Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വേണ്ട; 60 എംപിമാരുടെ പിന്തുണ; കത്ത് പരിഗണിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി
Text By: UK Malayalam Pathram
യുകെയില്‍ പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് 60 ല്‍ അധകം ലേബര്‍ എംപിമാര്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിന് തുറന്ന കത്ത് നല്‍കി. നിയന്ത്രണമില്ലാത്തതും കടുത്ത ആസക്തി ഉളവാക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ തുടര്‍ച്ചയായ സര്‍ക്കാരുകള്‍ പര്യാപ്തമായി നടപടിയെടുത്തിട്ടില്ലെന്നതാണ് കത്തിലെ മുഖ്യ ആരോപണം. ഡിസംബറില്‍ സമാനമായ നിരോധനം നടപ്പാക്കിയ ഓസ്‌ട്രേലിയയെ മാതൃകയാക്കി ബ്രിട്ടനും മുന്നോട്ട് പോകണമെന്നും, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, നോര്‍വേ, ന്യൂസിലാന്‍ഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഇത്തരമൊരു നീക്കം പരിഗണിക്കുകയാണെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ എല്ലാ വഴികളും പരിഗണനയിലാണ് എന്ന നിലപാടാണ് സ്റ്റാര്‍മര്‍ സ്വീകരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം, പഠനത്തിലെ ശ്രദ്ധക്കുറവ്, സാമൂഹികമായ ഒറ്റപ്പെടല്‍ തുടങ്ങിയ ആശങ്കകള്‍ നിരവധി വോട്ടര്‍മാര്‍ ഉന്നയിച്ചതായി എംപിമാര്‍ കത്തില്‍ പറയുന്നു. അടുത്ത ആഴ്ച ലോര്‍ഡ്സ് സഭയില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ച നിര്‍ദേശം പരിഗണനയ്ക്കെത്തും. സിനിമകളെപ്പോലെ പ്രായപരിധി അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് റേറ്റിംഗ് നല്‍കുക എന്നതാണ് ഈ നിര്‍ദേശം. ആസക്തി ഉളവാക്കുന്ന അല്‍ഗോരിതങ്ങളും അനുചിത ഉള്ളടക്കവും ഉള്ള പ്ലാറ്റ്ഫോമുകള്‍ 16 വയസിന് മുകളിലുള്ളവര്‍ക്കായി പരിമിതപ്പെടുത്തുകയും, അശ്ലീലമോ അക്രമങ്ങളോ ഉള്ളവയെ പൂര്‍ണമായും പ്രായപൂര്‍ത്തിയായവര്‍ക്കായി മാറ്റുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിനിടെ, അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അണ്ടര്‍-16 നിരോധനം നടപ്പാക്കുമെന്ന് കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡനോക് പ്രഖ്യാപിച്ചു.

അതേസമയം, 16 വയസിന് താഴെയുള്ളവര്‍ക്ക് സമ്പൂര്‍ണ സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തുന്നതിനെതിരെ ബാലാവകാശ സംഘടനകളും ഓണ്‍ലൈന്‍ സുരക്ഷാ പ്രവര്‍ത്തകരും രംഗത്തെത്തി. എന്‍എസ്പിസിസി, ചൈല്‍ഡ്‌നെറ്റ്, മൊളി റോസ് ഫൗണ്ടേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള 42 സംഘടനകളും വ്യക്തികളും ഇത് 'തെറ്റായ പരിഹാരമെന്ന്' അഭിപ്രായപ്പെട്ടു. നിരോധനം കുട്ടികള്‍ക്ക് വ്യാജ സുരക്ഷാബോധം സൃഷ്ടിക്കുകയും, അപകടങ്ങള്‍ മറ്റ് ഓണ്‍ലൈന്‍ മേഖലകളിലേക്ക് മാറാന്‍ ഇടയാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
 
Other News in this category

 
 




 
Close Window