ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റ നയങ്ങളെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ, നേതാക്കളുടെ പ്രസ്താവനകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. കഴിഞ്ഞ മാസമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഷാഡോ ഹോംഓഫീസ് മന്ത്രിയായ കാറ്റി ലാം, പി.ആര്‍ (പര്‍മനന്റ് റെസിഡന്‍സി) സ്റ്റാറ്റസ് ഉള്ളവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ, പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്നോക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
'കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നുണ്ടെങ്കിലും, അതിന് മുന്‍കാല പ്രാബല്യം നല്‍കാന്‍ പാര്‍ട്ടിക്ക് ആഗ്രഹമില്ല,' കെമി ബെയ്ഡ്നോക്ക് ലണ്ടനില്‍ നടന്ന ഒരു പരിപാടിക്ക് ശേഷം വ്യക്തമാക്കി. കാറ്റി ലാമിന്റെ പ്രസ്താവനയ്ക്ക് വ്യക്തതയില്ലെന്നും, പി.ആര്‍ ഉള്ളവര്‍ ഇരയാകുമെന്ന ആശങ്ക ഒഴിവാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് കൈയ്യടി ലഭിക്കുന്ന കാലഘട്ടത്തിലാണ് ഈ വിവാദങ്ങള്‍ അരങ്ങേറുന്നത്. അതിനാല്‍ തന്നെ, നേതാക്കളുടെ നിലപാടുകള്‍ നയനിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാകുന്നു.