ലണ്ടന്‍: റെക്കോര്‍ഡ് ചൂടിനും നീണ്ടുനിന്ന മഴക്കുറവിനും പിന്നാലെ ഇംഗ്ലണ്ടിന്റെ പകുതിയിലേറെ പ്രദേശങ്ങളില്‍ ഔദ്യോഗികമായി വരള്‍ച്ച പ്രഖ്യാപിച്ചു. ഹോസ്പൈപ്പ് നിരോധനം വ്യാപിപ്പിച്ചതിനു പിന്നാലെയാണ് പരിസ്ഥിതി ഏജന്‍സി ഏഴ് പ്രധാന മേഖലകളെ വരള്‍ച്ചബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈസ്റ്റ് ആംഗ്ലിയ, ലണ്ടന്‍ ഉള്‍പ്പെടുന്ന ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ മേഖല, തേംസ് വാലി, ഹാംഷയര്‍-ഐല്‍ ഓഫ് വൈറ്റ്, ഡെവണ്‍-കോണ്‍വാള്‍, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, ഡോര്‍സെറ്റ്, സോമര്‍സെറ്റ്, വില്‍റ്റ്ഷയര്‍, സൗത്ത് ഗ്ലോസ്റ്റര്‍ഷയര്‍ എന്നിവ ഉള്‍പ്പെടുന്ന വെസെക്‌സ് മേഖല എന്നിവിടങ്ങളിലാണ് വരള്‍ച്ച പ്രഖ്യാപിച്ചത്. ഹോസ്പൈപ്പ് നിയന്ത്രണത്തിന്റെ ഭാഗമായി തോട്ടങ്ങള്‍ നനയ്ക്കുന്നതിനും വാഹനങ്ങള്‍ കഴുകുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ രണ്ടുകോടിയിലേറെ ആളുകള്‍ നിയന്ത്രണത്തിന്റെ പരിധിയിലാണ്. വരള്‍ച്ച പ്രഖ്യാപിച്ചതോടെ ജലസംരക്ഷണ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
നദികളിലെ ജലനിരപ്പ് താഴുക, വിളവെടുപ്പ് നേരത്തേയാക്കേണ്ടിവരിക, കാട്ടുതീ സാധ്യത വര്‍ധിക്കുക തുടങ്ങിയ പ്രത്യാഘാതങ്ങള്‍ ഇതിനകം പ്രകടമാണെന്ന് പരിസ്ഥിതി ഏജന്‍സി അറിയിച്ചു. ചൂടും വരണ്ട കാലാവസ്ഥയും തുടരുന്നതിനാല്‍ പ്രകൃതിക്ക് ജലശേഖരം പുനഃനിറയ്ക്കാന്‍ കഴിയുന്നതിനെക്കാള്‍ വേഗത്തിലാണ് വെള്ളം ഉപയോഗിക്കുന്നതെന്ന് ദേശീയ വരള്‍ച്ച സംഘത്തിന്റെ അധ്യക്ഷയും പരിസ്ഥിതി ഏജന്‍സിയിലെ ജലവിഭാഗം ഡയറക്ടറുമായ ഹെലന്‍ വേക്ക്ഹം പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലഭിച്ച കനത്ത മഴ ജലസംഭരണികളും ഭൂഗര്‍ഭജലവും നിറയാന്‍ സഹായിച്ചിരുന്നു. എന്നാല്‍ പിന്നീട് നീണ്ടുനിന്ന ചൂടും മഴക്കുറവും കാരണം ജലശേഖരം അതിവേഗം കുറഞ്ഞു. ജൂലൈയില്‍ ഇംഗ്ലണ്ടില്‍ ലഭിച്ചത് സാധാരണ ലഭിക്കേണ്ട മഴയുടെ ഏഴ് ശതമാനം മാത്രമാണ്. തെക്കന്‍ ഇംഗ്ലണ്ടില്‍ ഇത് ഒരു ശതമാനത്തോളം മാത്രമായിരുന്നു.
പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാമാറ്റത്തെ 'ഫ്‌ലാഷ് ഡ്രൗട്ട്' എന്നാണ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ കടുത്ത ചൂടും മഴക്കുറവും മൂലം മണ്ണിലെയും ജലസ്രോതസ്സുകളിലെയും ഈര്‍പ്പം വേഗത്തില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഫ്‌ലാഷ് ഡ്രൗട്ട്. വരള്‍ച്ച ഭക്ഷ്യോല്‍പാദനം കൂടുതല്‍ ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാക്കുന്നുവെന്ന് നാഷനല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. നദികളിലെ ഒഴുക്ക് കുറഞ്ഞത് സാല്‍മണ്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളുടെ സഞ്ചാരത്തെയും ബാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലും വെയില്‍സിലുമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരുന്നൂറിലേറെ കാട്ടുതീ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് താപനില ഉയരുന്നത് ഭാവിയില്‍ ഇത്തരം വരള്‍ച്ചകളുടെ സാധ്യതയും തീവ്രതയും വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.