ലണ്ടന്‍: യുകെയില്‍ ഈ ആഴ്ച റെക്കോര്‍ഡ് ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും തെക്കന്‍, മധ്യ മേഖലകളില്‍ അതിതീവ്രമായ ചൂടും ഉയര്‍ന്ന ഈര്‍പ്പവും അനുഭവപ്പെടുമെന്നാണ് പ്രവചനം. തിങ്കളാഴ്ച തെക്കന്‍ ഇംഗ്ലണ്ടില്‍ താപനില 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. ചൊവ്വാഴ്ച ചില പ്രദേശങ്ങളില്‍ 37 ഡിഗ്രിയും തെക്കുകിഴക്കന്‍ വെയില്‍സില്‍ 35 ഡിഗ്രിയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലായിരിക്കും ചൂടിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. ഈ ദിവസങ്ങളില്‍ പരമാവധി താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. യുകെയില്‍ ജൂണ്‍ മാസത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 35.6 ഡിഗ്രി സെല്‍ഷ്യസാണ്. 1957ല്‍ ലണ്ടനിലെ കാംഡന്‍ സ്‌ക്വയറിലും 1976ല്‍ സൗത്താംപ്ടണിലുമാണ് ഈ താപനില രേഖപ്പെടുത്തിയത്. നിലവിലെ പ്രവചനം യാഥാര്‍ഥ്യമായാല്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജൂണ്‍ മാസത്തെ റെക്കോര്‍ഡ് മറികടന്നേക്കും.
രാത്രിയിലും ചൂടിന് ശമനമുണ്ടാകില്ല
പകല്‍ മാത്രമല്ല, രാത്രിയിലും കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ ഇംഗ്ലണ്ടിലെ നഗരപ്രദേശങ്ങളില്‍ തുടര്‍ച്ചയായ രാത്രികളില്‍ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്താതിരിക്കാം. ഇത്തരത്തിലുള്ള രാത്രികളെയാണ് കാലാവസ്ഥാ ശാസ്ത്രത്തില്‍ 'ട്രോപ്പിക്കല്‍ നൈറ്റ്‌സ്' എന്നു വിശേഷിപ്പിക്കുന്നത്. ഉയര്‍ന്ന ഈര്‍പ്പം കൂടി അനുഭവപ്പെടുന്നതിനാല്‍ രേഖപ്പെടുത്തുന്ന താപനിലയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാം. രാത്രിയില്‍ ശരീരത്തിന് ആവശ്യമായ വിശ്രമവും തണുപ്പും ലഭിക്കാത്തത് ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ദീര്‍ഘകാല രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. എന്നാല്‍ ഇത്തവണത്തെ ചൂട് ദുര്‍ബല വിഭാഗങ്ങളെ മാത്രമല്ല, പൊതുജനങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
വിവിധ മേഖലകളില്‍ ആംബര്‍ മുന്നറിയിപ്പ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നിരവധി പ്രദേശങ്ങളില്‍ മെറ്റ് ഓഫീസ് ആംബര്‍ തീവ്രചൂട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ചൂട് ആരോഗ്യസംവിധാനം, ഗതാഗതം, വൈദ്യുതി-ജലവിതരണം, തൊഴില്‍ക്രമം തുടങ്ങിയ മേഖലകളെ ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. റോഡ്, റെയില്‍, വിമാനയാത്രകളില്‍ കാലതാമസമുണ്ടാകാനും ചൂട് ബാധിക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ തകരാറിലാകാനും സാധ്യതയുണ്ട്. കടല്‍ത്തീരങ്ങള്‍, തടാകങ്ങള്‍, നദികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ജലസുരക്ഷയിലും അതീവ ശ്രദ്ധ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കടുത്ത ചൂടാണെങ്കിലും കടലിലെയും നദികളിലെയും ജലം ഇപ്പോഴും തണുപ്പായിരിക്കാം. പെട്ടെന്ന് വെള്ളത്തിലേക്ക് ചാടുന്നത് 'കോള്‍ഡ് വാട്ടര്‍ ഷോക്ക്' ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഉച്ചയ്ക്ക് 11 മുതല്‍ മൂന്നുവരെ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണം
കടുത്ത ചൂടിനെ നേരിടാന്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പും മെറ്റ് ഓഫീസും നിര്‍ദേശിച്ചു. ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് മൂന്നുവരെ നേരിട്ടുള്ള വെയിലില്‍ കഴിയുന്നതും കഠിനമായ വ്യായാമവും പരമാവധി ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കുക, പുറത്തുപോകുമ്പോള്‍ വെള്ളം കൈയില്‍ കരുതുക, ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, സണ്‍സ്‌ക്രീനും വീതിയുള്ള തൊപ്പിയും ഉപയോഗിക്കുക തുടങ്ങിയ മുന്‍കരുതലുകളും സ്വീകരിക്കണം. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന മുറികളിലെ കര്‍ട്ടനുകള്‍ അടച്ചിടുകയും രാത്രിയില്‍ സുരക്ഷിതമായ സാഹചര്യത്തില്‍ വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. തലകറക്കം, അമിതമായ ക്ഷീണം, തലവേദന, ഛര്‍ദി, ആശയക്കുഴപ്പം, അമിത വിയര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തണലുള്ള സ്ഥലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യണം. ആരോഗ്യനിലയില്‍ ആശങ്കയുണ്ടെങ്കില്‍ എന്‍എച്ച്എസ് 111 സേവനവുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച മുതല്‍ ചൂട് നേരിയ തോതില്‍ കുറയും വെള്ളിയാഴ്ച മുതല്‍ ചില പ്രദേശങ്ങളില്‍ താപനില നേരിയ തോതില്‍ കുറയുമെന്നാണ് പ്രവചനം. എന്നാല്‍ കിഴക്കന്‍ മേഖലകളില്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് തുടരാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറന്‍ മേഖലകളില്‍നിന്ന് താരതമ്യേന തണുത്ത കാലാവസ്ഥ എത്തുന്നതോടെ ആഴ്ചാവസാനത്തില്‍ ചില സ്ഥലങ്ങളില്‍ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. എന്നിരുന്നാലും താപനില ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യത. ചൂടിന്റെ ദൈര്‍ഘ്യത്തിലും തീവ്രതയിലും ഇനിയും മാറ്റമുണ്ടാകാമെന്നതിനാല്‍ പൊതുജനങ്ങള്‍ പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിരന്തരം പരിശോധിക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.