ലണ്ടന്‍: ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇരുരാജ്യങ്ങളുടെയും വാഹന വിപണിയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. യുകെയില്‍ നിര്‍മിക്കുകയും കരാറിലെ ഉത്ഭവ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്ന കാറുകള്‍ക്ക് ഇന്ത്യയില്‍ ഇറക്കുമതി തീരുവ കുറയുന്നതിനൊപ്പം, ഇന്ത്യന്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹന നിര്‍മാതാക്കള്‍ക്ക് യുകെ വിപണിയില്‍ പുതിയ കയറ്റുമതി അവസരങ്ങളും ലഭിക്കും. ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന ചില പൂര്‍ണമായി നിര്‍മിച്ച കാറുകള്‍ക്ക് നിലവില്‍ 110 ശതമാനം വരെയുള്ള ഇറക്കുമതി തീരുവയാണ് ബാധകമായിരിക്കുന്നത്. കരാറിലെ നിശ്ചിത വാര്‍ഷിക ക്വാട്ടയ്ക്കുള്ളില്‍ ഈ തീരുവ അഞ്ചാം വര്‍ഷത്തോടെ 10 ശതമാനമായി കുറയും. എന്നാല്‍ എല്ലാ ബ്രിട്ടിഷ് കാറുകള്‍ക്കും ഒരേസമയം ഇളവ് ലഭിക്കില്ല. വാഹനത്തിന്റെ എന്ജിന് ശേഷി, ഇന്ധനവിഭാഗം, ഉത്ഭവരാജ്യം, വാര്‍ഷിക ക്വാട്ട എന്നിവയെ ആശ്രയിച്ചായിരിക്കും ആനുകൂല്യം.
ആദ്യവര്‍ഷത്തെ തീരുവയും ക്വാട്ടയും
കരാറിലെ ആദ്യവര്‍ഷ പട്ടിക പ്രകാരം ആകെ 20,000 പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കാണ് കുറഞ്ഞ തീരുവ ലഭിക്കുക. എന്നാല്‍ കരാര്‍ 2026 ജൂലൈ 15നാണ് പ്രാബല്യത്തില്‍ വരുന്നത് എന്നതിനാല്‍, ഈ വര്‍ഷത്തെ യഥാര്‍ഥ ക്വാട്ട ജൂലൈ 15 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ദിവസങ്ങളുടെ അനുപാതത്തില്‍ കുറയ്ക്കും. 3,000 സിസിക്ക് മുകളിലുള്ള പെട്രോള്‍ കാറുകള്‍ക്കും 2,500 സിസിക്ക് മുകളിലുള്ള ഡീസല്‍ കാറുകള്‍ക്കുമുള്ള സംയുക്ത ക്വാട്ട 10,000 യൂണിറ്റാണ്. ഈ വിഭാഗത്തിലെ തീരുവ 110 ശതമാനത്തില്‍നിന്ന് 30 ശതമാനമായി കുറയും. 1,500 സിസി മുതല്‍ 3,000 സിസി വരെയുള്ള പെട്രോള്‍ കാറുകള്‍ക്കും 2,500 സിസി വരെയുള്ള ഡീസല്‍ കാറുകള്‍ക്കുമായി 5,000 യൂണിറ്റിന്റെ ക്വാട്ട അനുവദിച്ചിട്ടുണ്ട്. ഇവയുടെ തീരുവ 66 ശതമാനത്തില്‍നിന്ന് 50 ശതമാനമായി കുറയും. 1,500 സിസി വരെയുള്ള ചെറിയ എന്‍ജിനുള്ള കാറുകള്‍ക്ക് മറ്റൊരു 5,000 യൂണിറ്റ് ക്വാട്ട ലഭിക്കും. ഈ വിഭാഗത്തിനും ആദ്യവര്‍ഷം 50 ശതമാനം തീരുവയാണ് ബാധകമാകുക.
