തിരുവനന്തപുരം: പുതുവര്‍ഷ പുലരിയില്‍ തലസ്ഥാനത്ത് നടന്ന വന്‍ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം ഏഴ് പേര്‍ എംഡിഎംഎയുമായി പൊലീസ് പിടികൂടി. പൊലീസ് ജീപ്പില്‍ കാറിടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കണിയാപുരത്തെ വാടകവീട്ടില്‍ വളഞ്ഞാണ് പിടികൂടിയത്.
പിടിയിലായവരില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിയടക്കം രണ്ട് യുവതികളും ഒരു ഐടി ജീവനക്കാരനും ഉള്‍പ്പെടുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വിഘ്നേഷ്, ബിഡിഎസ് വിദ്യാര്‍ത്ഥിനി ഹലീന, അസീം, അവിനാശ്, അജിത്, അന്‍സിയ, ഹരീഷ് എന്നിവരെയാണ് ആറ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘം സംയുക്തമായി പിടികൂടിയത്. ഇവരില്‍ മൂന്ന് പേര്‍ക്ക് നേരത്തെ തന്നെ ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.
റോഡില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ സംഘം ജീപ്പില്‍ ഇടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ ലഹരി എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഇവരില്‍ നിന്ന് കഞ്ചാവ്, ഹൈബ്രിഡ് കഞ്ചാവ്, എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. പ്രൊഫഷണലുകള്‍ക്ക് ലഹരി എത്തിക്കുന്ന സംഘമാണ് പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി