തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ലൈംഗികാരോപണ വിധേയനായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തതിനെ ചൊല്ലിയ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിലപാട് മാറ്റി. ഇത്തരം വിവാദങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെയുള്ള വലിയൊരു സമൂഹം പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ ആരോപണ വിധേയനായ വ്യക്തിയുടെ സാന്നിധ്യം അതൃപ്തിയും ആശങ്കയും ഉണ്ടാക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാഹുലിനെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്ന മന്ത്രിയുടെ നിലപാട് മണിക്കൂറുകള്‍ക്കകം മാറുകയായിരുന്നു.
''ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ല. എന്നാല്‍ പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ധാര്‍മിക ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതാണ്. കുട്ടികള്‍ക്ക് മാതൃകയാകേണ്ട വേദികളില്‍ ആരോപണ വിധേയരായവര്‍ സ്വമേധയാ വിട്ടുനില്‍ക്കുന്നതാണ് ഉചിതം'' - എന്നാണ് മന്ത്രിയുടെ പുതിയ നിലപാട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ നിലവില്‍ അന്വേഷണത്തിലാണെന്നും നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം പരിപാടികളില്‍ വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാര്‍മിക ചിന്തകളെയും പ്രതികൂലമായി ബാധിക്കാത്ത സാഹചര്യം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും പൊതുവിദ്യാഭ്യാസ മേഖലയിലെ അന്തസ്സും ഉന്നതതയും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.