അഞ്ചാം വര്‍ഷത്തില്‍ 37,000 കാറുകള്‍ക്ക് 10 ശതമാനം തീരുവ
രണ്ടാം വര്‍ഷം മുതല്‍ തീരുവയും ക്വാട്ടയും ഘട്ടംഘട്ടമായി മാറും. അഞ്ചാം വര്‍ഷം എത്തുമ്പോള്‍ മൂന്ന് പെട്രോള്‍-ഡീസല്‍ കാര്‍ വിഭാഗങ്ങളുടെയും ക്വാട്ടയ്ക്കുള്ളിലെ തീരുവ 10 ശതമാനമായി കുറയും. അഞ്ചാം വര്‍ഷത്തെ ആകെ വാര്‍ഷിക ക്വാട്ട 37,000 യൂണിറ്റായിരിക്കും. വലിയ എന്‍ജിനുള്ള വാഹനങ്ങള്‍ക്ക് 19,000 യൂണിറ്റും മറ്റു രണ്ടു വിഭാഗങ്ങള്‍ക്ക് 9,000 യൂണിറ്റ് വീതവുമാണ് അനുവദിച്ചിരിക്കുന്നത്. അതിനുശേഷം പെട്രോള്‍-ഡീസല്‍ കാറുകളുടെ വാര്‍ഷിക ക്വാട്ട ക്രമേണ കുറയും. പതിനഞ്ചാം വര്‍ഷം മുതല്‍ ആകെ ക്വാട്ട പ്രതിവര്‍ഷം 15,000 യൂണിറ്റായി നിജപ്പെടുത്തും. ഇതില്‍ വലിയ എന്‍ജിനുള്ള കാറുകള്‍ക്ക് 7,500 യൂണിറ്റും മറ്റു രണ്ടു വിഭാഗങ്ങള്‍ക്ക് 3,750 യൂണിറ്റ് വീതവുമാണ് ലഭിക്കുക. ക്വാട്ടയ്ക്കുള്ളിലെ തീരുവ 10 ശതമാനമായി തുടരും. കരാറിലെ ആദ്യ 15 വര്‍ഷത്തെ പൂര്‍ണ വാര്‍ഷിക ക്വാട്ടകള്‍ കൂട്ടിച്ചേര്‍ത്താല്‍ 3.78 ലക്ഷം പെട്രോള്‍-ഡീസല്‍ കാറുകള്‍ വരും. എന്നാല്‍ ആദ്യവര്‍ഷം പൂര്‍ണ കലണ്ടര്‍ വര്ഷമല്ലാത്തതിനാല് 2026ലെ യഥാര്‍ഥ ക്വാട്ട അനുപാതികമായി കുറയും.
ക്വാട്ടയ്ക്ക് പുറത്തുള്ള കാറുകള്‍ക്ക് ഉയര്‍ന്ന തീരുവ
10 ശതമാനം തീരുവ എല്ലാ ഇറക്കുമതി കാറുകള്‍ക്കും ബാധകമാകില്ല. നിശ്ചിത ക്വാട്ടയ്ക്കുള്ളിലെ വാഹനങ്ങള്‍ക്കാണ് ഏറ്റവും കുറഞ്ഞ നിരക്ക് ലഭിക്കുക. ക്വാട്ടയ്ക്ക് പുറത്തുള്ള വാഹനങ്ങള്‍ക്കും ചില വിഭാഗങ്ങളില്‍ ഘട്ടംഘട്ടമായ തീരുവക്കുറവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പത്താം വര്‍ഷത്തിനുശേഷവും വലിയ എന്‍ജിനുള്ള കാറുകള്‍ക്ക് 50 ശതമാനം വരെയും ചെറിയ കാറുകള്‍ക്ക് 45 ശതമാനം വരെയും തീരുവ ബാധകമാകും. അതിനാല്‍ ബ്രിട്ടിഷ് കാറുകളുടെ ഇന്ത്യന്‍ വിപണിവില തീരുവ 110 ശതമാനത്തില്‍നിന്ന് നേരിട്ട് 10 ശതമാനമായി കുറഞ്ഞതിനു തുല്യമായി ഇടിയുമെന്ന് കരുതാനാവില്ല. ചരക്ക്-ഇന്‍ഷുറന്‍സ് ഉള്‍പ്പെടുന്ന CIF മൂല്യം, ജിഎസ്ടി, ഗതാഗതച്ചെലവ്, വിനിമയനിരക്ക്, കമ്പനി വിലനിര്‍ണയം എന്നിവയും അന്തിമ വിലയെ സ്വാധീനിക്കും. ബ്രിട്ടിഷ് ഇലക്ട്രിക് കാറുകള്‍ക്ക് ആദ്യ അഞ്ചുവര്‍ഷം ഇളവില്ല
യുകെയില്‍നിന്നുള്ള ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജന്‍ പാസഞ്ചര്‍ കാറുകള്‍ക്ക് കരാറിന്റെ ആദ്യ അഞ്ചുവര്‍ഷം ഇന്ത്യ തീരുവ ഇളവ് നല്‍കില്ല. ആറാം വര്‍ഷം മുതല്‍ 40,000 പൗണ്ട് മുതല്‍ 80,000 പൗണ്ട് വരെ CIF മൂല്യമുള്ള വാഹനങ്ങള്‍ക്ക് 50 ശതമാനം തീരുവയില്‍ 400 യൂണിറ്റ് ക്വാട്ട ലഭിക്കും. 80,000 പൗണ്ടിന് മുകളിലുള്ള കാറുകള്‍ക്ക് 40 ശതമാനം തീരുവയില്‍ 4,000 യൂണിറ്റിന്റെ ക്വാട്ട അനുവദിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തീരുവ കുറയുകയും ക്വാട്ട വര്‍ധിക്കുകയും ചെയ്യും. പത്താം വര്‍ഷം മുതല്‍ ഈ രണ്ടു വിലവിഭാഗങ്ങളുടെയും ക്വാട്ടയ്ക്കുള്ളിലെ തീരുവ 10 ശതമാനമാകും. പതിനഞ്ചാം വര്‍ഷം മുതല്‍ 40,000-80,000 പൗണ്ട് വിഭാഗത്തിന് 2,000 യൂണിറ്റും 80,000 പൗണ്ടിന് മുകളിലുള്ള വിഭാഗത്തിന് 20,000 യൂണിറ്റുമായി ആകെ 22,000 വാഹനങ്ങളുടെ വാര്‍ഷിക ക്വാട്ടയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 40,000 പൗണ്ടില്‍ താഴെ CIF മൂല്യമുള്ള ബ്രിട്ടിഷ് ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജന്‍ കാറുകള്‍ക്ക് കരാറിന്റെ ഒരു ഘട്ടത്തിലും ഇന്ത്യ പ്രത്യേക തീരുവ ഇളവ് നല്‍കില്ല. ഇന്ത്യന്‍ കമ്പനികളുടെ കുറഞ്ഞ വിലയുള്ള ഇവി വിപണിയെ സംരക്ഷിക്കുന്നതിനാണ് ഈ വ്യവസ്ഥ.
