കൊച്ചി: മേയര്‍ പദവി സംബന്ധിച്ചുണ്ടായ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. മേയര്‍ വി.കെ. മിനിമോള്‍, തനിക്ക് മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭയുടെ പിന്തുണ ലഭിച്ചതായി നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ദീപ്തിയുടെ പ്രതികരണം.
''ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന നടത്തിയത് എന്ന് അവര്‍ തന്നെ വ്യക്തമാക്കട്ടെ. പ്രത്യേകമായ പരിഗണന കൊടുക്കുന്നത് അണ്‍കോണ്‍സ്റ്റിറ്റിയൂഷണലാണ്. അതെന്താണ് അവര്‍ പറഞ്ഞതെന്ന കാര്യം അവര്‍ തന്നെ വ്യക്തമാക്കണം. എനിക്ക് അതിനെക്കുറിച്ച് അറിയില്ല. എന്തിന് പറഞ്ഞു എന്നറിയില്ല. അവരോ അവരുമായി ബന്ധപ്പെട്ടവരോ അത് പറയട്ടെ,'' ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
കെപിസിസി മാനദണ്ഡങ്ങളുടെ കാര്യത്തില്‍ കെപിസിസി നേതൃത്വം തന്നെ തീരുമാനിക്കുമെന്നും, അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലെന്നും ദീപ്തി വ്യക്തമാക്കി.
അതേസമയം, ''താന്‍ മേയര്‍ പദവിയില്‍ എത്തിയത് ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം കൊണ്ടാണ്. അത് സമൂഹത്തില്‍ സമുദായത്തിന്റെ ശക്തമായ നിലപാടിന്റെ തെളിവാണ്. അര്‍ഹതയ്ക്ക് അപ്പുറമുള്ള പല സ്ഥാനങ്ങളും തീരുമാനിക്കുമ്പോള്‍ നമ്മുടെ സംഘടനാശക്തി ശബ്ദമുയര്‍ത്താന്‍ സാധിച്ചു എന്നതിന്റെ തെളിവാണ് ഇത്. തനിക്ക് വേണ്ടി പിതാക്കന്മാര്‍ സംസാരിച്ചുവെന്നും'' മിനിമോള്‍ പ്രസ്താവിച്ചിരുന്നു