Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4548 INR  1 EURO=108.5305 INR
ukmalayalampathram.com
Thu 18th Jun 2026
 
 
Teens Corner
  Add your Comment comment
ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ വിവാഹദിനത്തില്‍ പ്രവാസി മലയാളികളായ വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വരനും പൈലറ്റും മരിച്ചു.
Text By: UK Malayalam Pathram
ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയില്‍നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയില്‍ ഫിജി ജോര്‍ജ് - ഫേബ ഫിജി ദമ്പതികളുടെ മകന്‍ ഡേവ് ഫിജി(26)യാണ് മരിച്ചത്. തലവടി ചുടുക്കാട്ടില്‍ ജെസ്വിന്‍ വില്ലയില്‍ സാം ഉമ്മന്‍ - ഷീല സാം ദമ്പതികളുടെ മകളാണ് പരുക്കേറ്റ ജെസ്‌നി സാം (25).

ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയില്‍ വെള്ളിയാഴ്ച രാത്രി 10.30ന് ആയിരുന്നു അപകടം. വിവാഹസത്കാരം കഴിഞ്ഞ് വധൂവരന്‍മാര്‍ റോബിന്‍സണ്‍ ആര്‍ 66 ഹെലികോപ്റ്ററില്‍ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹെലികോപ്ടര്‍ ഡോസണ്‍വില്ലയിലെ 24 മൗണ്ട് വെര്‍നണ്‍ ഡ്രൈവിന് സമീപാണ് തകര്‍ന്നുവീണത്. വിജന സ്ഥലമാണിത്. അപകടത്തേത്തുടര്‍ന്ന് ബോധരഹിതയായിപ്പോയ ജെസ്‌നി അഞ്ചുമണിക്കൂറോളം കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ വിവരം ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചറിയിക്കുകയായിരുന്നു.

രണ്ടു കുടുംബങ്ങളും വര്‍ഷങ്ങളായി യുഎസിലാണ് താമസം. അറ്റ്ലാന്റ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലി ചെയ്യുകയാണ് ഡേവ് ഫിജി. ഹെലികോപ്റ്റര്‍ പുറപ്പെട്ടശേഷം കാലാവസ്ഥ മോശമായതും മരച്ചില്ലയില്‍ തട്ടിയതുമാണ് അപകടകാരണമെന്നാണ് പ്രാഥമികവിവരം
.
തലവടി സ്വദേശിയായ സാമും കുടുംബവും കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയിലാണ് താമസം. രണ്ടു വര്‍ഷം മുന്‍പാണ് സാം നാട്ടില്‍ വന്നു മടങ്ങിയത്. മകന്റെ വിവാഹം 6 വര്‍ഷം മുന്‍പ് നാട്ടില്‍ നടത്തിയിരുന്നു. മകളുടെ വിവാഹം പ്രമാണിച്ച് ഇന്നലെ തലവടിയിലെ ടിപിഎം സഭാഹാളില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് ഒരുക്കിയിരുന്നു. ഈ ചടങ്ങ് മാറ്റിവച്ചതോടെയാണ് അപകടത്തെക്കുറിച്ച് നാട്ടില്‍ വിവരം ലഭിച്ചത്. അപകടത്തെക്കുറിച്ച് യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കളാഴ്ച വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും വ്യാഴാഴ്ച അറ്റ്ലാന്റയില്‍ നടക്കും.
 
Other News in this category

 
 




 
Close Window