ലണ്ടന്‍: ഇംഗ്ലണ്ടിലെ നഗരപ്രദേശങ്ങളിലെ മേയര്‍മാര്‍ക്ക് ആദ്യമായി ആദായനികുതി വരുമാനത്തിന്റെ ഒരു വിഹിതം നല്‍കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണെം. വെസ്റ്റ്മിന്‍സ്റ്ററില്‍ കേന്ദ്രീകരിച്ചിരിക്കുന്ന സാമ്പത്തിക അധികാരം പ്രാദേശിക ഭരണകൂടങ്ങളിലേക്ക് കൈമാറുന്നതിനുള്ള നിര്‍ണായക നടപടിയായാണ് പ്രഖ്യാപനത്തെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ സ്ട്രാറ്റജിക് അതോറിറ്റികളിലെ മേയര്‍മാര്‍ക്ക് സ്വന്തം പ്രദേശങ്ങളില്‍നിന്ന് ലഭിക്കുന്ന ബിസിനസ് റേറ്റ്‌സിന്റെ ഒരു ഭാഗം നിലനിര്‍ത്താനും അനുമതി നല്‍കും. ഭവനനിര്‍മാണം, പൊതുഗതാഗതം, തൊഴില്‍പരിശീലനം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലും മേയര്‍മാര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും. പദ്ധതിപ്രകാരം 2027 ഏപ്രില്‍ മുതല്‍ മെട്രോ മേയര്‍മാര്‍ക്ക് ബിസിനസ് റേറ്റ്‌സ് വരുമാനത്തിന്റെ ഒരു വിഹിതം നിലനിര്‍ത്താം. 2028 ഏപ്രില്‍ മുതല്‍ ആദായനികുതി വരുമാനത്തിന്റെ ഒരു ഭാഗവും ലഭിക്കും. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റുകളെ പ്രധാനമായി ആശ്രയിക്കുന്ന പ്രാദേശിക ധനസഹായ സംവിധാനത്തിന് പകരമായാണ് പുതിയ രീതി കൊണ്ടുവരുന്നത്. മേയര്‍മാര്‍ക്ക് നല്‍കേണ്ട ആദായനികുതി വിഹിതം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഒരു പ്രദേശത്തുനിന്ന് ഈടാക്കുന്ന അടിസ്ഥാന ആദായനികുതിയിലെ ഓരോ പൗണ്ടില്‍നിന്നും 2.5 പെന്‍സ് മേയര്‍മാര്‍ക്ക് നല്‍കാമെന്ന ശുപാര്‍ശയാണ് പരിഗണനയിലുള്ളത്. ധനമന്ത്രി ജോണ്‍ ഹീലി ശരത്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
പുതിയ സംവിധാനം നടപ്പാക്കിയാലും ആദായനികുതി നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. £12,571 മുതല്‍ £50,270 വരെയുള്ള വരുമാനത്തിന് ബാധകമായ 20 ശതമാനം അടിസ്ഥാന നികുതിനിരക്ക് തുടരും. പ്രാദേശിക സമ്പദ്വ്യവസ്ഥ വികസിപ്പിച്ച് നികുതിവരുമാനം ഉയര്‍ത്തുന്ന മേയര്‍മാര്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്ന രീതിയിലായിരിക്കും സംവിധാനം. ''ഒരു പ്രദേശത്തുനിന്ന് സമാഹരിക്കുന്ന നികുതിയുടെ കൂടുതല്‍ വിഹിതം അതേ പ്രദേശത്തിന്റെ വികസനത്തിനായി നിലനിര്‍ത്തും,'' ബേണെം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അധികാരം തിരികെയെത്തിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമാണിതെന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കാന്‍ പ്രാദേശിക നേതാക്കളാണ് കൂടുതല്‍ അനുയോജ്യരെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായിരുന്ന കാലംമുതല്‍ നികുതിവരുമാനത്തില്‍ കൂടുതല്‍ പ്രാദേശിക നിയന്ത്രണം വേണമെന്ന് ബേണെം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായശേഷം നടത്തിയ അധികാരവികേന്ദ്രീകരണ പ്രസംഗത്തിലും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അധികാര പുനര്‍വിതരണം നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക സഹകരണ വികസന സംഘടനയുടെ കണക്കുകള്‍ പ്രകാരം യുകെയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ നിയന്ത്രിക്കുന്നത് ദേശീയ നികുതിവരുമാനത്തിന്റെ 5.8 ശതമാനം മാത്രമാണ്. ജി7 രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫ്രാന്‍സില്‍ ഇത് 20.4 ശതമാനവും ജപ്പാനില്‍ 36 ശതമാനവും അമേരിക്കയില്‍ 45.7 ശതമാനവുമാണ്.
അതേസമയം, പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമല്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിമര്‍ശിച്ചു. പുതിയ പണമൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും നികുതി വര്‍ധിപ്പിക്കുകയോ കൂടുതല്‍ കടമെടുക്കുകയോ കേന്ദ്രസര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യാതെ പദ്ധതി നടപ്പാക്കാനാകില്ലെന്നും ഷാഡോ ചാന്‍സലര്‍ സര്‍ മെല്‍ സ്‌ട്രൈഡ് പറഞ്ഞു. നികുതിവരുമാനം കുറവുള്ള പിന്നാക്ക മേഖലകള്‍ക്ക് പദ്ധതി തിരിച്ചടിയാകാമെന്നും അത് അധികാരവികേന്ദ്രീകരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരെ പ്രാദേശിക മേഖലകളില്‍ പാര്‍പ്പിക്കുന്ന കാര്യത്തിലും തീരുമാനാധികാരം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നല്‍കണമെന്ന് റിഫോം യുകെ നേതാവ് സിയ യൂസഫ് ആവശ്യപ്പെട്ടു. വെസ്റ്റ് യോര്‍ക്ഷയര്‍ മേയര്‍ ട്രേസി ബ്രാബിന്‍ പദ്ധതിയെ സ്വാഗതം ചെയ്തു. ആദായനികുതിയുടെ വിഹിതം പ്രാദേശിക വികസനത്തിന് വിനിയോഗിക്കാന്‍ കഴിയുന്നത് പൊതുഗതാഗതം, തൊഴില്‍, നൈപുണ്യവികസനം തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവര്‍ പറഞ്ഞു. നികുതി കുറയ്ക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് ടീസ് വാലി കണ്‍സര്‍വേറ്റീവ് മേയര്‍ ബെന്‍ ഹൗച്ചന്‍ പ്രതികരിച്ചു. ആദായനികുതി വിഹിതം ലഭിച്ചാല്‍ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന റിബേറ്റ് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതിവരുമാനം കുറഞ്ഞ പ്രദേശങ്ങള്‍ക്ക് ധനനഷ്ടമുണ്ടാകാതിരിക്കാന്‍ പ്രത്യേക സമവല്‍ക്കരണ സംവിധാനം കൊണ്ടുവരുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അധികാരവികേന്ദ്രീകരണത്തിന്റെ സമഗ്ര നയരേഖ ശരത്കാല ബജറ്റിനൊപ്പം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.