തൃശൂര്‍: 2026ന്റെ തുടക്കം അതിരപ്പിള്ളിയില്‍ എത്തിയ വിദേശസഞ്ചാരികള്‍ക്ക് വിസ്മയകരമായി. വെള്ളച്ചാട്ടം കാണാനെത്തിയ സ്വീഡന്‍ സ്വദേശിയായ ഗൂസ് ഓരിയവും സംഘവും, ഇംഗ്ലണ്ട് സ്വദേശി ഡൊണാള്‍ഡും സംഘവും, കാട്ടാനകള്‍ തനതുപരിസ്ഥിതിയില്‍ വിഹരിക്കുന്ന കാഴ്ച നേരിട്ട് കണ്ടു. ക്യാമറയില്‍ പകര്‍ത്തിയും മനസില്‍ നിറച്ചും അവര്‍ അനുഭവം ''അവിസ്മരണീയം'' എന്ന് വിശേഷിപ്പിച്ചു.
പുതുവത്സരാഘോഷത്തിനായി എത്തിയ ഇവര്‍ക്ക് കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം പുതിയ അനുഭവമായിരുന്നു. '2026ന്റെ തുടക്കം ഗംഭീരമായി,'' എന്നാണ് സഞ്ചാരികളുടെ പ്രതികരണം. അതിരപ്പിള്ളിയില്‍ ഒരുക്കിയ ഡിന്നറിന്റെ രുചിയെയും അവര്‍ പുകഴ്ത്തി.
പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് വെള്ളച്ചാട്ടം ശോഷിച്ചതോടെ സഞ്ചാരികള്‍ നിരാശരായിരുന്നെങ്കിലും, അതേ സമയം പ്രദേശത്ത് എത്തിയ കാട്ടാനക്കൂട്ടം അവര്‍ക്ക് സന്തോഷം സമ്മാനിച്ചു. സുരക്ഷിതമായി കാട്ടാനകളെ കാണാനായതോടെ നാട്ടുകാരും വിദേശസഞ്ചാരികളും ആവേശഭരിതരായി.
സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികളടക്കമുള്ളവരുടെ വലിയ തിരക്കാണ് വ്യാഴാഴ്ച അതിരപ്പിള്ളിയില്‍ അനുഭവപ്പെട്ടത്. നിരവധി ആനകളുടെ സാന്നിധ്യം പുതുവത്സരാഘോഷത്തിന് എത്തിയവര്‍ക്ക് വിസ്മയകരമായ അനുഭവമായി