Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ റിഫോം യുകെയിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂടുമാറ്റം; ടോറി-ലേബര്‍ പാര്‍ട്ടികള്‍ക്ക് തിരിച്ചടി
reporter

ലണ്ടന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെയിലേക്ക് മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ചേക്കേറല്‍ ശക്തമായി തുടരുന്നു. പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ഈ കുത്തൊഴുക്ക് സര്‍വസീമകളും ലംഘിച്ച് മുന്നേറുകയാണ്.

കണ്‍സര്‍വേറ്റീവ് നേതാക്കളുടെ ചേക്കേറല്‍

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നേതൃസ്ഥാനത്തേക്ക് വരെ മത്സരിച്ച പ്രമുഖര്‍ റിഫോം യുകെയിലേക്ക് ചേര്‍ന്നിട്ടുണ്ട്. മുന്‍ മന്ത്രി റോബര്‍ട്ട് ജെനറിക്കും മുന്‍ ചാന്‍സിലര്‍ നദീം സഹാവിയുമാണ് ഏറ്റവും പുതിയ ചേക്കേറല്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന റിഫോം യുകെ നേതാവ് നൈജല്‍ ഫെറാജിന്റെ വാക്കുകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഈ നീക്കങ്ങള്‍.

വിമര്‍ശനങ്ങള്‍ അസ്ഥാനത്താകുന്നു

ജനപിന്തുണ ഏറെയുണ്ടെങ്കിലും ഭരണപരിചയമുള്ള നേതാക്കളില്ലെന്നായിരുന്നു റിഫോം യുകെയ്‌ക്കെതിരേ ഉയര്‍ന്നിരുന്ന പ്രധാന വിമര്‍ശനം. വെറും ആള്‍ക്കൂട്ടമാണെന്നും ഓണ്‍ലൈന്‍ മെംബര്‍ഷിപ്പിലൂടെ അംഗസംഖ്യ ഉയര്‍ത്തിക്കാട്ടുകയാണെന്നും ലേബറും ടോറികളും ആരോപിച്ചിരുന്നു. എന്നാല്‍ മുന്‍ ചാന്‍സിലറും മുന്‍ മന്ത്രിമാരും എംപിമാരും ചേക്കേറുന്നതോടെ ഭരണപരിചയക്കുറവെന്ന വിമര്‍ശനം നിലനില്‍ക്കാനിടയില്ല. പാര്‍ട്ടിക്ക് ഭരണം കിട്ടിയാല്‍ മന്ത്രിസ്ഥാനം ഉറപ്പാണെന്ന ബോധ്യത്തിലാണ് പല നേതാക്കളുടെയും ചേക്കേറല്‍.

ലേബറില്‍ നിന്ന് കൊഴിഞ്ഞുപോക്ക്

ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പ്രമുഖ നേതാക്കള്‍ ഇനിയും റിഫോമിലേക്ക് ചേര്‍ന്നിട്ടില്ലെങ്കിലും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കുണ്ട്. ലേബറില്‍ നിന്നുള്ള ഒരു പ്രമുഖന്‍ ചൊവ്വാഴ്ച റിഫോമിലേക്ക് വരുമെന്ന് നൈജല്‍ ഫെറാജ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബ്രിട്ടിഷ് രാഷ്ട്രീയം. ലേബറിന്റെ നികുതി വര്‍ധനയും കുടിയേറ്റ വിഷയത്തിലെ ചഞ്ചലമായ നിലപാടുകളും പ്രവര്‍ത്തകരെ നിരാശരാക്കിയിട്ടുണ്ട്.

ഗ്രീന്‍ പാര്‍ട്ടിയുടെ നീക്കങ്ങള്‍

ലേബറില്‍ നിന്നുള്ള നിരാശരായ പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ യുവാക്കള്‍ക്ക് സൗജന്യ ബസ് യാത്ര പോലുള്ള ആകര്‍ഷക വാഗ്ദാനങ്ങളുമായി ഗ്രീന്‍ പാര്‍ട്ടിയും രംഗത്തുണ്ട്.

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍

ലേബര്‍-കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ കുത്തകയായിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ റിഫോം യുകെയും ഗ്രീന്‍ പാര്‍ട്ടിയും ചുവടുറപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍. പൊതുതെരഞ്ഞെടുപ്പ് മൂന്നു വര്‍ഷങ്ങള്‍ക്ക് അപ്പുറമാണെങ്കിലും തിരഞ്ഞെടുപ്പ് കാലത്തേതിന് സമാനമായ രാഷ്ട്രീയ മാറ്റങ്ങളാണ് ബ്രിട്ടനില്‍ നടക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ തിരിച്ചടി 14 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിറങ്ങിയ ടോറി പാര്‍ട്ടിക്കാണ്. ഭരണമില്ലായ്മയും ശക്തമായ നേതൃത്വത്തിന്റെ അഭാവവും മുതലെടുത്താണ് റിഫോം യുകെയുടെ കടന്നുകയറ്റം

 
Other News in this category

 
 




 
Close Window