ലണ്ടന്‍: ഇംഗ്ലണ്ടിലെ സഫോക് കൗണ്ടിയിലെ ഡണ്‍വിച് ഹീത്ത് മേഖലയില്‍ കാട്ടുതീ വ്യാപകമായി പടര്‍ന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അധികൃതര്‍ 'മേജര്‍ ഇന്‍സിഡന്റ്' പ്രഖ്യാപിച്ചു. സഫോക് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ നിരവധി ഫയര്‍ എന്‍ജിനുകളും തൊണ്ണൂറിലേറെ അഗ്‌നിശമനസേനാംഗങ്ങളും സ്ഥലത്ത് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീ നിയന്ത്രണവിധേയമാക്കുന്നതിന് വെല്ലുവിളിയാകുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിത്തം സമീപത്തെ ക്ലിഫ് ഹൗസ് ഹോളിഡേ പാര്‍ക്കിലേക്ക് വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് അവിടെയുള്ള ഏകദേശം 200 കാരവനുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. സമീപത്തെ ചില വീടുകളിലുള്ളവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അത്യാവശ്യ സാധനങ്ങള്‍ മാത്രം എടുത്താണ് പലര്‍ക്കും വീടുവിട്ടിറങ്ങേണ്ടിവന്നതെന്ന് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈസ്വെല്‍ ബി ആണവനിലയത്തില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് തീപിടിത്തമുണ്ടായത്. എന്നാല്‍ നിലവില്‍ ആണവനിലയത്തിന് ഭീഷണിയില്ലെന്നും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഡണ്‍വിച് ഹീത്തും ആര്‍എസ്പിബി മിന്‍സ്മിയര്‍ പ്രകൃതിസംരക്ഷണ കേന്ദ്രവും സന്ദര്‍ശകര്‍ക്കായി താല്‍ക്കാലികമായി അടച്ചു. പ്രദേശത്തേക്കുള്ള ചില റോഡുകളില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുക വ്യാപിക്കുന്ന മേഖലകളിലുള്ളവര്‍ വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്നും അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അടിയന്തരസേവനങ്ങളുടെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ പൊതുജനങ്ങള്‍ പ്രദേശത്തുനിന്ന് വിട്ടുനില്‍ക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങളില്‍ ഉയര്‍ന്ന താപനിലയും വരണ്ട കാലാവസ്ഥയും തുടരുമെന്നതിനാല്‍ തീ കൂടുതല്‍ പടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. തീ പൂര്‍ണമായി നിയന്ത്രണവിധേയമാകുന്നതുവരെ പ്രദേശത്ത് അതീവജാഗ്രത തുടരുമെന്ന് ഫയര്‍ സര്‍വീസ് അറിയിച്ചു.