ന്യൂഡല്‍ഹി: ബ്രിട്ടീഷ് ബഹുരാഷ്ട്ര റീട്ടെയില്‍ ഭീമന്‍ മാര്‍ക്സ് ആന്‍ഡ് സ്പെന്‍സറുമായി (M&S) ബന്ധപ്പെട്ട ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം ?8,821 കോടി) കരാര്‍ അവസാനിപ്പിച്ചെന്ന യുകെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തള്ളി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). ഈ വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് കമ്പനി വ്യക്തമാക്കി.
സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് എം ആന്‍ഡ് എസ് ടിസിഎസുമായുള്ള കരാര്‍ അവസാനിപ്പിച്ചുവെന്നായിരുന്നു യുകെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍, ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, റിപ്പോര്‍ട്ടില്‍ നിരവധി തെറ്റായ വിവരങ്ങളുണ്ടെന്നും ടിസിഎസ് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കരാര്‍ എം ആന്‍ഡ് എസ്‌ന്റെ സര്‍വീസ് ഡെസ്‌ക് സേവനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഇത് 2025 ജനുവരിയില്‍ ആരംഭിച്ചതാണെന്നും ടിസിഎസ് വ്യക്തമാക്കി. എം ആന്‍ഡ് എസ്‌യുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഈ കരാറെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
2025 ഏപ്രിലിലെ സൈബര്‍ ആക്രമണത്തിന് മുമ്പ് തന്നെ എം ആന്‍ഡ് എസ് മറ്റ് ഐടി സേവനദാതാക്കളുമായി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും അതിനാല്‍ ഈ രണ്ട് സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നും ടിസിഎസ് വ്യക്തമാക്കി. സൈബര്‍ സുരക്ഷാ സേവനങ്ങള്‍ എം ആന്‍ഡ് എസ്‌ന് നല്‍കുന്നത് ടിസിഎസ് അല്ലെന്നും, മറ്റൊരു കമ്പനിയാണ് ഈ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി.
സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ടിസിഎസ് ആഭ്യന്തരമായി വിശദമായ പരിശോധന നടത്തിയിരുന്നുവെന്നും അതില്‍ യാതൊരു സുരക്ഷാ വീഴ്ചയും കണ്ടെത്താനായില്ലെന്നും കമ്പനി വ്യക്തമാക്കി. എം ആന്‍ഡ് എസ്‌യുടെ തന്ത്രപരമായ പങ്കാളിയെന്ന നിലയില്‍ നിരവധി മേഖലകളില്‍ ടിസിഎസ് സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും ഈ ദീര്‍ഘകാല പങ്കാളിത്തത്തില്‍ കമ്പനി അഭിമാനമുണ്ടെന്നും ടിസിഎസ് വ്യക്തമാക്കി.
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് എം ആന്‍ഡ് എസ്‌ന് 300 മില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടായെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ടിസിഎസുമായുള്ള കരാര്‍ പുതുക്കേണ്ടെന്ന തീരുമാനമെന്ന് യുകെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് ടിസിഎസ് ആവര്‍ത്തിച്ചു.