Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ വ്യാജ രേഖകളിലൂടെ ജോലി നേടുന്നവരെതിരെ വന്‍ പരിശോധന
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ജോലി നേടുന്നതിനായി വ്യാജ പാസ്പോര്‍ട്ടുകളും വീസ രേഖകളും സ്‌പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച ആയിരക്കണക്കിന് ആളുകള്‍ കുടിയേറ്റ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. അടുത്തിടെ നടന്ന ഇമിഗ്രേഷന്‍ റെയ്ഡുകളില്‍ വന്‍തോതില്‍ വ്യാജരേഖകള്‍ പിടിച്ചെടുത്തതോടെയാണ് രാജ്യത്ത് ഇതുവരെ കണ്ട ഏറ്റവും വലിയ രേഖാപരിശോധനയ്ക്ക് ഹോം ഓഫിസ് തുടക്കമിട്ടത്.

യുകെയില്‍ ജോലി നേടാന്‍ തട്ടിപ്പുകാര്‍ പ്രധാനമായും മൂന്ന് രീതികളിലാണ് വ്യാജരേഖകള്‍ ഉപയോഗിക്കുന്നത്.

- ഷെയര്‍ കോഡ് തട്ടിപ്പ്: കെയര്‍ മേഖലയിലാണ് ഇത്തരം തട്ടിപ്പുകള്‍ കൂടുതലായി നടക്കുന്നത്. മറ്റൊരാളുടെ വിവരങ്ങള്‍ ഉപയോഗിച്ചോ സാങ്കേതികമായി കൃത്രിമം കാണിച്ചോ വ്യാജ ഷെയര്‍ കോഡുകള്‍ നിര്‍മ്മിക്കുന്നു.

- ബിആര്‍പി (BRP) തട്ടിപ്പ്: മോഷ്ടിച്ചതോ കാലഹരണപ്പെട്ടതോ ആയ ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റുകളില്‍ (BRP) ഫോട്ടോയും വിവരങ്ങളും മാറ്റി പുതിയ രേഖകള്‍ നിര്‍മ്മിക്കുന്നു.

- ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസ ദുരുപയോഗം: ഒരാള്‍ക്ക് നല്‍കിയ സ്‌പോണ്‍സര്‍ഷിപ് രേഖകള്‍ പല ഏജന്‍സികളും ഒന്നിലധികം ആളുകള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ വ്യാജരേഖ നല്‍കി ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് ഹോം ഓഫിസ് റദ്ദാക്കിത്തുടങ്ങി. അനധികൃതമായി ആളുകളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പിഴ കുത്തനെ കൂട്ടിയിട്ടുണ്ട്. ആദ്യമായി പിടിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ അനധികൃത തൊഴിലാളിക്കും £45,000 (ഏകദേശം 48 ലക്ഷം രൂപ) വരെയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ £60,000 വരെ ഉയരും. തൊഴിലാളികള്‍ വ്യാജരേഖ നല്‍കി എന്ന് തെളിഞ്ഞാല്‍ അവരെ ഉടന്‍ തടങ്കലിലാക്കുകയും നാടുകടത്തല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്യും.

ഹോം ഓഫിസിന്റെ പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ വ്യാജ രേഖകള്‍ കണ്ടെത്തുന്നത് കൂടുതല്‍ എളുപ്പമാകുമെന്ന് അധികൃതര്‍ അറിയിച്ചു. 2029ഓടെ ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുന്നതോടെ ഇത്തരം തട്ടിപ്പുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ

 
Other News in this category

 
 




 
Close Window