| യുകെയില്‍ മക്കളെ സന്ദര്‍ശിക്കുവാനും പേരക്കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിലും ജ്ഞാന സ്നാനത്തിലും പങ്കുചേരുവാനുമായി നാട്ടില്‍ നിന്നെത്തിയ വേളയില്‍, ഹൃദായാഘാതം മൂലം നിര്യാതനായ സേവ്യര്‍ ഫിലിപ്പോസ് മരങ്ങാട്ടിന് (അപ്പച്ചന്‍കുട്ടി -73) നോര്‍വിച്ചില്‍ അന്ത്യവിശ്രമം ഒരുക്കുന്നു.
 അന്ത്യോപചാര തിരുക്കര്‍മ്മങ്ങളിലും സംസ്‌ക്കാര ശുശ്രുഷകളിലും ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ചാന്‍സലര്‍ ഡോ. മാത്യു പിണക്കാട്ട് സഹ കാര്‍മ്മികത്വം വഹിക്കുന്നതാണ്. സെന്റ് ജോര്‍ജ്ജ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ നടക്കുക. തിരുക്കര്‍മ്മങ്ങള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം നോര്‍വിച്ച് സിറ്റി സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തുന്നതാണ്.
 
 സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ നോര്‍വിച്ച് വികാരി ഫാ. ജിനു മുണ്ടുനടക്കല്‍ അന്ത്യോപചാര-സംസ്‌ക്കാര ശുശ്രൂഷകള്‍ക്കും അനുബന്ധ ചടങ്ങുകള്‍ക്കും അജപാലന നേതൃത്വം വഹിക്കും. ഫാ. ഡാനി മോളോപ്പറമ്പില്‍, ഫാ.ഫിലിഫ് പന്തമാക്കല്‍, ഫാ.ഇമ്മാനുവേല്‍ ക്രിസ്റ്റോ നെരിയാംപറമ്പില്‍, ഫാ. ജോസ് അഞ്ചാനിക്കല്‍ തുടങ്ങിയ വൈദികര്‍ സഹ കാര്‍മ്മികത്വം വഹിക്കുന്നതാണ്. കൂടാതെ സിറോ മലബാര്‍ വൈദികരും ക്നാനായ ജാക്കോബിറ്റ്, ഓര്‍ത്തഡോക്സ് വൈദികരും വിടവാങ്ങല്‍ ശുശ്രൂഷകളില്‍ സന്നിഹിതരാവും.
 
 കോട്ടയം തുരുത്തി സ്വദേശിയായ പരേതന്‍, ചങ്ങനാശ്ശേരി അതിരൂപതയിലെ, മര്‍ത്ത് മറിയം ഫൊറോനാ പള്ളി ഇടവകാംഗമാണ്. ഭാര്യ പരേതയായ ലിസമ്മ സേവ്യര്‍, തുരുത്തി, കരിങ്ങട കുടുംബാംഗം. അന്‍സ് സേവ്യര്‍, നോര്‍വിച്ചില്‍ താമസിക്കുന്ന അനിത, അമല, അനൂപ് എന്നിവര്‍ മക്കളും, ജിന്റ്‌റാ മാലത്തുശ്ശേരി (ഇഞ്ചിത്താനം), നോര്‍വിച്ചില്‍ താമസിക്കുന്ന ജെറീഷ് പീടികപറമ്പില്‍ (കുറിച്ചി), സഞ്ജു കൈനിക്കര (വലിയകുളം), സോണിയ നെല്ലിപ്പള്ളി (ളായിക്കാട്) എന്നിവര്‍ മരുമക്കളുമാണ്. പരേതനായ തങ്കച്ചന്‍ മരങ്ങാട്ട്, ആന്റണി ഫിലിപ്പ് (തുരുത്തി) എന്നിവര്‍ സഹോദരങ്ങളാണ്.
 
 പരേതന് അന്ത്യാജ്ഞലി അര്‍പ്പിക്കുന്നതിനും വിടയേകുന്നതിനുമായി ദേവാലയത്തില്‍ പൊതുദര്‍ശനം ക്രമീകരിക്കുന്നുണ്ട്.
 
 നാളെ (ബുധനാഴ്ച്ച) രാവിലെ 11:15ന് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ നോര്‍വിച്ചില്‍ ആരംഭിക്കുന്നതും പൊതുദര്‍ശനത്തിനു ശേഷം നോര്‍വിച്ച് സിറ്റി സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്.
 
 ദേവാലയത്തിന്റെ വിലാസം
 
 St George Catholic Church, Sprowston Road, Norwich, NR3 4HZ
 
 സെമിത്തേരിയുടെ വിലാസം
 
 Norwich City, (Earlham Cemetery), Farrow Road, NR5 8AH
 |