ആലപ്പുഴ: മുസ്ലീം ലീഗിനെ കടന്നാക്രമിച്ചും, വിവാദ നിലപാട് ആവര്‍ത്തിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും വാര്‍ത്താസമ്മേളനത്തില്‍ രംഗത്തെത്തി. ശിവഗിരിയില്‍ മാധ്യമങ്ങളുമായുണ്ടായ തര്‍ക്കം ഉള്‍പ്പെടെ വിശദീകരിച്ച അദ്ദേഹം, തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു. ''ഞാന്‍ വിമര്‍ശിച്ചത് മുസ്ലീം ലീഗിനെയാണ്. പ്രശ്നാധിഷ്ഠിതമായ അഭിപ്രായങ്ങളാണ് പറഞ്ഞത്,'' വെള്ളാപ്പള്ളി വ്യക്തമാക്കി.
ലീഗ് ഭരണകാലത്ത് സാമൂഹ്യ നീതി നടപ്പാക്കിയില്ലെന്നും, മലപ്പുറത്ത് മുസ്ലീം സമുദായത്തിന് അനവധി കോളജുകള്‍ അനുവദിച്ചപ്പോള്‍ ഈഴവ സമുദായത്തിന് ഒരു എയ്ഡഡ് കോളജ് മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ''ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയോ എന്ന് ആത്മപരിശോധന നടത്തണം. മാറാട് കലാപം വീണ്ടും ഉണര്‍ത്താന്‍ ലീഗ് ശ്രമിക്കുന്നു,'' വെള്ളാപ്പള്ളി പറഞ്ഞു.
വര്‍ക്കലയില്‍ മാധ്യമപ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ''എന്റെ പ്രായം പോലും മാനിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ നടുറോഡില്‍ തടഞ്ഞു. ഞാന്‍ കയര്‍ത്ത മാധ്യമപ്രവര്‍ത്തകന്‍ എംഎസ്എഫുകാരനാണ്. ഇയാള്‍ തീവ്രവാദിയാണെന്ന വിവരം ലഭിച്ചിട്ടുണ്ട്,'' വെള്ളാപ്പള്ളി ആരോപിച്ചു.
സിപിഐക്കെതിരായ വിമര്‍ശനവും ആവര്‍ത്തിച്ച അദ്ദേഹം, ''തെരഞ്ഞെടുപ്പ് പരാജയം മുന്നണിയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. പുറത്ത് പറഞ്ഞ് വിവാദമുണ്ടാക്കുന്നത് ശരിയല്ല. പിന്നോക്കക്കാരുടെ പിന്തുണയാണ് ഇടതുപക്ഷത്തിന്റെ അടിത്തറ. ഇത് സിപിഐ മനസിലാക്കണം. ഞാന്‍ പിണറായിയുടെ ജിഹ്വയല്ല,'' എന്നും വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ വീണ്ടും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്