ഇന്ത്യന്‍ ഇവികള്‍ക്ക് യുകെയില്‍ ഡ്യൂട്ടി-ഫ്രീ പ്രവേശനം
ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്ക് യുകെ വിപണിയില്‍ ലഭിക്കുന്ന അവസരവും ആറാം വര്‍ഷം മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ ഉത്ഭവിക്കുന്ന ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജന്‍ പാസഞ്ചര്‍ കാറുകള്‍ നിശ്ചിത ക്വാട്ടയ്ക്കുള്ളില്‍ തീരുവയില്ലാതെ യുകെയിലേക്ക് കയറ്റുമതി ചെയ്യാം. ആറാം വര്‍ഷം ആകെ 17,600 വാഹനങ്ങള്‍ക്കാണ് ഡ്യൂട്ടി-ഫ്രീ പ്രവേശനം ലഭിക്കുക. ഇതില്‍ 20,000 പൗണ്ടില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് 6,800 യൂണിറ്റും 20,000 മുതല്‍ 40,000 പൗണ്ട് വരെയുള്ള വാഹനങ്ങള്‍ക്ക് 6,800 യൂണിറ്റും 40,000 മുതല്‍ 80,000 പൗണ്ട് വരെയുള്ള വാഹനങ്ങള്‍ക്ക് 4,000 യൂണിറ്റുമാണ് ക്വാട്ട. പതിനഞ്ചാം വര്‍ഷം മുതല്‍ ആകെ വാര്‍ഷിക ക്വാട്ട 88,000 യൂണിറ്റായി ഉയരും. 20,000 പൗണ്ടില്‍ താഴെയുള്ള വാഹനങ്ങള്‍ക്കും 20,000-40,000 പൗണ്ട് വിഭാഗത്തിനും 34,000 യൂണിറ്റ് വീതവും 40,000-80,000 പൗണ്ട് വിഭാഗത്തിന് 20,000 യൂണിറ്റുമാണ് അനുവദിക്കുക. 80,000 പൗണ്ടിന് മുകളിലുള്ള ഇന്ത്യന്‍ ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജന്‍ കാറുകള്‍ക്ക് കരാറിന്റെ ഭാഗമായി യുകെ പ്രത്യേക തീരുവ ഇളവ് നല്‍കില്ല.
സീറോ എമിഷന്‍ ഇരുചക്ര വാഹനങ്ങള്‍ ഒഴിവാക്കി
യുകെയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് അല്ലെങ്കില്‍ ഹൈഡ്രജന്‍ ഇരുചക്ര വാഹനങ്ങള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവയ്ക്ക് കരാറിന്റെ ഭാഗമായി ഇന്ത്യ തീരുവക്കുറവ് നല്‍കില്ലെന്ന് രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കരാറിലെ വാഹന ഇളവുകള്‍ പ്രധാനമായും പാസഞ്ചര്‍ കാറുകള്‍ക്കാണ് ബാധകമാകുന്നത്. ഇലക്ട്രിക് സ്കൂട്ടറുകള്, ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍, സീറോ എമിഷന്‍ ബസുകള്‍, ട്രക്കുകള്‍ എന്നിവ നിലവിലുള്ള ഇന്ത്യന്‍ തീരുവ വ്യവസ്ഥകള്‍ക്ക് വിധേയമായി തുടരും. പുതിയ കരാര്‍ ബ്രിട്ടിഷ് ആഡംബര കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ അവസരം നല്കുമ്പോള്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് യുകെയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ സാന്നിധ്യം വിപുലീകരിക്കാനുള്ള സാധ്യതയും തുറന്നിടുന്നു. എന്നാല്‍ യഥാര്‍ഥ വിലക്കുറവും വ്യാപാര നേട്ടവും കമ്പനികള്‍ ക്വാട്ട എത്രത്തോളം ഉപയോഗിക്കുന്നു, വാഹനങ്ങള്‍ ഉത്ഭവ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ, വിപണി ആവശ്യകത എത്രയുണ്ട് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.