ലണ്ടന്‍: ബ്രിട്ടനില്‍ വാടക ചെലവുകള്‍ നിയന്ത്രണം വിട്ട അവസ്ഥയിലാണെന്ന് റെന്റേഴ്സ് റിഫോം കൊളീഷന്‍ മുന്നറിയിപ്പ് നല്‍കി. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് വരുമാനത്തിന്റെ ശരാശരി 44 ശതമാനം വരെ വാടകയ്ക്കായി ചെലവാകുന്ന സാഹചര്യമാണുള്ളത്. ഈ കയറ്റം, മോര്‍ട്ട്‌ഗേജ് എടുത്ത് സ്വന്തമായി വീട് വാങ്ങുന്നതാണ് കൂടുതല്‍ ലാഭകരമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്.
പുതിയ ഡാറ്റ പ്രകാരം, വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് ഉയരം കീഴടക്കിയതായി വ്യക്തമാകുന്നു. ലണ്ടനില്‍ വാടകയ്ക്ക് നല്‍കാനായി പരസ്യപ്പെടുത്തിയ വീടുകളുടെ ശരാശരി നിരക്ക് 2736 പൗണ്ടാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.6 ശതമാനമാണ് വര്‍ദ്ധനവ്. ലണ്ടനിന് പുറത്തുള്ള വീടുകള്‍ക്ക് ശരാശരി വാടക 1385 പൗണ്ടാണ്, 3.1 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2020ന് ശേഷം ഏറ്റവും കുറഞ്ഞ വാര്‍ഷിക വര്‍ദ്ധനവാണ് ഇത്.
ക്വാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ ലണ്ടനിന് പുറത്തുള്ള വാടക 20 പൗണ്ടിലേറെ ഉയര്‍ന്നതോടെ താമസക്കാര്‍ക്ക് സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് ശരാശരി വാടക ചെലവ് വരുമാനത്തിന്റെ 40 ശതമാനമായിരുന്നുവെങ്കിലും ഇപ്പോള്‍ അത് 44 ശതമാനമായി ഉയര്‍ന്നതും ആശങ്കാജനകമാണ്.
താങ്ങാനാകുന്ന താമസസ്ഥലങ്ങളുടെ കുറവ് വാടകക്കാര്‍ക്ക് കനത്ത സമ്മര്‍ദം സൃഷ്ടിക്കുന്നതായും, ഉയര്‍ന്ന വാടക മൂലം 25 ശതമാനത്തോളം ആളുകള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതായും റെന്റേഴ്സ് റിഫോം കൊളീഷന്‍ ഡയറക്ടര്‍ ടോം ഡാര്‍ലിംഗ് പറഞ്ഞു. റൈറ്റ്മൂവിന്റെ റെന്റല്‍ ട്രെന്‍ഡ്‌സ് ട്രാക്കറാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.