ലണ്ടന്‍: അശ്ലീല ഉള്ളടക്കങ്ങള്‍ അടങ്ങിയ സൈറ്റുകളുടെ അമിത ഉപയോഗം യുകെയില്‍ ഗുരുതര സാമൂഹിക-ആരോഗ്യ പ്രശ്‌നമായി മാറുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം ഉപയോഗം ഗണ്യമായി വര്‍ധിച്ചതായി തെറാപ്പിസ്റ്റുകളുടെ സംഘടന അറിയിച്ചു.
ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി (BACP) നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 3,000 കൗണ്‍സിലര്‍മാരില്‍ 53 ശതമാനം പേരും, അശ്ലീല ഉപഭോഗം ജീവിതത്തെ നിയന്ത്രണാതീതമായി ബാധിച്ചതിനെ തുടര്‍ന്ന് സഹായം തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി വ്യക്തമാക്കി.
അമിതമായ ഉപയോഗം മൂലം പഠനം, ജോലി, കുടുംബബന്ധങ്ങള്‍, വ്യക്തിബന്ധങ്ങള്‍ എന്നിവ അവഗണിക്കപ്പെടുന്നതായും, ചിലര്‍ ശാരീരിക ലൈംഗിക പ്രശ്‌നങ്ങളുമായി പോലും ചികിത്സ തേടുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചിലരെ എന്‍എച്ച്എസ് ലൈംഗികാരോഗ്യ ക്ലിനിക്കുകള്‍ വഴിയാണ് തെറാപ്പിയിലേക്ക് റഫര്‍ ചെയ്യുന്നത്. മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമായി അശ്ലീല ഉള്ളടക്കം ഉപയോഗിക്കപ്പെടുമ്പോള്‍ പിന്നീട് അതിന് അടിമയായി മാറുന്ന സാഹചര്യം ഉണ്ടാകുന്നതായും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
അശ്ലീല ലഹരിയെക്കുറിച്ച് ദേശീയതലത്തിലുള്ള സമഗ്ര നയം അനിവാര്യമാണെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു. എല്ലാ പ്രായവിഭാഗങ്ങളെയും ബാധിക്കുന്ന ഈ പ്രശ്‌നത്തിന്റെ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തണമെന്നും, യുവാക്കളെ ലക്ഷ്യമിട്ട് ബോധവത്കരണവും ഇടപെടലും ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ലജ്ജയും അപമാനബോധവും കാരണം പലരും സഹായം തേടാതെ ഒറ്റപ്പെടുകയാണെന്നും, തുറന്ന ചര്‍ച്ചകളും പിന്തുണാ സംവിധാനങ്ങളും വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ പേര്‍ ചികിത്സ തേടാന്‍ മുന്നോട്ട് വരുമെന്നും തെറാപ്പിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. യുവതലമുറയും കൗമാരക്കാരും അശ്ലീല സൈറ്റുകളുടെ നീരാളിപ്പിടുത്തത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു