത്ത മാസത്തെ യുകെ ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന കാര്യത്തില്‍ രാഷ്ട്രീയ തലത്തില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നു. ഇന്‍കം ടാക്സ് ഉള്‍പ്പെടെ നികുതികള്‍ ഉയര്‍ത്താന്‍ ധനകാര്യ സെക്രട്ടറി റീവ്സ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2 പെന്‍സ് വരെ വര്‍ദ്ധനയ്ക്ക് സാധ്യതയുണ്ടെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
30 ബില്ല്യണ്‍ പൗണ്ടിലേറെ ധനക്കമ്മി നേരിടുന്ന സാഹചര്യത്തില്‍ ഈ നീക്കങ്ങള്‍ അനിവാര്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ലേബര്‍ പ്രകടനപത്രികയില്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നികുതികള്‍ ഉയര്‍ത്തില്ലെന്ന വാഗ്ദാനം ലംഘിക്കപ്പെടുന്നതായി വിമര്‍ശനം ഉയരുന്നു.
പാര്‍ലമെന്റില്‍ പലവട്ടം ഈ വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക് പ്രധാനമന്ത്രിയോട് ചോദ്യം ഉന്നയിച്ചെങ്കിലും, സ്റ്റാര്‍മര്‍ പ്രതികരണം ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാഡെനോകിന്റെ ''വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ?'' എന്ന ചോദ്യത്തിന് കൃത്യമല്ലാത്ത മറുപടി നല്‍കാനാണ് സ്റ്റാര്‍മര്‍ ശ്രമിച്ചതെന്നും ആരോപണമുണ്ട്.
അതേസമയം, രാജ്യത്തിന്റെ സമ്പദ് ഘടന ശക്തമായ നിലയില്‍ തുടരുകയാണെന്നും, പ്രതിപക്ഷം ഉയര്‍ത്തുന്ന ആശങ്കകള്‍ അവഗണിക്കപ്പെടണമെന്നും റീവ്സ് വ്യക്തമാക്കി.
ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ പുതിയ കണക്ക് പ്രകാരം, യുകെയിലെ പ്രൊഡക്ടിവിറ്റി വളര്‍ച്ച 0.3 ശതമാനത്തിലേക്ക് കുറയുമെന്നാണ് പ്രവചനം.